പോർചുഗലിനെ തോൽപിച്ച് ലോകകപ്പ് പ്രീക്വാർട്ടറിൽ കടന്നതിൻെറ സന്തോഷത്തിൽ പൊട്ടിക്കരയുന്ന കൊറിയ താരം ഹ്യൂങ് മിൻ സൺ
ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ബെർണാഡോ സിൽവയുമടങ്ങുന്ന പോർച്ചുഗീസ് വമ്പന്മാരെ കീഴടക്കി നൂലിഴ വ്യത്യാസത്തിൽ അപ്രതീക്ഷിതമായി ദക്ഷിണ കൊറിയ ലോകകപ്പ് ഫുട്ബോളിെൻറ അവസാന പതിനാറിലേക്ക് ടിക്കറ്റുറപ്പിക്കുമ്പോൾ സന്തോഷാധിക്യത്താൽ കരഞ്ഞ് കലങ്ങിയ ഒരാളിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവനും. കൊറിയയുടെ സർവ മുന്നേറ്റങ്ങൾക്കും ചുക്കാൻ പിടിക്കുന്ന ഹ്യൂങ് മിൻ സൺ.
വമ്പൻ അട്ടിമറികളാൽ ഇതിനകം പ്രസിദ്ധിയാർജിച്ച ഖത്തർ ലോകകപ്പിൽ ഒന്നിനെതിരെ രണ്ട് ഗോളിന് പോർച്ചുഗീസ് പടയെ അട്ടിമറിച്ചിട്ടും ഉറുഗ്വായ്-ഘാന മത്സര ഫലത്തിനായി കാത്തിരിക്കേണ്ടി വന്ന ആറ് മിനുട്ടാണ് ജീവിതത്തിൽ ഏറ്റവും ദൈർഘ്യമേറിയ സമയമെന്ന് എല്ലാം കഴിഞ്ഞ് സൺ പറയുന്നുണ്ടായിരുന്നു.
2010 മുതൽ ദക്ഷിണ കൊറിയക്ക് വേണ്ടി പന്ത് സീനിയർ ഫുട്ബോൾ കളിക്കുന്ന സൺ 107 മത്സരങ്ങളിൽ നിന്നായി 35 ഗോളുകൾ നേടി സൺ ഇംഗ്ലീഷ് പ്രീമയർ ലീഗിൽ 2015 മുതൽ ടോട്ടൻഹാം ഹോട്ട്സ്പറിെൻറ പ്രധാന താരങ്ങളിലൊരാളാണ്. 2010-2013 സീസണുകളിൽ ഹാംബർഗർ എസ്.വിക്കായും ശേഷം 2015 വരെ ബയേർ ലെവർകൂസനായും പന്ത് തട്ടിയ സൺ ടോട്ടനാമിനായി 245 തവണ കളത്തിലിറങ്ങിയപ്പോൾ 96 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.
ലോകകപ്പിന് 13 ദിവസം ബാക്കിയിരിക്കെയാണ് കൊറിയൻ ആരാധകരെ ഞെട്ടിച്ച് സൂപ്പർ താരം സണിന് പരിക്കെന്ന വാർത്ത പുറത്ത് വന്നതും ടീമിലുണ്ടാകിലെന്ന് സ്ഥിരീകരിക്കപ്പെട്ടതും. ചാമ്പ്യൻസ് ലീഗിൽ മാഴ്സക്കെതിരായ മത്സരത്തിലാണ് സണിന് പരിക്കേറ്റതും ശസ്ത്രക്രിയക്ക് വിധേയനായതും.
എന്നാൽ എല്ലാവരെയും ഞെട്ടിച്ച് നവംബർ 13ന് പരിക്കേറ്റ സണിനെയും ഉൾപ്പെടുത്തി കൊറിയൻ ഫുട്ബോൾ അസോസിയേഷൻ ഖത്തറിലേക്കുള്ള ടീം പ്രഖ്യാപിച്ചു. പരിക്കിന് മുമ്പും മിന്നുന്ന ഫോമിൽ കളിക്കുന്ന സണിലുള്ള വിശ്വാസമാണ് പരിശീലകൻ പൗളോ ബെേൻറാ അദ്ദേഹത്തെ ടീമിലുൾപ്പെടുത്താൻ കാരണം.
കൊറിയ നോക്കൗണ്ട് റൗണ്ട് ഉറപ്പിച്ചാൽ മാത്രം സണിന് കളിക്കാൻ സാധിക്കുമെന്നാണ് ആദ്യം പുറത്തുവന്നതെങ്കിലും ഉറുഗ്വേക്കെതിരായ ഗ്രൂപ്പിലെ പ്രഥമ മത്സരം മുതൽ സൺ ടീമിലുണ്ടായിരുന്നു. മൂന്ന് കളികളിൽ നിന്ന് ഒരു അസിസ്റ്റ് മാത്രമാണ് സണിെൻറ സമ്പാദ്യമെങ്കിലും ടീമിനെ നോക്കൗണ്ട് റൗണ്ടിലെത്തിക്കുന്നതിൽ സൺ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകുകയില്ല.
പരിക്കിൽ നിന്നും മുക്തമായി ലോകകപ്പിനിറങ്ങിയ സൺ പക്ഷേ, കളിച്ചത് മുഖത്ത് കറുത്ത മാസ്ക് ധരിച്ചായിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു അത്. എന്നാൽ സൺ ധരിച്ച മാസ്ക്കിന് ഇതിനോടകം കൊറിയൻ ആരാധകർക്കിടയിൽ പ്രിയമേറി.
സണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉറുഗ്വായ്ക്കെതിരായ മത്സരത്തിൽ മാസ്ക് ധരിച്ചെത്തിയ ആരാധകർ പിന്നീട് മറ്റു രണ്ട് മത്സരങ്ങളിലും അത് ധരിച്ചിരുന്നു. സണിന് പിന്തുണ നൽകി ബാനറുകളും ആരാധകർ ഉയർത്തിയിരുന്നു.
ഫുട്ബോളിെൻറ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന സമയത്ത് നിർബന്ധിതമായി ഫുട്ബോളിനെ ഉപേക്ഷിക്കേണ്ടി വരുന്നത് ഏത് താരത്തെ സംബന്ധിച്ചും ആലോചിക്കാൻ പോലും കഴിയാത്തതാണ്. എന്നാൽ കൊറിയയിൽ ഇത് നിർബന്ധമാണ്. അങ്ങനെ 2018ൽ നിർബന്ധിത സേവനത്തിനായി തയ്യാറെടുക്കുന്നതിനിടയിലാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ കൊറിയ സ്വർണം നേടുന്നത്.
ഹ്യൂങ് മിൻ സൺ കൊറിയൻ സൈനിക പരിശീലനത്തിനിടെ
സ്വർണ മെഡിൽ നേടിയ താരങ്ങളെയെല്ലാം രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനത്തിൽ നിന്നും ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയത്. രണ്ട് വർഷത്തെ സേവനത്തിന് പകരം നാലാഴ്ച സൈനിക സേവനം നിർബന്ധിതമായിരുന്നെങ്കിലും 2020ലെ കോവിഡ് അവധിക്കാലത്ത് താരം കൊറിയയിലെത്തി പട്ടാളത്തിൽ ചേരുകയും സേവനം പൂർത്തിയാക്കി ഫുട്ബോളിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തത് ഫുട്ബോൾ േപ്രമികളെ സംബന്ധിച്ച് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.