വിജയത്തിലേക്ക് വഴികാട്ടുന്നു ഈ മലയാളിക്കൂട്ടം

ഈലോകകപ്പിന്റെ സംഘാടനം ഭംഗിയായി മുന്നോട്ടുപോകുമ്പോൾ അതിൽ മലയാളികളുടെ പങ്ക് വളരെ വലുതാണ്. മുകൾത്തട്ടിലെ സംഘാടനം മുതൽ താഴേത്തട്ടുവരെ അവരുടെ സാന്നിധ്യം ലോകകപ്പിലുടനീളം തൊട്ടറിയാനാകുന്നുണ്ട്.

മെയിൻ മീഡിയ സെന്ററിൽ അക്രഡിറ്റേഷൻ കാർഡ് കൈയിലെടുത്തുതന്ന ശേഷം നാട്ടിലെവിടെയാ ചേട്ടാ? എന്നു ചോദിച്ചയാൾ മുതൽ എട്ടു ലോകകപ്പ് വേദികളിലും മത്സരങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ എല്ലായിടത്തും കണ്ടുമുട്ടുന്നവർ വരെ ഈ ലോകകപ്പിൽ നിറഞ്ഞുനിൽക്കുന്ന സാന്നിധ്യമാണ് മലയാളി വളന്റിയർമാരുടേത്.

''ഈ ലോകകപ്പ് മഹത്തായ അനുഭവങ്ങളാണ് ഞങ്ങൾക്ക് സമ്മാനിക്കുന്നത്. ലോകം മുഴുവൻ ഒന്നിച്ച് ഖത്തറിലെത്തുമ്പോൾ അവരെ സഹായിക്കുന്നത് ഞങ്ങൾ ആസ്വദിക്കുകയാണിപ്പോൾ. ഇവിടെയെത്തുന്ന എല്ലാവരും ഏറെ സ്നേഹത്തോടെയാണ് ഞങ്ങളോടെല്ലാം പെരുമാറുന്നത്.

നിറഞ്ഞ സ്റ്റേഡിയങ്ങളും ആവേശത്താൽ ഹരംകൊള്ളുന്ന കാണികളും മനോഹര കാഴ്ചയാണ്. വളന്റിയർമാരെന്ന നിലയിൽ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണിത് ഞങ്ങൾക്ക് സമ്മാനിക്കുന്നത്'' -മലയാളി വളന്റിയർമാരിൽ ഏറ്റവും സീനിയർമാരിൽ ഒരാളായ നാദാപുരം സ്വദേശി ഷാക്കിറിന്റെ സാക്ഷ്യം

നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള വളന്റിയർമാരാണ് ഈ ലോകകപ്പിൽ സേവനം ചെയ്യുന്നത്. മൊത്തം 20,000 വളന്റിയർമാരിൽ നാലായിരത്തോളം പേർ മലയാളികളാണ്. ഇതിൽ ഒട്ടേറെ വനിതകളുമുണ്ട്. 15,000 പേർ നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നവരാണ്.

ഇതിനുപുറമെ, 5000 ഇന്റർനാഷനൽ വളന്റിയർമാരിൽ ഇന്ത്യയിൽനിന്നുള്ളവരുമുണ്ട്. പരിചയം, ഭാഷ പരിജ്ഞാനം, അഭിരുചി തുടങ്ങിയവയൊക്കെ മാനദണ്ഡമാക്കിയാണ് വളന്റിയർമാരെ തെരഞ്ഞെടുത്ത്. മേയ് മുതൽ ഇന്റർവ്യൂ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ്.

താഴേക്കിടയിലുള്ള വളന്റിയർമാർക്ക് മാർഗനിർദേശം നൽകുന്നതിനും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനും 600 പയനിയർ വളന്റിയർമാരാണുള്ളത്. അതിൽ 30 ശതമാനത്തോളം മലയാളികളാണ്. 14 വനിത പയനിയർ വളന്റിയർമാരുമുണ്ട്. ഖത്തറിൽ നടന്ന അറബ് കപ്പ്, ക്ലബ് വേൾഡ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ വളന്റിയർമാരായി പരിചയമുള്ളവരാണ് പയനിയർ വളന്റിയർമാരിൽ ഏറെയും.

വളന്റിയർമാരെ തെരഞ്ഞെടുക്കുന്നതിലും പയനിയർ വളന്റിയർമാർക്ക് ഉത്തരവാദിത്തമേറെയാണ്. സ്പോർട്സിൽ താൽപര്യമുള്ളതുകൊണ്ടുമാത്രം വളന്റിയർമാരാകുന്നവരല്ല ഇവരിൽ ഏറെയും. വളന്റിയറിങ് പാഷനായി കൊണ്ടുനടക്കുന്ന ആളുകളാണ് ഏറെയുമെന്ന് പയനിയർ വളന്റിയർമാരിൽ ഒരാളായ വയനാട് മുട്ടിൽ സ്വദേശി ആഷിർ പറഞ്ഞു.

ഖത്തറിൽ ജോലിനോക്കുന്ന മിക്കവരും സേവനത്തിന്റെ ഭാഗമായാണ് പയനിയർ വളന്റിയർമാരായി കുപ്പായമിട്ടിട്ടുള്ളത്. ഖത്തർ മല്ലു വളന്റിയേഴ്സ് എന്ന വാട്സ്ആപ് ഗ്രൂപ് വഴിയാണ് ഇവരുടെ ആശയ വിനിമയങ്ങളേറെയും.

Tags:    
News Summary - qatar world cup-this Malayalee group is leading to success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.