ഹസൻ അൽ തവാദി
ദോഹ: ഖത്തർ ലോകകപ്പിന്റെ മുഖ്യ സംഘാടകരിൽ ഒരാളാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ടൂർണമെന്റിനായി ഖത്തറിന്റെ ബിഡ് സമർപ്പിക്കുന്നത് മുതൽ 2010 ഡിസംബറിൽ ആതിഥേയത്വം പ്രഖ്യാപിക്കുന്ന വേദിയിലും പിന്നീട് സംഘാടനത്തിലുമെല്ലാം നായക പദവിയിൽ ഇദ്ദേഹമുണ്ടായിരുന്നു.
ഒടുവിൽ സ്വപ്ന സാക്ഷാത്കാരത്തിന് വിസിൽ മുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഖത്തർ ലോകകപ്പ് വിജയകരമായി മാറിയതിലെ പ്രധാന ഘടകങ്ങൾ വിശദീകരിക്കുന്നു അദ്ദേഹം.
ലോകകപ്പിന്റെ ബിഡ് ഫയൽ ഒരു അറബ്, മിഡിലീസ്റ്റ്, ഖത്തരി ഫയൽ ആയിരുന്നു. ലോകകപ്പ് ആതിഥേയത്വത്തിനുള്ള ഫയലിന് അറബ് പിന്തുണ ഉറപ്പാക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അറബ് ലോകത്തിന്റെ കൂടി ശബ്ദത്തെ പ്രതിനിധാനംചെയ്താണ് സംസാരിച്ചത്. അറബ് ലോകം ഈ സംഭവങ്ങളിൽ പങ്കെടുക്കേണ്ട സമയമാണിതെന്ന് വിശ്വസിക്കുന്നു.
ഖത്തറിന്റെ ബിഡ് ഫയലിന് പിന്നിൽ പ്രവർത്തിച്ച ടീം ലോകകപ്പ് വിജയത്തിന്റെ പ്രധാന ഘടകമായിരിക്കും. ഫയൽ അവതരിപ്പിക്കുന്നതിൽ വിജയിക്കുകയും പുതിയ ആശയങ്ങൾ കണ്ടെത്തുകയും ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്.
ഈ ടീമിനെ അന്താരാഷ്ട്ര ഫുട്ബാൾ സമൂഹം കാര്യത്തിലെടുത്തിരുന്നില്ല എന്നത് യാഥാർഥ്യമാണ്. അവർ വിശ്വസിച്ചത്, ഖത്തർ കേവലം ഒരു ബിഡ് ഫയൽ സമർപ്പിക്കുക മാത്രമാണെന്നാണ്. ഫുട്ബാൾ സമൂഹത്തെ സംബന്ധിച്ച്, ഒരു അറബ് രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നത് കെട്ടുകഥയാണെന്നും നടക്കാത്ത കാര്യമാണെന്നുമുള്ള ബോധമുണ്ടായിരുന്നു.
എന്നാൽ ഞങ്ങൾ ബിഡ് സമർപ്പിച്ച് വിജയിച്ചു. ശൈഖ് മുഹമ്മദിന് കീഴിലുള്ള ആ ടീം അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടു.
ഖത്തരി ഫയലിൽ പ്രവർത്തിക്കുന്ന ടീം, ഇംഗ്ലീഷിലും ഫ്രഞ്ചിലും എന്നല്ല, ഏത് ഭാഷയിലും അവരവരുടെ മാനസികാവസ്ഥയോടെ ലോകത്തോട് സംസാരിച്ചിരുന്നു.
പ്രതിസന്ധികളെ പോസിറ്റിവാക്കി മാറ്റാൻ ഞങ്ങൾക്ക് സാധിച്ചു. ഉദാഹരണത്തിന്, രാജ്യത്തിന്റെ ചെറിയ വലുപ്പം സ്റ്റേഡിയങ്ങൾ തമ്മിലുള്ള അടുത്ത ദൂരത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് നേട്ടം സമ്മാനിച്ചു.
ടീമുകൾക്ക് അമിതഭാരം നൽകാതെയും അവരെ സമ്മർദത്തിലകപ്പെടുത്താതെയും എല്ലാ നെഗറ്റിവുകളെയും ഞങ്ങൾ പോസിറ്റിവ് ആക്കി മാറ്റി.
ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾക്ക് മത്സരങ്ങൾ അവർക്ക് അനുയോജ്യമായ സമയങ്ങളിൽ തത്സമയം കാണുന്നതിന് ഖത്തറിന്റെ ഭൂമിശാസ്ത്രം വലിയ ഘടകമായി.
എല്ലാ ലോകകപ്പും പോലെ ഈ ലോകകപ്പും വേനലിൽ സംഘടിപ്പിക്കാൻ ഞങ്ങൾക്ക് താൽപര്യമുണ്ടായിരുന്നു. അതിനുള്ള ശീതീകരണ സാങ്കേതികവിദ്യയും ഞങ്ങളുടെ കൈവശമുണ്ടായിരുന്നു. ഒന്നാമത്തെ ദിനം മുതൽതന്നെ ശീതീകരണം, ഊർജ ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ സംവിധാനം വികസിപ്പിക്കുന്നതിന് ഞങ്ങൾ തുടക്കം കുറിച്ചിരുന്നു. ഒരു സമയത്തും ഞങ്ങൾ അത് ശൈത്യകാലത്തേക്ക് മാറ്റണമെന്ന് ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. അതോടൊപ്പം വേനൽക്കാലത്ത് നടത്താനും ഞങ്ങൾ തയാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.