ദോഹ: ലോകമെങ്ങുമുള്ള അർജൻറീന ആരാധകർ സമീപകാലത്തൊന്നും ലുസൈൽ സ്റ്റേഡിയത്തിലെ ആ പകൽ കാഴ്ച മറക്കില്ല. സൗദി അറേബ്യയോടേറ്റ ഞെട്ടിപ്പിക്കുന്ന തോൽവിയുടെ ആഘാതം അത്രമാത്രമാണ് ടീമിനെ ഉലച്ചത്. ആദ്യം പെനാൽറ്റിയിലൂടെ ഗോൾ നേടുകയും, പിന്നാലെ, മൂന്ന് ഗോളുകൾ ഓഫ് സൈഡ് ട്രാപിൽ കുടുങ്ങി നിഷേധിക്കപ്പെടുകയും ചെയ്തതോടെ ആരാധകരുടെ സ്വപ്നങ്ങളാണ് വീണുടഞ്ഞത്.
അർജൻറീനയുടെ തോൽവിയിൽ മാത്രമല്ല, ഖത്തറും എക്വഡോറും തമ്മിലെ ഉദ്ഘാടന മത്സരത്തിൽ തന്നെ 'ഓഫ് സൈഡ്' പിടിക്കാൻ ടെക്നോളജി കളി തുടങ്ങിയിരുന്നു. മത്സരത്തിൻെറ മുന്നാം മിനിറ്റിൽ എക്വഡോർ താരം എന്നർ വലൻസിയ നേടിയ ഗോളിനു പിന്നിലെ ഓഫ് സൈഡ് ഏറ്റവും വേഗത്തിൽ തിരിച്ചറിയുകയും ഗോൾ നിഷേധിക്കുകയും ചെയ്താണ് ഓഫ് സൈഡിലെ വാർ ഖത്തറിൽ അരങ്ങേറ്റം കുറിച്ചത്.
റഫറിമാരുടെ ശ്രദ്ധയിൽ പെട്ടില്ലെങ്കിലും മാച്ച് ബാളായ അൽ രിഹ്ലക്കുള്ളിൽ അടക്കം ചെയ്ത സാങ്കേതിക വിദ്യയിൽ എല്ലാം പുറത്തുവരുമെന്നതാണ് അവസ്ഥ. ലോകകപ്പ് ഉദ്ഘാടനത്തിലെ ഏറ്റവും വേഗമേറിയ ഗോളായി റെക്കോഡ് ബുക്കിൽ ഇടം പിടിക്കുമായിരുന്ന എന്നർ വലൻസിയയുടെ നേട്ടമായിരുന്നു 'വാറി' വീണത്.
ഫ്രീകിക്ക് ഷോട്ടിലൂടെയെത്തിയ പന്ത് സ്വീകരിക്കാനുള്ള ശ്രമത്തിനിടെ എക്വഡോർ താരം മൈകൽ എസ്ട്രാഡയും, സേവ് ചെയ്യാനെത്തിയ ഖത്തർ ഗോളി സഅദ് അൽ ഷീബും ഒന്നിച്ചു ചാടിയ നിമിഷമായിരുന്നു 'ട്രാപ്പായി' മാറിയത്. എക്വഡോർ താരത്തിൻെറ കാൽപാദം ഗോളിയെ മറികടന്നത് തിരിച്ചറിഞ്ഞതോടെയാണ് 'വാർ' ഓഫ് സൈഡ് വിളിച്ചതും ഗോൾ നിഷേധിച്ചതും.
ലോകത്ത് കളി കണ്ട ഒരു മനുഷ്യനും ആ ഓഫ് സൈഡ് ആയി തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല എന്നായിരുന്നു ബി.ബി.സി കമൻററിക്കിടയിൽ മുൻ ഇംഗ്ലീഷ് താരം അലൻ ഷിയറർ പറഞ്ഞത്. ഇംഗ്ലണ്ട്-ഇറാൻ, നെതർലൻഡ്സ് -എക്വഡോർ, ഡെന്മാർക്-തുനീഷ്യ തുടങ്ങി നിരവധി മത്സരങ്ങളിൽ ഈ കാഴ്ചകൾ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.