ദോഹ: ഗരത് ബെയിലിന്റെ വെയ്ൽസിന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ യു.എസ്.എക്കെതിരെ സമനില (1-1). അൽ റയ്യാനിലെ അഹമദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ 36ാം മിനിറ്റിൽ തിമോത്തി വിയ അമേരിക്കയെ മുന്നിലെത്തിച്ചു. ബോക്സിൽ ബെയ്‍ലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി കിക്ക് 82ാം മിനിറ്റിൽ ബെയ്ൽ തന്നെ പന്ത് വലയിലെത്തിച്ച് തിരിച്ചടിച്ചു.
58 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ലോകകപ്പിനെത്തുന്ന വെയ്ൽസിനെതിരെ യു.എസ്.എ തുടക്കം മുതൽ കൃത്യമായ ആധിപത്യം പുലർത്തി. ആദ്യ 20 മിനിറ്റിനിടെ ആക്രമണത്തിനൊപ്പം പരുക്കൻ അടവുകളും അമേരിക്കക്കാർ പുറത്തെടുത്തു. വെസ്റ്റൺ മക്കന്നിയും സെർജജിനോ ഡെസ്റ്റും മഞ്ഞക്കാർഡ് കണ്ടു.
ക്രിസ്റ്റ്യൻ പുലിസിച്ചും തിമോത്തി വിയയും സാർഗെന്റുമുൾപ്പെടെയുള്ള യു.എസ്.എ താരങ്ങൾ നിറഞ്ഞുകളിച്ചതോടെ ഗാരത് ബെയിലിന്റെ വെയ്ൽസ് താളംകിട്ടാതെ അലഞ്ഞു. 35ാം മിനിറ്റിൽ സ്വന്തം ഹാഫിൽ നിന്ന് പല കാലുകൾ മറിഞ്ഞെത്തിയ പന്താണ് ലൈബീരിയയുടെ ഇതിഹാസ താരം ജോർജ് വിയയുടെ മകൻ കൂടിയായ തിമോത്തി ലക്ഷ്യത്തിലെത്തിച്ചത്.
പിന്നാലെ വെയ്ൽസ് സൂപ്പർ താരം ബെയ്ൽ യു.എസ്.എയുടെ യൂനുസ് മൂസയെ ഫൗൾ ചെയ്തതിന് മഞ്ഞക്കാർ വാങ്ങി. ആദ്യപകുതിയിൽ 67 ശതമാനം ബാൾ പൊസഷനും യു.എസ്.എയുടേതായിരുന്നു. രണ്ടാം പകുതിയിൽ, 60 മിനിറ്റിന് ശേഷം വെയ്ൽസ് പോരാട്ടങ്ങൾ കടുപ്പിച്ചു. കീഫർ മൂറിന്റെ പ്രകടനങ്ങളായിരുന്നു ശ്രദ്ധേയം. ഒടുവിൽ ബെയ്‍ലിലൂടെ പെനാൽറ്റി ഗോളും സമനിലയും വെയ്ൽസ് ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.