മെസ്സി, കിലിയൻ എംബാപെ പരിശീലനത്തിൽ
ദോഹ: ഖത്തറിന്റെ മണ്ണിൽ ഇന്ന് സൂപ്പർ താരങ്ങളുടെ പോരാട്ടകഥകൾ ചൊല്ലുന്ന ദിനമാണ്. ബ്വേനസ് എയ്റിസ് മുതൽ വൻകരകൾ കടന്ന് കേരളത്തിന്റെ മണ്ണു വരെ കൺപാർത്തിരിക്കുന്ന സ്വപ്നങ്ങളിലേക്ക് മിശിഹയും കൂട്ടുകാരും ബൂട്ടുകെട്ടും. ഖത്തർ സമയം ഉച്ച ഒന്നിന് (ഇന്ത്യൻ സമയം 3.30ന്) ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് സി പോരാട്ടത്തിൽ സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളി.
ഗ്രൂപ് ഡിയിൽ രാത്രി 10 ന് (ഇന്ത്യൻ സമയം 12.30) അൽ ജനൂബ് സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്തുകയെന്ന അപൂർവ സ്വപ്നവുമായി ബൂട്ടുകെട്ടും. കിലിയൻ എംബാപെയുടെ സംഘത്തിനെതിരെ ആസ്ട്രേലിയയാണ് അണിനിരക്കുന്നത്.
സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് ലയണൽ മെസ്സിയും സംഘവും ഖത്തറിൽ വിമാനമിറങ്ങിയത്. ഇപ്പോഴല്ലെങ്കിൽ ഇനിയെന്ന് എന്ന ചോദ്യമുന്നയിക്കുന്ന ആരാധകർക്ക് സ്വർണക്കപ്പുകൊണ്ട് ഉത്തരം നൽകാൻ മെസ്സിക്കും കൂട്ടുകാർക്കും ഇതിനേക്കാൾ മനോഹരമായൊര മുഹൂർത്തമുണ്ടാകുമോ? ഒരു വർഷം മുമ്പ് കോപ അമേരിക്ക കിരീടവും മാസങ്ങൾക്ക് മുമ്പ് ഫൈനലിസിമയിലും ജയിച്ച അർജൻറീനക്ക് അനുകൂലമായ ഒരുപാട് ഘടകങ്ങളുണ്ട്.
മെസ്സിയുടെ താരസാന്നിധ്യം, തോൽവിയറിയാതെ തുടർച്ചയായി 36 മത്സരങ്ങളിലെ കുതിപ്പ്, കോച്ച് ലയണൽ സ്കലോണിയുടെ പണിശാലയിൽ ചുട്ടെടുത്ത യുവത്വവും പരിചയ സമ്പത്തും ചേർന്ന സംഘം. കിരീടം ആശിച്ചിറങ്ങുന്ന അർജൻറീനക്ക് ഡിസംബർ 18ന് ലുസൈലിന്റെ കളിമുറ്റത്ത് സ്വർണക്കപ്പുയർത്താനുള്ള അവകാശ വാദത്തിന് അങ്ങനെ ഒരുപാട് കാരണങ്ങളുണ്ട്.
പോളണ്ട്, മെക്സികോ എന്നീ കരുത്തർ കൂടി അണിനിരക്കുന്ന ഗ്രൂപ്പിൽ തുടക്കം ഗംഭീരമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.
ഫ്രഞ്ചുകാരനായ ഹെർവി റെനാർഡിന് കീഴിലുള്ള അറേബ്യൻ ഫാൽകൺസിനെ എഴുതിതള്ളാനാവില്ല. പ്രാദേശിക ലീഗുകളിൽ കളിക്കുന്ന മിടുക്കരായ താരങ്ങളുമായാണ് സൗദിയുടെ പടപ്പുറപ്പാട്. മാത്രമല്ല, അയൽരാജ്യെമന്ന നിലയിൽ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ലുസൈലിലെ സ്റ്റേഡിയത്തിലുണ്ടാവും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന പരിശീലന സെഷനിൽ ലയണൽ മെസ്സി തനിച്ചായിരുന്നു ഗ്രൗണ്ടിലെത്തിയത്. കളിക്കാതെയും പന്ത് തൊടാതെയും ഫിസിയോയുടെ സാന്നിധ്യത്തിൽ വാംഅപ്പുചെയ്ത് താരം മടങ്ങിയപ്പോൾ ഫിറ്റ്നസ് സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു.
