അ​മ്മാ​റും (ഇ​ട​ത്ത്) കൂ​ട്ടു​കാ​രും

മു​ശേ​രി​ബ് മെ​ട്രോ സ്റ്റേ​ഷ​നി​ൽ

അമ്മാർ, സൗദിയെപ്പോലെ നീയും എന്തൊരതിശയമാണ്!

കഴിഞ്ഞ ദിവസം രാത്രി അൽമൻസൂറയിൽനിന്ന് കോർണിഷിലേക്കുള്ള യാത്രക്കിടെയാണ് അമ്മാറിനെയും കൂട്ടുകാരെയും കണ്ടത്. മുശേരിബ് മെട്രോ സ്റ്റേഷനിൽ ഒരുകൂട്ടം ആളുകൾ കൂട്ടംകൂടിനിന്ന് വിശേഷം പറയുന്നു. സൗദി അറേബ്യ, ഫലസ്തീൻ, അൽജീരിയ, തുനീഷ്യ തുടങ്ങിയ രാജ്യക്കാരെല്ലാം ഒന്നിച്ച്.

കൗതുകം തോന്നിയപ്പോൾ എന്താണ് കാര്യമെന്ന് കൂട്ടത്തിൽ സൗദി ദേശീയ പതാകയേന്തിയ ഒരു യുവാവിനോട് ചോദിച്ചു. ''വിശേഷിച്ചൊന്നുമില്ല. ഞങ്ങൾ അറബി പറയുന്ന രാജ്യക്കാർ തമ്മിലൊരു അടുപ്പമുണ്ട്. ഒരു ടി.വി ചാനലിന്റെ ഇന്റർവ്യൂ സമയത്ത് ഞങ്ങൾ ഒന്നിച്ചിരുന്നുവെന്നു മാത്രം'' -അമ്മാർ എന്ന് സ്വയം പരിചയപ്പെടുത്തി അയാൾ മറുപടി നൽകി.

ചൊവ്വാഴ്ച നടക്കുന്ന കളിയെക്കുറിച്ചായി പിന്നീട് സംസാരം. മദീനയിൽനിന്നാണ് അമ്മാറും നാലു കൂട്ടുകാരുമെത്തിയത്. ശനിയാഴ്ച ദോഹയിൽ വിമാനമിറങ്ങിയതേയുള്ളൂ അവർ. ''നാളത്തെ കളിയെന്താവും?'' ചോദ്യം തീരും മുമ്പ് ഉത്തരമെത്തി. ''ബ്രദർ, നിങ്ങൾ ഉറപ്പിച്ചോളൂ... ഈ മത്സരം സൗദി ജയിക്കും.

'' ഇത്രയും ആത്മവിശ്വാസമുണ്ടോ? എന്ന് അതിശയം കൂറിയപ്പോൾ 'ഞാൻ പറയുന്നത് വിശ്വാസമില്ലേ, എങ്കിൽ നാളെ കാണാം' എന്നു പറഞ്ഞ് അമ്മാറും കൂട്ടുകാരും അസീസിയയിലേക്കുള്ള മെട്രോ ട്രെയിനിൽ കയറിപ്പോയി. അതിനുമുമ്പ് ആത്മവിശ്വാസം പ്രസരിപ്പിക്കുന്ന അവരുടെ ഒരു ചിത്രം ഞാൻ കാമറയിൽ പകർത്തിയിരുന്നു.

ചൊവ്വാഴ്ച മത്സരം ആദ്യപകുതി പിന്നിടുംവരെ അമ്മാർ ഓർമകളിൽ വന്നതേയില്ല. ലുസൈലിലെ ഉച്ചവെയിലിൽ 48ാം മിനിറ്റിൽ സാലിഹ് അൽ ശഹ്‍രി ആദ്യ വെടി പൊട്ടിച്ചതോടെ ആ സൗദി യുവാവിന്റെ പ്രവചനം പുലരുമോ എന്ന ആകാംക്ഷയാണ് മനസ്സിൽ നിറഞ്ഞത്.

അഞ്ചു മിനിറ്റിനുശേഷം സലീം അൽ ദോസരിയുടെ തീയുണ്ടയും അർജന്റീനയുടെ വലക്കണ്ണികളിലേക്ക് പാഞ്ഞുകയറിയതോടെ അതുറപ്പായി. പിന്നീടുള്ള അരമണിക്കൂർ സൗദി പിടിച്ചുനിൽക്കുമെന്നതിൽ സംശയമൊന്നുമില്ലായിരുന്നു. കാരണം, അത്രമാത്രം ശൗര്യത്തോടെയാണ് അവർ ഈ ഇതിഹാസ രചനക്കായി കരുക്കൾ നീക്കിയത്.

നിരത്തിലും മെട്രോയിലും ബസിലുമെല്ലാം നിറഞ്ഞ് സ്റ്റേഡിയത്തിലേക്കൊഴുകുകയായിരുന്നു അർജന്റീന ആരാധകർ. ലുസൈൽ അവരുടെ കാർണിവൽ വേദി പോലെയായി. ചെറിയ കൈവഴികളായി അതിരാവിലെ മുതൽ ആരാധകർ എത്തിക്കൊണ്ടിരുന്നു. അർജന്റീനയിൽനിന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരും ഖത്തറിലെ പ്രവാസികളുമടക്കമുള്ള ആരാധകർ അനായാസ ജയമെന്ന ഉറച്ച പ്രതീക്ഷയിൽ മെസ്സിയുടെ പത്താം നമ്പർ കുപ്പായമണിഞ്ഞ് ആഘോഷം കൊഴുപ്പിച്ചു.

