ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും ഫിൽ ഫോഡനും പരിശീലനത്തിനിടെ
ദോഹ: നവീകരിച്ച ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നേട്ടങ്ങളുടെ പുതിയ പുലരികളിലേക്ക് പ്രതീക്ഷയോടെ ഇംഗ്ലണ്ട്. പതിവു നിരാശകൾക്ക് അറുതിവരുത്താനുള്ള മോഹങ്ങളുമായി ഇറാനും. ഗ്രൂപ് ബിയിൽ ആദ്യ അങ്കത്തിൽ ഇരുനിരകളും അങ്കത്തിനിറങ്ങുമ്പോൾ ആവേശമുയരും.
മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്തനായ പ്രതിരോധഭടൻ കെയ്ൽ വാക്കർ പരിക്കിനുശേഷം പൂർണ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെങ്കിലും കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരെ വാക്കർ കളിക്കില്ല. എവർട്ടണിന്റെ ഗോൾവല കാക്കുന്ന ജോർഡാൻ പിക്ഫോർഡാണ് ബാറിനു കീഴെ ഗ്ലൗസണിയുന്നത്.
മാഞ്ചസ്റ്റർ യുനൈറ്റഡ് താരങ്ങളായ ഹാരി മഗ്വയർ, ലൂക് ഷോ, ന്യൂകാസിൽ യുനൈറ്റഡിന്റെ നായകൻ കീറൻ ട്രിപ്പിയർ, മാഞ്ചസ്റ്റർ സിറ്റിയുടെ ജോൺ സ്റ്റോൺസ് എന്നിവരാകും ഇന്ന് പിൻനിരയിൽ കോട്ടകെട്ടാനിറങ്ങുക. വെസ്റ്റ്ഹാമിന്റെ ഡിഫൻസിവ് മിഡ്ഫീൽഡർ ഡെക്‍ലാൻ റൈസ് ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സഹായകമാകും.
ഇറാന്റെ കരീം അൻസാരിഫെർദ്
പരിശീലനത്തിൽ
ജർമനിയിൽ ബൊറൂസിയക്ക് കളിക്കുന്ന 19 വയസ്സു മാത്രമുള്ള മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാമിനെ ഇറാനെതിരെ കോച്ച് െപ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. സെൻട്രൽ മിഡ്ഫീൽഡിൽ പരിചയസമ്പന്നനായ ജോർഡാൻ ഹെൻഡേഴ്സണ് നറുക്കു വീഴുമോയെന്ന് കാത്തിരുന്നു കാണണം. ചെൽസിയുടെ മാസൺ മൗണ്ടായിരിക്കും മധ്യനിരയിൽ കരുനീക്കാനിറങ്ങുന്ന മറ്റൊരാൾ.
ജാക് ഗ്രീലിഷ്, മാർകസ് റാഷ്ഫോർഡ്, ബുകായോ സാക എന്നീ മിടുക്കർ പകരക്കാരുടെ ബെഞ്ചിലിരിക്കുമ്പോഴറിയാം ഇംഗ്ലീഷ് ആക്രമണനിരയുടെ ആഴം. നായകൻ ഹാരി കെയ്നിനൊപ്പം യുവതാരങ്ങളായ റഹീം സ്റ്റെർലിങ്ങും ഫിൽ ഫോഡനും ചേർന്നാൽ ഏതു പ്രതിരോധവും പിളർത്താനാവുമെന്നുറപ്പ്.
കരുത്ത്: അർധാവസരങ്ങൾപോലും ഗോളാക്കി മാറ്റാൻ കഴിയുന്ന ഹാരി കെയ്നിന്റെ സാന്നിധ്യം. അയാളെ പിന്തുണക്കാൻ സ്റ്റെർലിങ്, ഫോഡൻ, സാക അടക്കം ക്രിയേറ്റിവായി കളിക്കാൻ കഴിയുന്ന യുവതാരങ്ങളുടെ ബാഹുല്യം.
ദൗർബല്യം: പരിക്കും മോശം ഫോമും കാരണം അത്രമേൽ ആത്മവിശ്വാസം പുലർത്താത്ത പ്രതിരോധം. ഭാവനാസമ്പന്നമായ നീക്കങ്ങളിലൂടെ മുൻനിരക്ക് നിരന്തരം പന്തെത്തിക്കാൻ മധ്യനിരക്ക് പ്രാപ്തിയുണ്ടോയെന്നും പരീക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇറാനിത് ഹാട്രിക് ലോകകപ്പ്. കഴിഞ്ഞ രണ്ടു തവണയും ഗ്രൂപ് റൗണ്ട് പിന്നിടാനാവാത്ത നിരാശ മാറ്റാനാകും അവരുടെ ശ്രമം. പോർചുഗൽ, ജർമനി, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകൾക്കായി ബൂട്ടണിയുന്ന ഒരുപിടി താരങ്ങളാണ് ഇറാനുവേണ്ടി കളത്തിലിറങ്ങുന്നത്.
ഡൈനാമോ സാഗ്റബിന്റെ സദേഗ് മുഹമ്മദി, എ.ഇ.കെ. ആതൻസിന് കളിക്കുന്ന മിലാദ് മുഹമ്മദി, പെരെസ്പോളിസിന് ബൂട്ടണിയുന്ന മുർതസ പൗരാളിഗൻജി, മജീദ് ഹുസൈനി എന്നിവരാണ് പ്രതിരോധത്തിൽ. സമനില ലക്ഷ്യമിട്ട്, പിന്നണിയിൽ പഴുതില്ലാതെ കാവൽനിൽക്കുകയെന്ന തന്ത്രത്തിലൂന്നി 'ബസ് പാർക്കിങ്' തന്ത്രങ്ങളാവും പതിവുപോലെ ഇറാൻ അവലംബിക്കുക.
സഈദ് ഇസ്സത്തുല്ലാഹിയും അഹ്മദ് നൂറുല്ലാഹിയും മധ്യനിരയെ നയിക്കും. ഫെയനൂർദ് സ്ട്രൈക്കർ അലി റേസ ജഹൻബക്ഷ് ആണ് ടീമിന്റെ നായകൻ. കഴിഞ്ഞ ലോകകപ്പിൽ പോർചുഗലിനെതിരെ സുവർണാവസരം തുലച്ച മെഹ്ദി തരേമിയാകും മുൻനിരയിൽ ക്യാപ്റ്റനൊപ്പം. പോർചുഗലിലെ മുൻനിര ടീമായ പോർട്ടോക്ക് കളിക്കുന്ന തരേമിക്ക് റഷ്യയിലെ നൈരാശ്യത്തിന് കണക്കുതീർക്കേണ്ടതുമുണ്ട്.
കരുത്ത്: വമ്പൻ എതിരാളികൾക്കെതിരെ പ്രതിരോധത്തിൽ പടുകോട്ട കെട്ടിയുള്ള നീക്കങ്ങൾ ഫലപ്രദം. കാർലോസ് ക്വീറോസ് വീണ്ടും പരിശീലകനായെത്തിയത് ഡിഫൻസിവ് സ്ട്രാറ്റജിയെ കനപ്പിക്കും.
ദൗർബല്യം: ടീമിൽ പടലപ്പിണക്കങ്ങളുണ്ടെന്ന സൂചനകൾ കളിയെ ബാധിച്ചാൽ തുടക്കം മോശമാവും. വമ്പൻ വേദികളിൽ അവസരങ്ങൾ യഥാസമയം മുതലെടുക്കാൻ കഴിയാത്തവരെന്ന പഴിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.