ഖൽബിലാണ് ഖത്തർ, ഇതു കലക്കൻ ലോകകപ്പ്

പടിഞ്ഞാറോട്ട് തിരിഞ്ഞുനിന്ന് ഖത്തർ ആത്മസംതൃപ്തിയോടെ ചിരിക്കുകയാണ്. പാശ്ചാത്യൻ പ്രചാരണങ്ങളും കൊണ്ടുപിടിച്ച കുതന്ത്രങ്ങളും ഏശാതെപോയ മണ്ണിൽ കാൽപന്തിന്റെ താളം ലോകത്തെ ഒന്നിപ്പിക്കുമ്പോൾ ഇതിൽ കൂടുതലെന്തു സന്തോഷം വേണം? യൂറോപ്യൻ മാധ്യമങ്ങൾ നിരന്തരം നുണക്കഥകളും വസ്തുതാവിരുദ്ധ റിപ്പോർട്ടുകളും എഴുതിപ്പിടിപ്പിച്ചിട്ടും ഒന്നും പച്ചതൊട്ടില്ല.

പകരം, പച്ചയണിഞ്ഞ എട്ടു മൈതാനങ്ങളിൽ നിറഗാലറിക്കുകീഴെ മത്സരങ്ങൾ വിളയാടിത്തിമിർക്കുമ്പോൾ സംഘാടനത്തെ പ്രകീർത്തിക്കുകയാണ് ലോകം. ലോകം ഇന്നേവരെ കാണാത്ത രീതിയിൽ കെട്ടിലും മട്ടിലും ആവേശത്തിലും ഖത്തർ കളം നിറഞ്ഞുകളിക്കുമ്പോൾ വിമർശകർ വിയർത്തുരുകുന്നു.

ഇംഗ്ലണ്ടിലെ ക്രിസ്റ്റൽ പാലസിൽനിന്നാണ് പീറ്റർ ലോകകപ്പിനെത്തുന്നത്. ''എന്തു മനോഹരമാണ് ഖത്തർ. ഇവിടെ ലോകകപ്പ് നടത്തുന്നതിനെതിരായ പ്രചാരണങ്ങളൊക്കെ നാട്ടിൽ ശക്തമാണ്. യഥാർഥ ഫുട്ബാൾ പ്രേമികൾ അതൊന്നും മുഖവിലക്കെടുത്തിട്ടില്ല.

ഒട്ടേറെ ഇംഗ്ലീഷ് കാണികൾ ഖത്തറിലെത്തിയിട്ടുണ്ട്. ഇവിടെ എല്ലാറ്റിനും വലിയ വില കൊടുക്കേണ്ടിവരുമെന്നും ചെലവ് വളരെ കൂടുതലായിരിക്കുമെന്നുമായിരുന്നു പ്രധാന പ്രചാരണങ്ങളിലൊന്ന്. അതിലൊന്നും ഒരു സത്യവുമില്ലെന്ന് ഇവിടെ വന്നപ്പോൾ മനസ്സിലായി. മെട്രോ ട്രെയിനിലും ബസിലുമൊക്കെ പണമൊന്നും നൽകാതെ, തീർത്തും സൗജന്യമായി നമുക്ക് എവിടെ വേണമെങ്കിലും പോകാം. വേറെ ഏതു രാജ്യത്തിന് നൽകാനാവും ഇതൊക്കെ?'' പീറ്റർ വാചാലനാവുന്നു.

സമാനമായ പ്രതികരണമാണ് യൂറോപ്പ് ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കാണികൾക്ക് മുഴുവൻ. ഖത്തറിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും മാനിച്ചുകൊണ്ടുതന്നെ സൂഖുകളിലും പാർക്കുകളിലുമൊക്കെ അവർ ആഘോഷത്തിന്റെ അലയൊലികൾ തീർക്കുന്നു.

''ഇവിടത്തെ ആളുകൾ ഏറെ സ്നേഹമുള്ളവരാണ്. ദോഹ അതിമനോഹരമായ നഗരം. ആധുനിക സാങ്കേതികതയും പാരമ്പര്യത്തിന്റെ പകിട്ടും ചേർന്ന നിർമിതികൾക്കൊക്കെ എന്തു ഭംഗിയാണ്'' -ഭാര്യക്കും സുഹൃത്തുക്കൾക്കുമൊപ്പം പോർചുഗലിൽനിന്നെത്തിയ യോവോ കോസ്റ്റയുടെ വാക്കുകൾ.

