അറബ് ടോപ് സ്കോറർ; സാമി അൽ ജാബിറിന്റെ റെക്കോഡ് നിലനിർത്തി സാലിം അൽ ദോസരിയും വഹ്ബി ഖസ്​രിയും

റിയാദ്: 2006ലെ ലോകകപ്പോടെ മൂന്ന് ഗോളുകൾ നേടി 'അറബ് ടോപ് സ്കോറർ' സ്ഥാനം കരസ്ഥമാക്കിയ സൗദി താരം സാമി അൽജാബിറിന്റെ റെക്കോഡ് ഈ ലോക കപ്പിൽ നിലനിർത്തിയത് സൗദിയുടെ സാലിം അൽ ദോസരിയും ടുണീഷ്യയുടെ വഹ്ബി ഖസ്​രിയും.

കഴിഞ്ഞ ബുധനാഴ്ച വ്യത്യസ്ത സമയങ്ങളിൽ നടന്ന മത്സരങ്ങളോടെയാണ് ഇരുവരും മൂന്ന് ലോകകപ്പ് ഗോളുകൾ വീതം പൂർത്തിയാക്കി മുൻ സൗദി താരം സാമി അൽ ജാബിറിന്റെ റെക്കോഡ് പങ്കിട്ടത്. സൗദി അറേബ്യയുടെ ഏറ്റവും മികച്ച ഫുട്ബാൾ കളിക്കാരനായ അൽ ജാബിർ 2006 ലോകകപ്പിന് ശേഷമാണ് മൂന്ന് ഗോളുകളുമായി ലോകകപ്പിലെ ടോപ് അറബ് സ്കോറർ എന്ന സ്ഥാനം കരസ്ഥമാക്കിയത്.

1994ലെ യു.എസ് ലോകകപ്പിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും 1998 ഫ്രാൻസ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2006 ജർമനി ലോകകപ്പിൽ തുനീസ്യക്കെതിരെയും അദ്ദേഹം ഓരോ ഗോൾ വീതം നേടി.

1992 മുതൽ 2006 വരെ 156 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടിയ അൽ ജാബിർ സൗദി അറേബ്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അന്താരാഷ്ട്ര ഗോൾ സ്‌കോററാണ്.

അൽ ഹിലാൽ മുൻ സ്‌ട്രൈക്കറായ അൽ ജാബിർ തുടർച്ചയായി നാല് ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ കളിച്ചു. 2018 ലോകകപ്പിൽ ഈജിപ്തിനെതിരെ ഒരു ഗോളും ഈ ലോകകപ്പിൽ ചൊവ്വാഴ്ച അർജന്റീനയ്‌ക്കെതിരെയും ബുധനാഴ്ച മെക്‌സിക്കോയ്‌ക്കെതിരെയും ഓരോ ഗോൾ വീതവും നേടിയാണ് അൽ ദോസരി അൽ ജാബിറെന്ന മുൻഗാമിയുടെ കിരീടം പങ്കിട്ടത്.

2018 ലോകകപ്പിൽ ബെൽജിയത്തിനും പനാമയ്‌ക്കുമെതിരെ ഗോളുകൾ ഉതിർത്ത 31 കാരനായ തുനീസ്യൻ താരം വഹബ് അൽ ഖസ്​രി ബുധനാഴ്ച ഖത്തറിൽ ഫ്രാൻസിനെതിരെ നേടിയ ഒരു ഗോൾ കൂടി ചേർത്ത് 'അറബ് ടോപ് സ്‌കോറർ' സ്ഥാനം പങ്കിടുകയായിരുന്നു. തുനീസ്യയും സൗദി അറേബ്യയും ബുധനാഴ്ച ലോകകപ്പ് ആദ്യ ഗ്രൂപ്പ് ഘട്ടത്തിൽനിന്ന് പുറത്തായിരുന്നു.

Tags:    
News Summary - Sami Al Jabir's record was maintained by Salim Al Dosari and Wahbi Khasri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.