ദോഹ: നാലു വർഷം മുമ്പ് കൊടിയിറങ്ങിയ റഷ്യൻ ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങളെല്ലാം കഴിഞ്ഞപ്പോൾ ഏറ്റവും കുറഞ്ഞ ദൂരം സഞ്ചരിച്ച ടീം കൊളംബിയയായിരുന്നു. റഷ്യയിലെ മൊർഡോവിയ പ്രവിശ്യയുടെ തലസ്ഥാനമായ സറൻസ്ക് ബേസ് ക്യാമ്പാക്കിയ കൊളംബിയ പ്രീക്വാർട്ടർ ഉൾപ്പെടെ നാലു മത്സരങ്ങൾ കളിച്ച് നാട്ടിലേക്ക് മടങ്ങുമ്പോഴേക്കും ഓടി തീർത്തത് 1224 കി.മീ ദൂരം. തൊട്ടു പിന്നിലുള്ളത് പ്രീക്വാർട്ടറിൽ തന്നെ നാട്ടിലേക്ക് മടങ്ങിയ ലയണൽ മെസ്സിയുടെ അർജന്റീന. മോസ്കോ ബേസ് ക്യാമ്പാക്കിയ അർജന്റീന സഞ്ചരിച്ചത് 1427 കി.മീ. എന്നാൽ ഏറ്റവും കൂടുതൽ സഞ്ചരിച്ചവർ എന്ന റെക്കോഡ് ഈജിപ്തിനായിരുന്നു. ചെച്നിയയിലെ ഗ്രോസ്നി ബേസ് ക്യാമ്പാക്കിയ ഈജിപ്തുകാർ ഗ്രൂപ് റൗണ്ടിൽ വെറും മൂന്ന് മത്സരം കളിച്ച് മടങ്ങിയെങ്കിലും ഓടിയ ദൂരം കേട്ടാൽ മൂക്കത്ത് വിരൽവെച്ചുപോവും. 8510 കി.മീ ദൂരം. എകത്രിൻബർഗിൽ ആദ്യ മത്സരം, ശേഷം മൂന്ന് മണിക്കൂർ ആകാശ ദൂരമുള്ള സെന്റ്പീറ്റേഴ്സ് ബർഗിലെത്തി രണ്ടാം മത്സരം. വീണ്ടും മൂന്നര മണിക്കൂർ വിമാനയാത്രയും കഴിഞ്ഞ് ബേസ് ക്യാമ്പിലേക്ക്. അവിടെ നിന്നും വോൾഗോഗ്രാഡിൽ അവസാന മത്സരം.
ഗ്രൂപ് റൗണ്ടിൽ തന്നെ മടങ്ങിയ നൈജീരിയ (6897 കി.മീ), പോളണ്ട് (6421കി.മീ) എന്നീ രാജ്യങ്ങളും ഒമ്പത് ദിവസത്തിനിടെ മൂന്ന് മത്സരങ്ങൾക്കായി ഓടിയ ദൂരത്തിന് കൈയും കണക്കുമില്ല.
റഷ്യയിൽ മാത്രമല്ല, 2014 ബ്രസീൽ ലോകകപ്പിലും 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിലുമെല്ലാം ഇതുതന്നെയായിരുന്നു ടീമുകളുടെ സഞ്ചാരകഥകൾ.
(ഖത്തറിൽ ടീമുകളുടെ ബേസ് ക്യാമ്പുകൾ ഇങ്ങനെ)
മുൻകാല ലോകകപ്പുകളിലെല്ലാം ടീമുകളും താരങ്ങളും ഓടിത്തളരുന്നതായിരുന്നു ഡ്രസ്സിങ് റൂമിലെ കഥകളെങ്കിൽ ഇത്തവണ ഖത്തർ ലോകകപ്പിൽ കളിക്കാർക്ക് യാത്രയില്ലെന്നു തന്നെ പറയാം. ഖത്തറിൽ ഏറ്റവും ദൂരെ ബേസ് ക്യാമ്പുള്ളത് ജർമൻ ടീമിനാണ്. അൽ റുവൈസിൽ നിന്നും ടീം സ്റ്റേഷനിൽ നിന്നും തങ്ങളുടെ മത്സര വേദിയായ അൽ തുമാമയിലേക്ക് ഒരു കളിക്കായി ജർമൻപട സഞ്ചരിക്കേണ്ടത് വെറും 116 കി.മീ ദൂരം. സൗദി, മെക്സികോ എന്നിവരെ കൂടി മാറ്റി നിർത്തിയാൽ ഖത്തറിൽ പന്തുതട്ടുന്ന ശേഷിച്ച ടീമുകൾ ഏറെയും ദോഹയുടെ ചുറ്റുവട്ടത്തുതന്നെയാണ് താമസം.
ദോഹയിലെ അൽ അസീസിയ ഹോട്ടൽ ബേസ് ക്യാമ്പാക്കിയ ആതിഥേയ ടീം ഖത്തറിന് മത്സരവേദിയായ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്ക് സഞ്ചരിക്കാനുള്ളത് 44 കി.മീ. ഖത്തർ യൂനിവേഴ്സിറ്റിയിൽ കഴിയുന്ന അർജന്റീന ടീമിനാവട്ടെ, പരിശീലന സ്ഥലം ഇതേ കാമ്പസിനുള്ളിൽ തന്നെയാണ്. മത്സരവേദിയായ ലുസൈൽ സ്റ്റേഡിയത്തിലേക്കുള്ളത് ഏഴ് കിലോമീറ്ററും.
(2018 ലോകകപ്പിൽ ഈജിപ്ഷ്യൻ ടീമിന്റെ ബേസ് ക്യാമ്പും സഞ്ചാരവും)
ഏറ്റവും ഒതുക്കമുള്ള ലോകകപ്പ് എന്ന പെരുമയുമായി ചരിത്രത്തിൽ ഇടം പിടിക്കുന്ന ഖത്തറിലെ പോരാട്ടങ്ങൾ കളിക്കാർക്ക് സമ്മാനിക്കുന്നത് വീടിനരികിൽ മത്സരങ്ങൾ എന്ന അനുഭവമായിരിക്കും.
അൽ ഖോറിൽ നിന്നും അൽ വക്റയിലേക്കുള്ള 75 കിലോമീറ്ററിനുള്ളിലാണ് എട്ടു സ്റ്റേഡിയങ്ങളും സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.