സൂ​ഖ് വാ​ഖി​ഫി​ൽ ഒ​ത്തു​ചേ​ർ​ന്ന പോ​ർ​ചു​ഗ​ൽ ഫാ​ൻ​സ് ഖ​ത്ത​ർ ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ  

മലയാളത്തിന് പഠിച്ച് മൊറോക്കോ; സൂഖ് വാഖിഫ് ഉണർന്നിരിക്കുകയാണ്

രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. സൂഖ് വാഖിഫിൽ ആരവങ്ങളടങ്ങിയിട്ടില്ല. സൂഖിൽ വിശാലമായിക്കിടക്കുന്ന ഒഴിഞ്ഞസ്ഥലത്ത് പോർചുഗൽ ആരാധകരുടെ ആവേശം. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയൊരു കട്ടൗട്ടുമായി നൂറോളം പേരടങ്ങുന്ന സംഘം.

ഒരു ലബനാൻകാരനൊഴികെ മുഴുവൻ പേരും മലയാളികൾ. വടകര താഴങ്ങാടിക്കാരൻ അഫ്സലിന്റെയും ചാവക്കാട്ടുകാരൻ ഫർസീന്റെയും നേതൃത്വത്തിലാണ് പരിപാടികൾ. കുട്ടികൾ ഉൾപ്പെടെയുണ്ട്. ലോകകപ്പിലേക്ക് ഏഴുദിനം ബാക്കിയിരിക്കെ സി.ആർ 7മായി അതിനെ കൂട്ടിയിണക്കിയാണ് ആഘോഷം.

റൊണാൾഡോയെ മാത്രമല്ല, പോർചുഗലിനെ മുഴുവൻ മനസ്സാ വരിച്ചവരാണിവർ. 'പോർചുഗൽ ഫാൻസ് ഖത്തർ' എന്ന ആരാധകക്കൂട്ടായ്മയിൽ നിലവിൽ 2500ലേറെ പേരുണ്ട്. മലയാളികൾക്കു പുറമെ കൂട്ടത്തിൽ മറ്റൊരാൾ കൂടിയുണ്ട്. പോർചുഗീസുകാരനാണെന്ന് കരുതി പരിചയപ്പെട്ടപ്പോൾ ലബനാൻ സ്വദേശിയെന്ന് മറുപടി. പേര് ഫുആദ് ബന്ന. ഒപ്പം താമസിക്കുന്ന കൂട്ടുകാരനാണ് സൂഖിൽ മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്ന ആരാധകക്കൂട്ടായ്മയെക്കുറിച്ച് പറഞ്ഞത്.

സൂ​ഖ് വാ​ഖി​ഫി​ൽ മൊ​റോ​ക്കോ ആ​രാ​ധ​ക​രു​ടെ ആ​ഘോ​ഷം  

പിന്നൊന്നും ആലോചിച്ചില്ല. പോർചുഗലിന്റെ കുപ്പായമിട്ട് നേരെയിങ്ങുപോന്നു. ഏറെക്കാലമായി റയൽ മഡ്രിഡ് ആരാധകനാണ്. അതുവഴിയാണ് ക്രിസ്റ്റ്യാനോ തലയിൽ കയറിയത്. ഇപ്പോൾ മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബിൽ സംഭവിക്കുന്ന കാര്യങ്ങളിലൊന്നും കഴമ്പില്ലെന്നും ഈ ലോകകപ്പിൽ ക്രിസ്റ്റ്യാനോ എല്ലാറ്റിനും കണക്കുതീർക്കുമെന്നും ഫുആദിന് വിശ്വാസം.

മലയാളികൾ ഇഷ്ട ടീമുകൾക്ക് അഭിവാദ്യവുമായി തെരുവുകളിൽ ആരവങ്ങൾ കനപ്പിച്ചും ആഘോഷമൊരുക്കിയും അതിശയിപ്പിക്കുമ്പോൾ അതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മറ്റു പലരും രംഗത്തുവരുന്നുണ്ട്. സൂഖ് വാഖിഫിൽ രാത്രി മറ്റു രണ്ടു ടീമുകളുടെ ആരാധകരാണ് അത്തരത്തിൽ ഒത്തുചേർന്നത്. മൊറോക്കോ, തുനീഷ്യ ടീമുകളുടെ ഖത്തറിൽ ജോലിചെയ്യുന്ന ആരാധകരാണ് ആട്ടവും പാട്ടുമായി ആഘോഷം ഉഷാറാക്കിയത്.

