കളിയുടെ കനകവല്ലരിയിൽ ഇന്ന് ചരിത്രനേട്ടങ്ങളുടെ വിളവെടുപ്പുദിനം

ദോഹ: ലോകമേ കാതോർക്കൂ...കതാറയുടെ മണ്ണിൽ ഇന്ന് കലാശപ്പോരിന്റെ കാഹളം മുഴങ്ങുകയാണ്. ഭൂമിയിൽ മനുഷ്യരാശിയുടെ സന്തോഷവും സന്താപവും ആകാംക്ഷയും ആശങ്കകളുമെല്ലാം കൂടുകൂട്ടുന്ന ഏറ്റവും വലിയ ഉത്സവത്തിന് ഞായറാഴ്ച ലുസൈലിൽ കൊടിയിറങ്ങുന്നു. ലോകം ഇത്രമേൽ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന മറ്റൊരു മുഹൂർത്തവുമില്ലതന്നെ. നാലു വർഷത്തിലൊരിക്കൽ പൂത്തുതളിർക്കുന്ന കളിയുടെ കനകവല്ലരിയിൽ ഇന്ന് ചരിത്രനേട്ടങ്ങളുടെ വിളവെടുപ്പുദിനമാണ്.

പരമോന്നത കിരീടത്തിലേക്ക് പന്തടിച്ചു കയറാനൊരുങ്ങി ഇതിഹാസ താരം ലയണൽ മെസ്സിയുടെ അർജന്റീനയും ഹ്യൂഗോ ലോറിസിന്റെ ഫ്രാൻസും. വാഴുന്നവർ കളിയുടെ അൾത്താരയിൽ അത്രമേൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുമെന്നുറപ്പ്. വീണുപോകുന്നവരാകട്ടെ, ഒരുപാടു പോരാട്ടവഴികളിലൂടെ കടഞ്ഞെടുക്കപ്പെട്ടതിനൊടുവിൽ കപ്പിനും ചുണ്ടിനുമരികെ ആ വിശ്വവിജയം കൈവിട്ടുപോയതോർത്ത് പിന്നീടുള്ള കാലങ്ങളിൽ നഷ്ട സ്വപ്നങ്ങളുടെ പെനാൽറ്റി ബോക്സിൽ തളച്ചിടപ്പെടുകയും ചെയ്യും.

ഖത്തറിന്റെ ദേശീയ ദിനത്തിലാണ് കളിയുടെ കലാശപ്പോരിന് വിസിൽ മുഴങ്ങുന്നത്. ലോകത്തെ വിസ്മയിപ്പിച്ച കായിക സംഘാടനത്തിന്റെ പൂർണതക്കൊടുവിൽ ഖത്തറിന്റെയും ഫുട്ബാളിന്റെയും ആഘോഷങ്ങൾ ഒന്നായിച്ചേരുന്ന അപൂർവമുഹൂർത്തം. ലുസൈൽ അതിന്റെ ആരവങ്ങളിൽ മുങ്ങിയ അരങ്ങാവും. 90000പേരെ ഉൾക്കൊള്ളുന്ന ഗാലറിയിൽ നീലപ്പട്ടു വിരിച്ചതുപോലെ നിറഞ്ഞുപരക്കുന്ന അർജന്റീന ആരാധകർ ഈണത്തിൽ സ്തുതിപാടി തങ്ങളുടെ ടീമിനെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. താഴെ കളിയിൽ എന്തുനടന്നാലും, ഗാലറിയിൽ ചുരുക്കം ഫ്രഞ്ച് ആരാധകരുടെ എല്ലാ 'ചെറുത്തുനിൽപും' അവരുടെ കടലിരമ്പത്തിൽ മുങ്ങിപ്പോവും.

ഖത്തറിന്റെ സുദിനത്തിൽ, ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ ഫുട്ബാൾ ലോകകപ്പ് എന്ന വിശേഷണവുമായി ഈ മണ്ണിൽ വിശ്വപോരാട്ടങ്ങൾ പെയ്തുതോരുമ്പോൾ അതിഥികളായെത്തിയവരെല്ലാം അങ്ങേയറ്റം സന്തോഷവാന്മാരാണ്. കളികളാവട്ടെ, സമീപകാല ചരിത്രത്തിൽ ഫുട്ബാളിന്റെ പരമമായ ആവേശം പ്രതിഫലിപ്പിക്കുന്നതും അങ്ങേയറ്റം ത്രസിപ്പിക്കുന്നതും. എല്ലാ വിമർശനങ്ങളുടെയും മുഖമടച്ച് പ്രഹരിച്ച ഗംഭീര ജയമാണിത്. ഇന്നത്തെ കലാശപ്പോരിൽ ആരു ജയിച്ചാലും ശരി, കളി കൊടിയിറങ്ങുംമുമ്പേ, ഈ ടൂർണമെന്റിൽ ആദ്യം വിജയത്തിന്റെ കപ്പുയർത്തിയത് ഖത്തറാണ്. അത്രയ്ക്കും സ്മരണീയമായ ഓർമകളും മുഹൂർത്തങ്ങളും സമ്മാനിച്ചാണ് ഈ വിശ്വമേളക്ക് അന്തിമ വിസിൽ മുഴങ്ങുന്നത്.

Tags:    
News Summary - Qatar World Cup Final Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.