ലോകകപ്പിന്റെ ചരിത്രവും പരിണാമവും പറഞ്ഞ് സലീമിന്റെ സ്റ്റാമ്പ് ശേഖരണം

ലോകമെങ്ങുമുള്ള ഫുട്ബാൾ പ്രേമികൾ ഖത്തറിൽ അരങ്ങൊരുങ്ങുന്ന ലോകകപ്പിന്റെ കിക്കോഫിനായി കാത്തിരിക്കുമ്പോൾ വൈവിധ്യം നിറഞ്ഞ ശേഖരണവുമായി കാൽപന്തുകളിയെ വരവേൽക്കുകയാണ് മലപ്പുറം ജില്ലയിലെ മഞ്ചേരി മുള്ളമ്പാറ സ്വദേശി അബ്ദുൽ സലീം പടവണ്ണ. ലോകകപ്പിന്റെ ആവേശത്തിൽ പങ്കാളികളായി 80ഓളം രാജ്യങ്ങൾ പുറത്തിറക്കിയ 900ത്തോളം സ്റ്റാമ്പുകളാണ് ഇദ്ദേഹത്തിന്റെ ശേഖരണത്തിൽ ഇടം പിടിച്ചിരിക്കുന്നത്. 1930ൽ ഉറുഗ്വെയിൽ നടന്ന ആദ്യ​ ലോകകപ്പ് മുതൽ അവസാന ലോകകപ്പ് വരെ ഇടം പിടിച്ച അത്യപൂർവ സ്റ്റാമ്പുകൾക്ക് പുറമെ ഫസ്റ്റ് ഡേ കവറും മാക്സിം കാർഡുകളും ഇദ്ദേഹം ശേഖരിച്ചിട്ടുണ്ട്.

ലോകകപ്പ് ഫുട്ബാളിന്റെ ചരിത്രവും പരിണാമവും ആവേശവുമെല്ലാം പങ്കുവെക്കുന്നതാണ് സ്റ്റാമ്പുകളോരോന്നും. ലോകകപ്പിന്റെ ഓരോ എഡിഷനിലേക്കും ആസ്വാദകരെ കൊണ്ടുപോകുന്ന വിധത്തിൽ പ്രത്യേക മഞ്ഞ ഷീറ്റുകളിൽ ഭംഗിയായി ക്രമീകരിച്ചിരിക്കുകയാണിവ. വൈവിധ്യമാർന്ന രൂപത്തിലും വലിപ്പത്തിലുമുള്ള തപാൽ മുദ്രകൾ ഇതിലുണ്ട്. ലോകം കണ്ട മികച്ച താരങ്ങളാണ് പലതിലും ഇടം പിടിച്ചിരിക്കുന്നത്. ഫുട്ബാൾ എങ്ങനെ രാജ്യങ്ങളെ ഒന്നിപ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഇവ. ലോകത്തെ വിവിധ രാജ്യങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള വഴിയും ഇത്തരം സ്റ്റാമ്പുകൾ തുറന്നിടുന്നു. 1986ലും 2014ലും പുറത്തിറക്കിയ ഇന്ത്യൻ സ്റ്റാമ്പുകളും ഇക്കൂട്ടത്തിലുണ്ട്.

നാല് പതിറ്റാണ്ടായി പുരാ-പൈതൃക വസ്തുക്കളുടെ ശേഖരണം ഹോബിയാക്കിയ ഇദ്ദേഹത്തിന്റെ കൈവശം മഹാത്മ ഗാന്ധിയുടെ ഏഴ് വയസ്സ് മുതലുള്ള ലണ്ടനിൽ പ്രിന്റ് ചെയ്ത പോസ്റ്റ് കാർഡ് രൂപത്തിലുള്ള ആയിരത്തിലധികം ചിത്രങ്ങളുമുണ്ട്. മഞ്ചേരി മുള്ളമ്പാറയിലെ അലി-മറിയുമ്മ ദമ്പതികളുടെ മകനായ സലീം, പുരാവസ്തുക്കളുടെയും പൈതൃക വസ്തുക്കളുടെയുമെല്ലാം ശേഖരണവും സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായ മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ്. കോഴിക്കോട് ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷൻ, തൃശൂർ ഫിലാറ്റലിക് ക്ലബ്‌ എന്നിവയിൽ ആജീവനാന്ത അംഗവുമാണ്.

Tags:    
News Summary - Saleem's stamp collection tells the history and evolution of the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.