എന്നാൽ, മെസ്സി ഫുൾ ഫിറ്റാണെന്നാണ് ടീം ക്യാമ്പിൽ നിന്നുള്ള റിപ്പോർട്ട്. ക്ലബ് മത്സരത്തിരക്കിനിടയിലെത്തിയതിനാൽ ആവശ്യമായ വിശ്രമം എന്ന നിലയിലായിരുന്നു മെസ്സി കൂടുതൽ ആയാസപ്പെടാതെ പരിശീലനത്തിനിറങ്ങിയത്. പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനെസ്, മധ്യനിരയിലെ എസിക്വേൽ പലാസിയോസ് എന്നിവരും പരിശീലന സെഷനിൽ നിന്നും മിസ്സായിരുന്നു. അവസാന നിമിഷം പരിക്കേറ്റ യോക്വിൻ കൊറിയക്കു പകരം, തിയായോ അൽമാഡയെന്ന 21കാരനെയാണ് മധ്യനിരയിലേക്ക് വിളിച്ചത്.
മെസ്സിക്കൊപ്പം, ലൗതാറോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ എന്നിവർ മുന്നേറ്റ നിരയിലുണ്ടാവും. നികോളസ് ഒടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരുടെ പ്രതിരോധവും മികവുറ്റതാണ്. അതേസമയം, മധ്യനിരയിൽ റോഡ്രീഗോ ഡീപോളും ലിയാൻഡ്രോ പരഡെസും കളി നിയന്ത്രിക്കും.
നാലു വർഷം മുമ്പ് റഷ്യയിൽ കിരീടമുയർത്തിയ എഞ്ചിൻ അല്ല ഇന്നത്തെ ഫ്രാൻസിന്. പരിക്ക് വലക്കുന്ന ടീമിന്റെ മുന്നേറ്റവും എഞ്ചിൻ റൂമും പ്രതിസന്ധിയിലാണ്. ഖത്തറിലേക്ക് പുറപ്പെടും മുമ്പേ എൻഗോളോ കാന്റെയും പോൾ പൊഗ്ബയും പുറത്തായെങ്കിൽ, ഇവിടെയെത്തിയശേഷമാണ് ബാലൺ ഡി ഓർ തിളക്കത്തിലെത്തുന്ന കരീം ബെൻസേമ പരിക്കുപറ്റി മടങ്ങിയത്.
ഇതോടെ മുന്നേറ്റവും മധ്യനിരയും മുനയൊടിഞ്ഞ അവസ്ഥയിലാണ് ഫ്രഞ്ചുകാർ. കിലിയൻ എംബാപെയും ഒളിവിയർ ജിറൂഡും നയിക്കുന്ന മുന്നേറ്റത്തിന് കൂട്ടാവൻ അന്റോയിൻ ഗ്രീസ്മാൻ, ഉസ്മാനെ ഡെംബലെ എന്നിവരെ ഏറെ ആശ്രയിക്കേണ്ടി വരും.
അതേസമയം, ആസ്ട്രേലിയ കരുത്തുറ്റ നിരയുമായാണ് ലോകകപ്പിനെത്തുന്നത്. പ്രതിരോധം മുതൽ മുന്നേറ്റം വരെ യുവത്വവും ആക്രമണ വീര്യവുമുള്ള താരങ്ങളുടെ കോമ്പിനേഷനാണ് കരുത്ത്.
ഇൻറർകോണ്ടിനെൻറൽ പ്ലേഓഫിൽ പെറുവിനെ നിഷ്പ്രഭരാക്കിയ ഓസീസ് ഖത്തറിന്റെ മണ്ണിൽ തങ്ങളുടെ മികവു തെളിയിച്ചതുമാണ്. സെൽറ്റിക് താരം ആരോൺ മൂയ്, ജാക്സൺ ഇർവിൻ എന്നിവരുടെ പ്രതിരോധവും അഡ്ജിൻ റുസിച്, ജാമി മക്ലരൻ എന്നിവരും കൂടി ചേരുന്നതോടെ ഫ്രഞ്ച് നിരയിൽ വിള്ളൽ വീഴ്ത്താൻ ഓസീസ് പാകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.