ദോഹ: മാച്ച് ടിക്കറ്റെടുത്ത്, ഹയ്യാ കാർഡ് അംഗീകാരം നേടിയ വിദേശ കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശന അനുമതിയായ എൻട്രി പെർമിറ്റ് ഇ-മെയിൽ വഴി അയച്ചുതുടങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷത്തോളം ആരാധകർക്കാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആനഡ് ലെഗസിയിൽ നിന്നും എൻട്രി പെർമിറ്റുകൾ അയച്ചത്. നവംബർ ഒന്നുമുതൽ വിദേശ കാണികൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.
ക്യൂ.ആർ കോഡും ഫോട്ടോയും ഉൾപ്പെടുന്നതാണ് എൻട്രി പെർമിറ്റ്. പേര്, രാജ്യം, ഹയ്യാ കാർഡ് നമ്പർ, കാലാവധി തീയതി എന്നിവയും ഉൾക്കൊള്ളുന്നു. മടക്കിവെക്കാവുന്ന തരത്തിൽ നാലുഭാഗങ്ങളായാണ് പെർമിറ്റുള്ളത്. സ്കാൻ ചെയ്യാൻ കഴിയുന്ന രൂപത്തിൽ എ ഫോർ പേപ്പറിൽ നല്ല പ്രിന്റ് എടുത്ത് പെർമിറ്റ് സൂക്ഷിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
ക്യൂ.ആർ കോഡ് സ്കാനർ: യാത്രക്കാരന്റെ ഫോട്ടോയോടു ചേർന്നാണ് ക്യൂ.ആർ കോഡ് നൽകിയിരിക്കുന്നത്. സ്കാൻ ചെയ്യുമ്പോൾ ഔദ്യോഗിക യാത്രാ പെർമിറ്റ് കാണാൻ കഴിയും. ഹയ്യാ കാർഡ് നമ്പർ, ആപ്ലിക്കേഷൻ സ്റ്റാറ്റസ്, കാലാവധി, രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന ദിനം, വ്യക്തിഗത വിവരങ്ങൾ, പാസ്പോർട്ട് വിശദാംശങ്ങൾ എന്നിവ ക്യു.ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ലഭ്യമാവും.
ആപ്ലിക്കേഷൻ സ്റ്റാറ്റസ് അപ്രൂവ് എന്നായിരിക്കണം. കാണികൾക്ക് നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ഹയ്യാ കാർഡ് വഴി പ്രവേശനം അനുവദിക്കുക. എൻട്രി പെർമിറ്റിലെ വിവരങ്ങൾ, യാത്രക്കാരന്റെ പാസ്പോർട്ടിലെ വിവരങ്ങളുമായി സാമ്യമുണ്ടായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.