ഇറാൻെറ സഇദ് ഇസ്തലോഹിയെ ആശ്വസിപ്പിക്കുന്ന അമേരിക്കൻ താരങ്ങളായ ജോഷ് സാർജൻറ് ആന്ദ്രെ യെദ്ലിൻ എന്നിവർ
ദോഹ: അമേരിക്കക്കെതിരെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സമനിലയെങ്കിലും ടീം അർഹിച്ചിരുന്നുവെന്ന് ഇറാൻ പരിശീലകൻ കാർലോസ് ക്വിറോസ്. അതേസമയം, ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ലോകത്തിെൻറ മുഴുവൻ ബഹുമാനവും നേടിയെടുക്കാൻ ഇറാൻ ടീമിനായെന്നും ക്വിറോസ് കൂട്ടിച്ചേർത്തു. അമേരിക്കക്കെതിരായ മത്സരശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോക്കൗട്ട് റൗണ്ടിലെത്താൻ ഒരു സമനില മാത്രം മതിയായിരുന്ന ഇറാൻ ടീം, ക്രിസ്റ്റ്യൻ പുലിസിച്ച് 38ാം മിനുട്ടിൽ നേടിയ ഗോളിന് അമേരിക്കയോട് പരാജയപ്പെടുകയായിരുന്നു. പ്രീ ക്വാർട്ടറിൽ നെതർലാൻഡ്സ് ആയിരിക്കും അമേരിക്കയുടെ എതിരാളികൾ.
'നിരവധി ക്ലബുകളെയും ദേശീയടീമുകളെയും ഞാൻ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇറാൻ കളിക്കാരെ പോലെ എല്ലാം നൽകുകയും എന്നാൽ ഒന്നും നേടാനാകാതെ മടങ്ങുകയും ചെയ്യുന്ന കളിക്കാരെ കരിയറിൽ കണ്ടിട്ടില്ല. ഞങ്ങൾ കൂടുതൽ ശക്തമായി തിരിച്ചുവരും. ലോകത്തിെൻറ മുഴുവൻ ബഹുമാനം നേടുന്നതിൽ പൂർണമായും വിജയിക്കുകയും ചെയ്യും' -ക്വിറോസ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ടീമിനെതിരെ സ്കോർ ചെയ്യാൻ കഴിയാത്തതിൽ സങ്കടമുണ്ട്. ഗ്രൂപ്പിൽ ഏറ്റവും സ്ഥിരതയുള്ള ടീം അമേരിക്കയാണെന്ന് ഞാൻ മത്സരത്തിന് മുമ്പ് പറഞ്ഞിരുന്നു- അദ്ദേഹം വ്യക്തമാക്കി.
മത്സരം വിജയിച്ച അമേരിക്കൻ ടീമിനെ അഭിനന്ദിച്ച അദ്ദേഹം, തോൽവിയല്ല, സമനിലയാണ് ഈ മത്സരത്തിൻെറ ഫലം. മികച്ച താരങ്ങളുൾപ്പെടുന്ന ഇറാൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു -അദ്ദേഹം വിശദീകരിച്ചു.
ഇറാന് പുറമേ, സ്വന്തം രാജ്യമായ പോർച്ചുഗൽ, കൊളംബിയ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, യു.എ.ഇ എന്നീ രാജ്യങ്ങളെയും സ്പോർട്ടിംഗ്, റിയൽ മാഡ്രിഡ് തുടങ്ങിയ വമ്പൻ ക്ലബുകളുടെയും പരിശീലകനായും രണ്ട് തവണ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സഹ പരിശീകലകനായും കാർലോസ് ക്വിറോസ് പ്രവർത്തിച്ചിട്ടുണ്ട്. 2011 മുതൽ 2019 വരെ ഇറാൻ പരിശീലകനായിരുന്ന ക്വിറോസ് പിന്നീട് കൊളംബിയയുടെയും ഈജിപ്തിെൻറയും പരിശീലക സ്ഥാനമേറ്റെടുത്തതിന് ശേഷം ഈ വർഷം ആദ്യത്തിലാണ് വീണ്ടും പേർഷ്യൻ പടയാളികളുടെ ചാണക്യനായി അവരോധിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.