എം.എൽ.എമാരായ ഷാഫി പറമ്പിൽ, എ.പി അനിൽ കുമാർ, അൻവർ സാദത്ത് എന്നിവർ പോർചുഗൽ - ഉറുഗ്വായ് മത്സരം നടന്ന ലുസൈൽ സ്റ്റേഡിയത്തിൽ
ഖത്തർ ലോകകപ്പ് ഫുട്ബാൾ പൂർണമായും മലയാളികളുടെ മേളയായാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഫുട്ബാളിനെ ആവേശത്തോടെ നെഞ്ചേറ്റുന്ന മലയാളികൾ ഏറെയുള്ള നാട്ടിലേക്ക് ലോകകപ്പ് പോലെയൊരു മേളയെത്തുേമ്പാൾ സംഘാടനത്തിലും വളണ്ടിയറിങ്ങിലുമെല്ലാം അത് പ്രതിഫലിക്കുന്നു.
സ്റ്റേഡിയത്തിലേക്കുള്ള യാത്രയിൽ മെട്രോ സ്റ്റേഷനുകളിലും, ഗലാറിയിൽ വഴികാണിക്കാനും, താരങ്ങൾക്ക് ഗ്രൗണ്ടിലേക്ക് അകമ്പടിയായും ലോജിസ്റ്റിക്സ്, ഗതാഗതം ഉൾപ്പെടെ എല്ലായിടത്തുമുണ്ട് മലയാളികൾ. അറബ് നാട്ടിൽ ഖത്തർ പോലൊരു ചെറിയ രാജ്യം ലോകത്തെ ഏറ്റവും വലയി കായിക ഉത്സവത്തിന് വേദിയൊരുക്കി അഭിമാനിക്കുേമ്പാൾ അതിൽ മഹനീയ സാന്നിധ്യമായി നമ്മളുടെ ഒരുപാട് നാട്ടുകാരുമുണ്ടെന്നതിൽ കേരളത്തിനും അഭിമാനിക്കാം.
ഏഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് എന്ന നിലയിൽ വൻകരയുടെ ഫുട്ബാൾ കുതിപ്പിന് ഈ ടൂർണമെൻറ് വഴിയൊരുക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ആ മാറ്റം ഖത്തറിലെ കളത്തിൽ കാണാനും കഴിഞ്ഞിരുന്നു. സൗദി അറേബ്യ അർജൻറീനയെയും, ജപ്പാൻ ജർമനിയെയും അട്ടിമറിച്ചതും, ഇറാൻ, ദക്ഷിണ കൊറിയ ടീമുകളുടെ മികച്ച പ്രകടനവും ലോകഫുട്ബാളിലെ ഏഷ്യൻ മികവിൻെറ ഉദാഹരണങ്ങളായിരുന്നു. ലാറ്റിനമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ വാണ ലോകകഫുട്ബാളിൽ ആഫ്രിക്കൻ, ഏഷ്യൻ ടീമുകളും താരങ്ങളും കരുത്ത് പ്രാപിച്ചുവരുന്നത് ഫുട്ബാൾ കൂടുതൽ ആഗോളവൽകരിക്കപ്പെടുന്നതിൻെറ സൂചനയാണ്.
1986 ൽ ഡീഗോ മറഡോണയുടെ കളികണ്ട് അർജൻറീന ആരാധകനായി മാറിയ എനിക്കും സന്തോഷം നൽകുന്നതായിരുന്നു സൗദി അറേബ്യ ഗ്രൂപ്പ് റൗണ്ടിൽ നേടിയ തകർപ്പൻ വിജയം. ഈ അട്ടിമറികൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഫുട്ബാളിൽ കൂടുതൽ മുന്നേറാൻ പ്രോത്സാഹനം നൽകുന്നതായിരിക്കും. മൂന്ന് മത്സരങ്ങളുടെ ടിക്കറ്റുമായാണ് ഖത്തർ ലോകകപ്പിനെത്തിയത്. 28ന് ദോഹയിലെത്തിയതിനു പിന്നാലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന പോർചുഗൽ ഉറുഗ്വായ് മത്സരത്തിന് സാക്ഷിയായി.
88,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ നിന്നും മത്സരം കഴിഞ്ഞാൽ മണിക്കൂറുകൾക്കകം ജനങ്ങൾക്ക് വലിയ തിരക്കുകളൊന്നുമില്ലാതെ ഒഴിഞ്ഞ് പോകാൻ കഴിയുന്നത് ആസൂത്രണ മികവോടെയുള്ള സംഘാടനത്തിൻെറ തെളിവാണ്. മെട്രോ റെയിൽ വഴി ലോകപ്പ് ഗതാഗതം ചിട്ടപ്പെടുത്തിയതും, സ്റ്റേഡിയങ്ങളെ പരസ്പരം ബന്ധിപ്പിച്ചതുമെല്ലാം പ്രശംസനീയം.
ചെറിയൊരു രാജ്യത്തിന് ലോകകപ്പ് വേദി നൽകിയതിൻെറ പേരിൽ യൂറോപ്യൻ രാജ്യങ്ങൾഉൾപ്പെടെ കടുത്ത വിമർശനം ഉന്നയിച്ചെങ്കിലും ഫിഫയുടെ തീരുമാനം പൂർണമായും ശരിവെക്കുന്നതാണ് ഖത്തറിൻെറ സംഘാടന മികവെന്ന് ഈ ലോകകപ്പ് സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.