സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​തി​രെ ഗോ​ൾ നേ​ടി​യ പോ​ർ​ച്ചു​ഗ​ലി​ന്റെ ഗോ​ൺ​സാ​ല​സ് റാ​മോ​സി​ന്റെ ആ​ഹ്ലാ​ദം

പറങ്കിപ്പോർക്കളത്തിലെ റാമോസ് ഇരുപത്താറാമൻ

ദോഹ: ഒറ്റ ദിവസം കൊണ്ട് പണിതുയർത്തിയതല്ല റോമ നഗരം എന്നൊരു ചൊല്ലുണ്ട്. ഒരു 'ഡു ഓർ ഡൈ' മത്സരത്തിൽ കോടാനുകോടി ആരാധകരുടെ ഇടനെഞ്ചിൽ ഇടിത്തീകൊളുത്തി ഫെർണാണ്ടോ സാന്റോസ് അങ്ങനെയൊരു തീരുമാനമെടുക്കുമ്പോൾ, 'ഇയാൾക്കിതെന്തിന്റെ കേടാണെ'ന്ന് കരുതാത്തവർ വിരളമായിരിക്കും. സ്വിറ്റ്സർലൻഡിനെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളർമാരിലൊരാളെ ബെഞ്ചിലിരുത്തി സാന്റോസ് ഇറക്കിയത് പോർചുഗീസുകാർക്കുപോലും അത്ര പരിചയമില്ലാത്ത 21കാരൻ പയ്യനെ.

അതിനുള്ള ആദ്യ ഉത്തരം കളിയുടെ 17ാം മിനിറ്റിൽത്തന്നെ കിട്ടി. ത്രോ ഇന്നിൽ നിന്ന് പന്ത് സ്വീകരിച്ച ജാവോ ഫെലിക്സ് ഡിഫൻഡർമാർക്കിടയിലേക്ക് ഞൊടിയിടയിൽ ഗോൺസാലോ റാമോസിന് നൽകുന്നു. ബോക്സിന്റെ വലതുമൂലയിലൂടെത്തന്നെ ഒരടി മുന്നോട്ട് നീങ്ങി പോസ്റ്റിലേക്ക് റാമോസിന്റെ ഇടങ്കാലൻ ഷോട്ട്.

ഒരുവേള ബാറിന് മുകളിലൂടെ പുറത്തേക്ക് പറക്കുമെന്നു തോന്നിച്ചെങ്കിലും പന്ത് വലക്കകത്തേക്ക് ഊർന്നിറങ്ങി. ഡിസംബറിലെ ആ രാവ് വരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന ഒറ്റ നക്ഷത്രത്തിൽ കേന്ദ്രീകരിച്ചിരുന്ന ആരാധകചിന്തകളിലേക്ക് ഒരു താരകം പിറവിയെടുക്കുകയായിരുന്നു.

ആരാണ് ഗോൺസാലോ റാമോസ്? പ്രൊഫൈലും ചരിത്രവും തിരഞ്ഞവരിൽ സ്വന്തം രാജ്യക്കാരുമുണ്ടാവും. പോർചുഗൽ ലോകകപ്പ് സംഘത്തിൽ ഈ താരമെത്തുന്നത് അവസാന നിമിഷങ്ങളിലാണ്. 26 അംഗ സംഘത്തിലെ 26ാമന് ലഭിച്ചത് 26ാം നമ്പർ കുപ്പായവും. ലോകകപ്പിന് സൗഹൃദ മത്സരത്തിൽ നൈജീരിയക്കെതിരെ അരങ്ങേറി അന്താരാഷ്ട്ര കരിയറിലെ ആദ്യ ഗോൾ.

ലോകകപ്പിലെ രണ്ട് മത്സരങ്ങളിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഏതാനും മിനിറ്റുകൾ മാത്രം കളിച്ചയാളെയാണ് ഏറെ വിമർശനങ്ങൾക്കും പഴികേൾക്കാനും സാഹചര്യവും സാധ്യതയുമുണ്ടായിരിക്കെത്തന്നെ സാന്റോസ് വലിയൊരു പരീക്ഷണത്തിന് ഒരുമ്പെട്ട് ക്രിസ്റ്റ്യാനോയുടെ പകരക്കാരനാക്കിയത്. റാമോസ് അടക്കമുള്ളവർ നിറംമങ്ങുകയോ മത്സരഫലം മറ്റൊന്നാവുകയോ ചെയ്തിരുന്നെങ്കിൽ പാപഭാരം മുഴുവൻ സാന്റോസ് ഏറ്റെടുക്കേണ്ടിവന്നേനെ. തന്നെ ഇറക്കിയ തീരുമാനം നൂറുവട്ടം ശരിയായിരുന്നുവെന്ന് ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഹാട്രിക്കിന് കൂടി ഉടമയായിക്കൊണ്ടാണ് റാമോസ് തെളിയിച്ചത്.

പോർചുഗലിലെ ഒൽഹാവോയാണ് റാമോസിന്റെ സ്വദേശം. പിതാവ് മാനുവൽ സെൻഡാറ റാമോസ് ഫുട്ബാൾ താരമായിരുന്നതിനാൽത്തന്നെ കളിക്കളങ്ങൾ ചെറുപ്പംതൊട്ടേ അപരിചിതമല്ലായിരുന്നു ഗോൺസാലോക്ക്. എട്ടാം വയസ്സിൽ ഒൽഹാനെൻസ് ക്ലബിൽ ചേർന്ന് പന്ത് തട്ടാൻ തുടങ്ങി. പിന്നെ രണ്ട് വർഷം ലൂലേയിൽ. ബെൻഫിക യൂത്ത് അക്കാദമിയിലെത്തുമ്പോൾ 12 വയസ്സ്. 2019ൽ പ്രഫഷനൽ അരങ്ങേറ്റം.

ഇതിനിടയിൽ വിവിധ വയസ്സിലുള്ള പോർചുഗലിന്റെ അന്താരാഷ്ട്ര കൗമാര സംഘങ്ങളെ പ്രതിനിധീകരിച്ചു. ബെൻഫികയുടെ സ്ട്രൈക്കറായി പ്രീമിയറ ലീഗയിൽ തിളങ്ങിക്കൊണ്ടിരിക്കുന്ന റാമോസ് കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിനെതിരെ പുറത്തെടുത്ത പ്രകടനത്തിലൂടെ ഇംഗ്ലണ്ടിലെയും സ്പെയിനിലെയും ജർമനിയിലെയും ഫ്രാൻസിലെയും ഇറ്റലിയിലെയുമൊക്കെ മുൻനിര ക്ലബുകൾ നോട്ടമിട്ടു കഴിഞ്ഞു.ക്രിസ്റ്റ്യാനോക്ക് ശേഷം പോർചുഗലിനാരുണ്ട് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഗോൺസാലോ മറ്റിയാസ് റാമോസ്.

Tags:    
News Summary - Ramos is the twenty-sixth man of portugal army

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.