ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി
കെയ്ൻ പരിശീലനത്തിനിടെ ഓട്ടോഗ്രാഫ് നൽകുന്നു
ദോഹ: ഖത്തറിൽ കപ്പുയർത്താൻ സാധ്യത കൽപിക്കപ്പെടുന്ന ഇംഗ്ലണ്ട് ഗ്രൂപ് ബിയിൽ ടീമിന്റെ ആദ്യ കളിയിൽ ഇറാനെതിരെ അടിച്ചുകയറ്റിയത് ആറു ഗോളുകളാണ്. അതിന്റെ സന്തോഷത്തെക്കാളേറെ ഇംഗ്ലീഷ് കോച്ച് ഗാരെത് സൗത്ഗെയിറ്റിനെ അലട്ടുന്നത് ടീം വാങ്ങിക്കൂട്ടിയ ഗോളുകളാകും.
ദുർബലരായ ഇറാൻ രണ്ടുവട്ടം തങ്ങളുടെ വല കുലുക്കിയെങ്കിൽ കുറെകൂടി കരുത്തോടെ പന്തുതട്ടുമെന്നുറപ്പുള്ള യു.എസിനെതിരെ ഇന്ന് കളിക്കുമ്പോൾ എത്ര ഗോൾ വീഴുമെന്നതാണ് ടീമിനെ അലട്ടുന്നത്. വെയിൽസിനെതിരെ ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞ യു.എസിന് ഇംഗ്ലണ്ട് കൂടുതൽ കരുത്തരാണെങ്കിലും വിജയം തേടിത്തന്നെയാണ് ഗ്രെഗ് ബെർഹാൾട്ടറുടെ സംഘം ഇറങ്ങുന്നത്.
പ്രതിഭാധാരാളിത്തം ഇംഗ്ലണ്ടിനെ മുന്നിൽനിർത്തുന്നു. ഏതു പൊസിഷനിലും ഒന്നിലേറെ സാധ്യതകൾ. ആക്രമണത്തിലാകട്ടെ ഇരട്ടി കരുത്ത്. രണ്ടു ഗോളടിച്ച് ബുക്കായോ സാക്ക, ഇളമുറക്കാരൻ ജൂഡ് ബെല്ലിങ്ങാം, റഹീം സ്റ്റെർലിങ്, മാർകസ് റാഷ്ഫോഡ്, ജാക് ഗ്രീലിഷ് എന്നിവരെല്ലാം കഴിഞ്ഞ കളിയിൽ ഗോൾ നേടിയവർ.
എന്നാൽ, യു.എസിനും പഴയ ആധികളൊന്നുമില്ല. ചെൽസി വിങ്ങൾ ക്രിസ്റ്റ്യൻ പുലിസിച്ച് തന്നെ ടീമിന്റെ കുന്തമുന. ജയിക്കാനായാൽ ഇംഗ്ലീഷ് സംഘം അനായാസം നോക്കൗട്ടിലെത്തും. അതുതന്നെ സംഭവിക്കാനാണ് സാധ്യതയും.
എന്നാലും അട്ടിമറികളേറെ കണ്ട ഖത്തർ മൈതാനത്ത് അർജന്റീനയും ജർമനിയും തോൽവി വഴങ്ങിയത് ഇംഗ്ലണ്ടിനു മുന്നിലും ആധി കൂട്ടുന്ന വിഷയം. ഇരു ടീമുകളും മുഖാമുഖം നിന്ന 11 തവണയിൽ എട്ടും ജയിച്ച റെക്കോഡുള്ളവരാണ് ഇംഗ്ലണ്ട്. അതിന്റെ തുടർച്ച തേടിയാണ് അൽബയ്ത് സ്റ്റേഡിയത്തിൽ ഇംഗ്ലീഷ് ആരാധകപ്പട എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.