സാ​ന്റി​യാ​ഗോ സാ​ഞ്ച​സ് ഇ​റാ​ഖി​ലെ ഗ്രാ​മീ​ണ​നൊ​പ്പം

ലോകം ഖത്തറിലെത്താറായി; സാന്റി, താങ്കൾ എവിടെയാണ്?

ദോഹ: ലോകകപ്പ് ആരവങ്ങളുടെ ഭാഗമാകാൻ സ്‍പെയിനിൽനിന്ന് കാൽനടയായി പുറപ്പെട്ട സ്പാനിഷ് ഫുട്ബാൾ ആരാധകൻ സാന്റിയാഗോ സാഞ്ചസ് എവിടെപ്പോയി...? ഖത്തറിൽ കിക്കോഫ് കുറിക്കാൻ പോവുന്ന ഫുട്ബാൾ ഉത്സവത്തേക്കാൾ, ലോകമെങ്ങുമുള്ള ആരാധകരിൽ ഉയരുന്ന ചോദ്യമിതാണ്.

കഴിഞ്ഞ ജനുവരിയിൽ സ്‍പെയിനിലെ മഡ്രിഡിൽനിന്നു പുറപ്പെട്ട സാന്റിയാഗോ സാഞ്ചസ് 15 രാജ്യങ്ങളും 7000 കിലോമീറ്ററും കടന്ന് നവംബർ രണ്ടാം വാരത്തിൽ ഖത്തറിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ഒക്ടോബർ ഒന്നു മുതൽ സാഞ്ചസിന്റെ വിവരങ്ങളൊന്നുമില്ലെന്ന ആധിയിലാണ് ഫുട്ബാൾ ലോകം.

ജനുവരിയിൽ തുടങ്ങിയ യാത്രക്കു പിന്നാലെ, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി വിശേഷങ്ങളെല്ലാം പങ്കുവെച്ചിരുന്ന സാന്റിയാഗോ സാഞ്ചസ് കഴിഞ്ഞ ഒന്നു മുതൽ പുതിയ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ വാട്സ്ആപ് ഗ്രൂപ്പിലും വിവരങ്ങളില്ല.

സ്‍പെയിനിൽ തുടങ്ങി, ഫ്രാൻസ്, ഇറ്റലി, അൽബേനിയ, ഗ്രീസ്, തുർക്കിയ വഴി ഇറാഖിലെത്തിയ സാന്റിയാഗോ ഇറാൻ അതിർത്തിക്ക് അരികിൽനിന്നാണ് അവസാന സന്ദേശം പങ്കുവെച്ചത്. വടക്കൻ ഇറാഖിലെ അതിർത്തിനഗരത്തിൽനിന്ന് ഇറാനിലേക്ക് കടക്കുന്നതിന്റെ സന്തോഷം അറിയിച്ചുകൊണ്ടായിരുന്നു അവസാന ഇൻസ്റ്റഗ്രാം സന്ദേശം.

ഇറാനിലെ കുർദിസ്താൻ മേഖലയിലേക്കായിരുന്നു അടുത്ത ദിവസം പ്രവേശിക്കാനിരുന്നത്. എന്നാൽ, പിന്നീട് വിവരങ്ങളൊന്നുമില്ലാതായി. ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും സന്ദേശമില്ലാതായതോടെയാണ് സുഹൃത്തുക്കൾ അന്വേഷണവുമായി രംഗത്തിറങ്ങിയത്.

ഒക്ടോബർ രണ്ടിന് സ്പാനിഷ് സമയം 12.30നാണ് ഏറ്റവും ഒടുവിൽ സാന്റിയാഗോയുടെ വാട്സ്ആപ് സന്ദേശം ലഭിച്ചതെന്ന് കുടുംബസുഹൃത്തും വക്താവുമായ മിഗ്വേൽ ബാർഗാഡോ പറയുന്നു. ഇറാനിലെ സ്പാനിഷ് എംബസിയും വിദേശകാര്യമന്ത്രാലയവും സാന്റിയാഗോക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിർത്തി കടന്നതായും 1700 കി.മീ. അകലെയുള്ള ബന്ദർഅബ്ബാസ് മേഖലയിലേക്ക് സഞ്ചരിക്കുകയാണെന്നും വരുംദിനങ്ങളിൽ ടി.വി അഭിമുഖത്തിനായി തെഹ്റാനിലേക്ക് പോകുമെന്നുമായിരുന്നു ഒക്ടോബർ ഒന്നിന് മാതാപിതാക്കൾക്ക് അയച്ച അവസാന സന്ദേശം.

അതേസമയം, ഇറാനിലെ രാഷ്ട്രീയപ്രശ്നങ്ങൾ കാരണം ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങളിലുണ്ടായ തടസ്സമാകാം സാന്റിയാഗോ സാഞ്ചസുമായി ആശയവിനിമയം മുടങ്ങാൻ കാരണമെന്ന് ആശ്വസിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

Tags:    
News Summary - qatar world cup-where are you Santi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.