ഗോൾ നേടിയ

ഓസീസ് താരം

മി​ച്ച​ൽ ഡ്യൂ​ക്ക്

സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ

കലക്കി സോക്കറൂസ്

ദോഹ: അൽ രിഹ്‍ലക്കു പിറകെ, 90 മിനിറ്റും പാഞ്ഞുനടന്ന സോക്കറൂസിന് എതിരാളികൾ രണ്ടു കൂട്ടരായിരുന്നു. കളത്തിൽ ആക്രമിച്ചു കളിച്ച തുനീഷ്യയുടെ 11പേരും, അൽ ജനൂബിലെ ഗാലറിയെ ചുവപ്പിച്ച ആരാധകക്കൂട്ടവും. ചെങ്കടലായി മാറിയ ഗാലറിയിൽ പക്ഷേ, ഏതാനും ഭാഗങ്ങളിൽ ഒതുങ്ങിയ മഞ്ഞപ്പട പകർന്ന ഊർജം കളത്തിലേക്ക് ആവാഹിച്ച് സോക്കറൂസ് പിടിച്ചു നിന്നു.

ഒടുവിൽ, കളിയുടെ 23ാം മിനിറ്റിൽ മിച്ചൽ ഡ്യൂക്കിലൂടെ അൽപം ഭാഗ്യത്തിന്റെ അകമ്പടിയിൽ പിറന്ന ഗോളിൽ ആസ്ട്രേലിയ ഖത്തറിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഗ്രൂപ് 'ഡി'യിൽ ആദ്യ അങ്കത്തിൽ കരുത്തരായ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ പിടിച്ചു കെട്ടിയാണ് തുനീഷ്യ വന്നത്. എന്നാൽ, സോക്കറൂസാവട്ടെ, നിലവിലെ ലോകചാമ്പ്യന്മാർ കൂടിയായ ഫ്രാൻസിന് മുന്നിൽ ഗോളുകൾ വാങ്ങികൂട്ടി 4-1ന് തരിപ്പണമായി.

ആദ്യ കളിയിൽ വൻ തോൽവിയുടെ നാണക്കേട് മായ്ക്കാനിറങ്ങിയ ആസ്ട്രേലിയ അറ്റാക്കിങ് മൂഡിലായിരുന്നു കളി തുടങ്ങിയത്. ആരോൺ മൂയ്, മിച്ചൽ ഡ്യൂക്, ജാക്സൺ ഇർവിൻ എന്നിവർ ഏകോപനത്തോടെ തന്നെ ഒന്നാം മിനിറ്റ് മുതൽ പന്ത് ചലിപ്പിച്ചു. അതിന്റെ ഫലം 23ാം മിനിറ്റിൽ പിറന്നു.

മി​ച്ച​ൽ ഡ്യൂ​ക്കിന്റെ മകൻ ഗാലറിയിലിരുന്ന് ആംഗ്യം കാണിക്കുന്ന ദൃശ്യം

അതേസമയം, ശക്തമായ പ്രതിരോധം തീർത്ത് അവർ തുനീഷ്യക്കാരെ സ്വന്തം ബോക്സിൽ നിന്നും അകറ്റി. വിങ്ങിലൂടെ പിറന്ന നീക്കം ഗോളിൽ അവസാനിച്ചതോടെ കളിയിൽ ഓസീസിന് കാര്യമായ മേൽക്കൈ ഉറപ്പിച്ചു. ഇടതു വിങ്ങിൽ നിന്നും കയറിയെത്തിയ ക്രെയ്ഗ് ഗുഡ്വിൻ ഉയർത്തി നൽകിയ പന്തിനെ ഡിഫൻഡ് ചെയ്യാനുള്ള തുനീഷ്യൻ താരത്തിന്റെ ശ്രമം പന്തിന്റെ ഗതി മാറ്റി.

ബൂട്ടിനടിയിൽ സ്പർശിച്ച ബാൾ വഴിതെറ്റിയപ്പോൾ ഗോളിക്കും മറ്റു പ്രതിരോധക്കാർക്കും സ്ഥാനം പിഴച്ചു. അവസരം മുതലെടുത്ത മിച്ചൽ ഡ്യൂകിന്റെ ഹെഡർ തുനീഷ്യൻ ഗോളി അയ്മൻ ഡഹ്മാനെ മറികടന്ന് വലയിലേക്ക്. കഴിഞ്ഞ കളിയിൽ ഡെന്മാർക്കിന്റെ ഇരുതലമൂർച്ചയുള്ള ആക്രമണങ്ങളെ സമർഥമായി പ്രതിരോധിച്ച തുനീഷ്യക്ക് അൽ ജനൂബിൽ പിഴച്ച ഏക നിമിഷം.

രണ്ടാം പകുതിയിൽ കൂടുതൽ ഏകോപനത്തോടെയായിരുന്നു തുനീഷ്യൻ ആക്രമണങ്ങൾ. ഇസാം ജിബൈലും നഇൗം സ്ലിതിയും എല്ലിസ് സിഖ്രിയും നയിച്ച മുന്നേറ്റം സോക്കറൂസ് പാളയത്തിൽ തുടരെ തുടരെ പരിഭ്രാന്തി പടർത്തി. ബോക്സിനുള്ളിൽ കയറി ഷോട്ടിനു ശ്രമിച്ചവരെ ഏറെ പണിപ്പെട്ടാണ് സോക്കറൂസുകാർ തടഞ്ഞിട്ടത്.

തുടർച്ചയായ സബ്സ്റ്റിറ്റ്യൂഷനുകളുമായി ആക്രമണത്തിന് മൂർച്ച കൂട്ടിയെങ്കിലും ഓസീസുകാർ കുലുങ്ങിയില്ല. ഗോൾ കീപ്പറും നായകനുമായ മാത്യൂ റ്യാനും മിന്നും ഫോമിലായിരുന്നു. തുനീഷ്യക്കാർ ഇരുവിങ്ങുകളും ചടുലമാക്കിയും, നിരന്തരം കോർണറും സെറ്റ് പീസും സ്വന്തമാക്കിയും അവസരങ്ങൾ തുറന്നെങ്കിലും ശനിയാഴ്ചയിൽ ഭാഗ്യം സോക്കറൂസിനൊപ്പമായിരുന്നു. ഒടുവിൽ ഒരു ഗോളിന്റെ മികവിൽ ജയവും തേടിയെത്തി.

12 വർഷത്തിനിടയിൽ സോക്കറൂസിന്റെ ആദ്യലോകകപ്പ് വിജയം കൂടിയായി ഇത്. 2010ലായിരുന്നു അവസാന വിജയം. കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഒരു ജയവുമില്ലാതെ ഗ്രൂപ് റൗണ്ടിൽ പുറത്താവുകയായിരുന്നു ഇവർ. അടുത്ത മത്സരത്തിൽ ഡെന്മാർക്കിനെ കീഴടക്കിയാൽ സോക്കറൂസിന് 2006ന് ശേഷം ആദ്യ പ്രീക്വാർട്ടർ പ്രവേശനവുമാവും.

Tags:    
News Summary - qatar world cup-football-australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.