തുനീഷ്യ ആരാധകർക്കൊപ്പം കുറച്ച് അൽജീരിയൻ, ഫലസ്തീൻ യുവാക്കളും ചേർന്നു. തങ്ങളുടെ ദേശീയ പതാകയും പുതച്ചാണ് അവർ എത്തിയത്. അറബിയിൽ ഒരു മനസ്സോടെ താളത്തിൽ പാട്ടുപാടിയും നൃത്തംചെയ്തും അവർ അതിരുകൾ മറന്ന് ഒന്നായി മാറി. പാട്ടുകേട്ടിരിക്കാൻ നല്ല രസമുണ്ട്. അതുകൊണ്ടുതന്നെ മലയാളികളടക്കം കാഴ്ചക്കാരേറെ.

സൂഖിലെ കച്ചവടസ്ഥാപനങ്ങൾക്ക് തൊട്ടടുത്തായാണ് ദേശീയ പതാകയുമായി മൊറോക്കോ ആരാധകക്കൂട്ടത്തിന്റെ ആഘോഷം. മൊറോക്കോയുടെ പി.എസ്.ജി താരം അഷ്റഫ് ഹക്കീമിയുടെ ജഴ്സിയണിഞ്ഞവരാണ് കൂടുതലും. അവരും പാട്ടും ബഹളവുമായി സ്വന്തം ടീമിനോടുള്ള സ്നേഹപ്രകടനത്തിലാണ്. അവരുടെ പാട്ടിനും മുകളിൽ പാടിക്കയറാനുള്ള മറുപക്ഷത്തിന്റെ ശ്രമം ഒരു മത്സരംപോലെ തോന്നിച്ചു.

അർധരാത്രി പിന്നിട്ടിട്ടും സൂഖ് സജീവമാണ്. തുറന്ന ഭക്ഷണശാലകളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദർശകരും ഖത്തറിലെ പ്രവാസികളും ഒഴുകിയെത്തുന്നു. തട്ടുകടകൾ പോലെ, തെരുവിൽ തുർക്കി കാപ്പിയും മറ്റു ഭക്ഷ്യവിഭവങ്ങളും. മനോഹരമായ അലങ്കാര വിളക്കുകൾ വിൽക്കുന്ന കടകളാണ് സൂഖിലെ പ്രധാന ആകർഷണം.

അത്തരമൊരു കട നടത്തുന്ന തുനീഷ്യൻ സ്വദേശി ഫത്താഹിന് അറിയേണ്ടിയിരുന്നത് വിദേശത്തുനിന്ന് കളിക്കമ്പക്കാർ എന്നുമുതലാണ് എത്തിത്തുടങ്ങുക എന്നതാണ്. ലോകകപ്പ് സമയത്ത് പ്രതീക്ഷിച്ച തരത്തിലേക്ക് കച്ചവടം ഇതുവരെ ഉയർന്നിട്ടില്ല. യൂറോപ്പ്, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ളവരേക്കാൾ അർജന്റീന, ബ്രസീൽ, ഉറുഗ്വായ് തുടങ്ങിയ തെക്കനമേരിക്കക്കാരാണ് കൂടുതൽ പണംമുടക്കി സാധനങ്ങൾ വാങ്ങുകയെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

അറേബ്യൻ, സിറിയൻ മരുഭൂമിയിൽനിന്നുള്ള ബദൂയിൻ ഗോത്രവർഗക്കാർ അവരുടെ കമ്പിളി, വളർത്തുമൃഗങ്ങൾ തുടങ്ങിയവ വിൽപന നടത്തിയിരുന്ന പരമ്പരാഗത ചന്തയായിരുന്നു സൂഖ് വാഖിഫ്. ഇത് പിന്നീട് ഖത്തർ അധികൃതർ പഴമ നഷ്ടമാകാതെയും വാസ്തുശിൽപ മാതൃകയിലും പരിഷ്കരിച്ചു. ഇപ്പോൾ ദോഹയിൽ ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ഇടമാണിത്.

Tags:    
News Summary - qatar world cup stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.