ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം –ബൈജു കൊടുവള്ളി
ദോഹ: ഖത്തറിനെയും ഖത്തർ ടീമിനെയും സ്നേഹിക്കുന്നവർ എല്ലാവരും തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ലുസൈലിലെത്താൻ പറഞ്ഞാണ് ആ വാട്സ്ആപ് സന്ദേശം പ്രചരിച്ചത്. കണ്ടപാതി അതിന്റെ ഭാഗമാകാൻ തീരുമാനമെടുത്തവർ ആ സന്ദേശത്തിന്റെ ഉറവിടംപോലും അന്വേഷിച്ചില്ല. ദോഹയിലെ മലയാളികൾ ഒന്നായി ലുസൈൽ ബൊളേവാഡിലേക്ക് ഒഴുകിയെത്തി.
ലുസൈൽ മെട്രോസ്റ്റേഷൻ നിറഞ്ഞുകവിഞ്ഞ് നിരയായി അവർ ദീപപ്രഭയാർന്ന പുത്തൻ പാതയോരത്തേക്ക്. കൈവഴികൾ ഒഴുകിച്ചേർന്ന് അതൊരു മഹാപ്രവാഹമായപ്പോൾ ഖത്തർകണ്ട ഏറ്റവും വലിയ ഫാൻ ഫെസ്റ്റായി അതുമാറി. അന്നാബി ടീമിന് വിജയമാശംസിക്കാനും അഭിവാദ്യങ്ങൾ നേരാനും നിറമനസ്സോടെ ഖത്തറിലെ മലയാളി സമൂഹം ഒന്നിച്ചപ്പോൾ അത് വിസ്മയവും അഭിമാനവും പകർന്ന കൂട്ടായ്മയാവുകയായിരുന്നു.
ആരും വിളിക്കാതെ, സ്വമനസ്സാലെ വന്നെത്തിയത് 15000ത്തിലേറെ പേരായിരുന്നു. ഒരു സംഘടനയുടെയും പിൻബലത്തിലായിരുന്നില്ല ആ കൂടിച്ചേരൽ. ജീവിതവഴിയിൽ വെളിച്ചം പകരുന്ന നാടിനുവേണ്ടി, ജാതിയും മതവും രാഷ്ട്രീയവും മറ്റെല്ലാ വൈജാത്യങ്ങളും മറന്ന് അവരൊന്നായി. അർജന്റീനയും ബ്രസീലും പോർചുഗലുമൊക്കെയായി ഒരാഴ്ചമുമ്പ് വേറിട്ടു നിലയുറപ്പിച്ച ആരാധകക്കൂട്ടങ്ങൾ ഖത്തർ കുപ്പായത്തിൽ ഒന്നായി മാറി. പത്തോ പന്ത്രണ്ടോ പേരുടെ മനസ്സിലുദിച്ച ആശയത്തോടൊപ്പം ആയിരങ്ങൾ ആരുടെയും പ്രേരണയില്ലാതെ പങ്കുചേർന്നു.
ഖത്തർ ടീമിനെ സ്നേഹിക്കുന്ന എല്ലാവരുടെയും പങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ കുറിപ്പ്. 'തിങ്കളാഴ്ച പരിപാടി നടത്തുന്നുണ്ട്. ലുസൈലിൽ എത്തുക' എന്ന ആവശ്യത്തോട് കുടുംബവുമൊന്നിച്ച് ആഘോഷമായെത്തിയാണ് മലയാളി സമൂഹം പ്രതികരിച്ചത്. ആറരക്ക് തുടങ്ങാൻ നിശ്ചയിച്ച പരിപാടിക്ക് മണിക്കൂറുകൾക്കുമുമ്പേ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
മെട്രോയിൽ ഹയ്യ കാർഡുള്ളവർക്ക് യാത്ര സൗജന്യമാണെന്നത് പങ്കെടുക്കാൻ നിശ്ചയിച്ചവർക്ക് കൂടുതൽ സൗകര്യമായി. എല്ലാ സംഘടനകളും ഈ കൂട്ടായ്മയിലേക്ക് ആളുകളെ എത്തിക്കാൻ സന്നദ്ധരായപ്പോൾ പ്രതീക്ഷിച്ചതിന്റെ എത്രയോ മടങ്ങ് ആളുകളെത്തി പരിപാടി വൻ വിജയമായി മാറുകയായിരുന്നു. അന്നാബി ടീമിന്റെ ജഴ്സിയണിഞ്ഞും ഖത്തറിന്റെ ദേശീയപതാക കൈകളിലേന്തിയുമാണ് മിക്കവരുമെത്തിയത്.
മെട്രോയിറങ്ങി ലുസൈൽ സ്റ്റേഡിയത്തിനരികെയുള്ള വഴിയിലൂടെ ബൊളേവാഡിലെത്തിയ ആരാധകക്കൂട്ടം ഘോഷയാത്രയായി നീങ്ങി.
ശിങ്കാരിമേളം, കോൽക്കളി, കൈകൊട്ടിപ്പാട്ട് തുടങ്ങിയവ ഉൾപ്പെടെ ആഘോഷമായി നീങ്ങിയ യാത്ര ക്രിസ്റ്റൽ ജങ്ഷനിൽ അവസാനിച്ചപ്പോൾ കുട്ടികളുടെ കൾചറൽ ഇവന്റ്സായിരുന്നു പിന്നെ. അറബിക് ഡാൻസും ഹയ്യ ഹയ്യ ഡാൻസും അരങ്ങേറിയപ്പോൾ ആളുകൾ കൈയടികളോടെ എതിരേറ്റു.
വലിയ ആൾക്കൂട്ടം മാപ്പിളപ്പാട്ടിന്റെ അകമ്പടിയിൽ താളബോധത്തോടെ കൈകൊട്ടിപ്പാടിയപ്പോൾ ആകർഷണീയതയേറെയായിരുന്നു. ലുസൈലിൽ സമയം ചെലവഴിക്കാനെത്തിയ ഖത്തരികൾ പലരും തങ്ങളുടെ ദേശീയ ടീമിനു പിന്തുണയുമായി നിരത്തിലിറങ്ങിയ മലയാളികളോടൊപ്പം ആഘോഷത്തിൽ പങ്കാളികളാകാൻ താൽപര്യം കാട്ടിയതും ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.