മലയാളികൾ ഉൾപ്പെടെ മത്സരത്തിന് ടിക്കറ്റില്ലാത്ത അർജന്റീന ആരാധകരും ലുസൈൽ സ്റ്റേഡിയം പരിസരത്ത് ഒരുപാടുണ്ടായിരുന്നു. ചിത്രങ്ങളും വിഡിയോകളും പകർത്താനും സ്റ്റേഡിയത്തിലെ ഉത്സവപ്രതീതിയിൽ അലിഞ്ഞുചേരാനുമാണ് അവരൊന്നായെത്തിയത്. കന്തൂറ ധരിച്ച് പച്ചപ്പതാകയും പുതച്ച് വലിയ ബഹളങ്ങളൊന്നുമില്ലാതെയായിരുന്നു ഭൂരിഭാഗം സൗദി ആരാധകരുടെയും വരവ്.

മത്സരം തുടങ്ങുന്ന ഖത്തർ സമയം ഉച്ചക്ക് ഒരുമണിക്കു മുമ്പായി ലുസൈൽ സ്റ്റേഡിയത്തിലെ ഗാലറി നിറഞ്ഞു. 80,000 പേർക്കിരിക്കാവുന്ന ഗാലറിയിൽ 60 ശതമാനത്തിലേറെ അർജന്റീന ആരാധകരാണ്. കിക്കോഫിനു മുമ്പ് സ്ക്രീനിൽ മെസ്സിയുടെ പേരും ദൃശ്യങ്ങളും തെളിഞ്ഞപ്പോൾ ഗാലറി കരഘോഷത്തിൽ മുങ്ങി. കളി തുടങ്ങിയതും അർജന്റീന താളം കാട്ടിയപ്പോൾ ഗാലറിയിലും താളം മുറുകി.

മെസ്സിയുടെ ഷോട്ട് ഗോളി തട്ടിയകറ്റിയപ്പോൾ പടർന്ന നിരാശ മായ്ച്ച് പത്താം മിനിറ്റിൽ സ്റ്റേഡിയം പെനാൽറ്റി ഗോളിന്റെ അലയൊലിയിൽ മുങ്ങി. എന്നാൽ, പിന്നീടങ്ങോട്ട് 'ആൽബിസെലസ്റ്റെ'ക്ക് ആഘോഷിക്കാൻ വകയൊന്നുമുണ്ടായിരുന്നില്ല. മൂന്നു തവണ സൗദി വലയിൽ പന്തെത്തിയപ്പോൾ പൊട്ടിത്തെറിച്ച ഗാലറി ലൈൻസ്മാന്റെ കൊടിയുയരുന്നത് കാണുമ്പോൾ നിശ്ശബ്ദമാകുന്ന രംഗങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. മറുവശത്ത് ആ രക്ഷപ്പെടലുകളെ സൗദി ആരാധകർ ആഘോഷമാക്കി.

ഇടവേള കഴിഞ്ഞെത്തിയ അർജന്റീന ആരാധകർ പ്രതീക്ഷിച്ചത് സ്വന്തം ടീമിന്റെ ഗോൾവർഷമാണ്. അതുണ്ടായില്ലെന്നതിനു പുറമെ, ഇരുവട്ടം വലകുലുക്കി സൗദി കത്തിക്കയറിയപ്പോൾ ഗാലറിയിലെ നീലവാനിൽ ഇരുട്ടുപടർന്നു. പകരം പച്ചപ്പതാകകൾ പാറിക്കളിച്ചു. മണ്ണിൽ തങ്ങളുടെ താരങ്ങൾ കത്തിക്കയറുമ്പോൾ എണ്ണത്തിൽ കുറവായിട്ടും ഗാലറിയിൽ നിർത്താതെ, ആരവങ്ങളുയർത്തി സൗദി കാണികളും മേൽക്കൈ നേടി.

അവസാന ഘട്ടത്തിൽ ഓരോ സെക്കൻഡും മാഞ്ഞുപോകുമ്പോൾ സൗദി ആശങ്കയും ആകാംക്ഷയും ചാലിച്ച് ആഘോഷിച്ചുകൊണ്ടിരുന്നു. തങ്ങളുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി യാഥാർഥ്യമാകുംവരെ. അവസാന വിസിൽ മുഴങ്ങിയതോടെ അതു നിർത്താതെ പെയ്യുന്ന ഉത്സവമായി മാറി.

അമ്മാറിനെപ്പോലെ, ടീമിന്റെ പോരാട്ടവീര്യത്തെ അത്രമേൽ വിശ്വസിച്ച ഓരോ സൗദി ആരാധകനും അതിരുകളില്ലാതെ ആഘോഷിക്കാനുള്ള സുവർണാവസരമാണ് കൈവന്നത്. ലോകം അമ്പരപ്പിക്കുന്ന അവിശ്വസനീയതയോടെ കണ്ടുനിന്ന കളി പെയ്തുതീർന്നതോടെ, ഗാലറിയിലെ തങ്ങളുടെ കാണികളെ അഭിവാദ്യം ചെയ്ത് സൗദി താരങ്ങൾ ആഘോഷപ്പൊലിമയിലേക്കുകൂടി നിരന്തരം ഗോളുകളുതിർത്തു.

Tags:    
News Summary - qatar world cup-suadi arabia-ammar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.