മുനയൊടിഞ്ഞുപോയ വിമർശനങ്ങൾ

കാലാവസ്ഥയും ഗതാഗത സൗകര്യവും ഉൾപ്പെടെ പലവിധ ആശങ്കകളും മുൻവിധികളും കോർത്തിണക്കിയാണ് വിമർശകർ ഖത്തറിനെ പ്രതിക്കൂട്ടിൽ നിർത്തിയത്. ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ നവംബർ-ഡിസംബർ മാസങ്ങളിൽ നടത്തുമ്പോൾ കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും വിഘാതം സൃഷ്ടിക്കുമെന്നായിരുന്നു ആരോപണം.

എന്നാൽ, അകത്തും പുറത്തും കുളിർമയുള്ള ലോകകപ്പായി ഇത് മാറിയപ്പോൾ ആ വിമർശനങ്ങൾ ഗോൾലൈൻ കടന്നില്ല. സ്റ്റേഡിയത്തിൽ എയർ കണ്ടീഷൻ സൗകര്യമൊരുക്കി ഗാലറിയിലെ കാണികളെ ഇത്ര ഹൃദ്യമായി വരവേറ്റ മറ്റേത് ലോകകപ്പുണ്ട്? എട്ടിൽ ഏഴും പുതിയ സ്റ്റേഡിയങ്ങളാണ്. എല്ലായിടത്തും അവിടത്തെ ലോകോത്തര സൗകര്യങ്ങളും ചേരുമ്പോൾ കാണികളും ഹാപ്പി.

അടുത്തടുത്ത വേദികളിലായി ഒരു ദിവസം നാലു മത്സരങ്ങൾ നടക്കുമ്പോൾ, ഖത്തറിലെ ചുരുങ്ങിയ സ്ഥലത്ത് ആളുകളെ നിയന്ത്രിക്കുക ശ്രമകരമാകുമെന്നും ഗതാഗത തടസ്സം രൂക്ഷമാകുമെന്നുമൊക്കെയുള്ള ആശങ്കയായിരുന്നു അടുത്തത്. എന്നാൽ, അതൊക്കെ അറേബ്യൻ ഉൾക്കടലിൽ മുങ്ങിപ്പോയിരിക്കുന്നു.

ഓരോ മത്സരം കഴിയുമ്പോഴും ഒരു ബുദ്ധിമുട്ടുമില്ലാതെ ജനം പുറത്തിറങ്ങുന്നു. ഇടതടവില്ലാതെ മെട്രോ ട്രെയിനുകൾ. ഇറങ്ങുന്നവരെയും കയറുന്നവരെയും സ്റ്റേഡിയത്തിലും തിരിച്ചുമെത്തിക്കാൻ നിരനിരയായി പുതുപുത്തൻ ബസുകൾ. എല്ലാം സൗജന്യം.

വഴി കാട്ടാൻ വളന്റിയർമാരുടെ നീണ്ട നിര. കളി കഴിഞ്ഞ് മിനിറ്റുകൾക്കകം നിരത്തുകളും സ്റ്റേഡിയം പരിസരവുമൊക്കെ സാധാരണഗതിയിലാവുന്നു. 88,000 പേർ ഗാലറിയിലെത്തുന്ന ലുസൈലിൽവരെ ഒരു ചെറുതിരക്കുപോലും രൂപപ്പെടുന്നില്ല. സെക്യൂരിറ്റി, വളന്റിയർ സംഘങ്ങളൊക്കെ പ്രശംസനീയ സേവനവുമായി ഇതിന് ആക്കം കൂട്ടുന്നു.

നിറഗാലറി, തകർപ്പൻ കളികൾ

മത്സരങ്ങളെല്ലാം അരങ്ങേറുന്നത് നിറഞ്ഞ ഗാലറിക്കു മുന്നിൽ. ഖത്തറിൽ ആകെ പ്രശ്നമാണെന്ന് തങ്ങളുടെ നാട്ടുകാരെ നിരന്തരം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടും യൂറോപ്യൻ ടീമുകളുടെ മത്സരങ്ങളടക്കം നടക്കുന്നത് 'ഹൗസ് ഫുൾ' ആയാണ്.

ഇറാനും യു.എസ്.എക്കുമെതിരെ സ്വന്തം ടീമിന്റെ കളികൾ കാണാൻ ഗാലറിയിൽ പാതിയിലേറെയും ഇംഗ്ലീഷ് ആരാധകരായിരുന്നു. സ്പെയിൻ, ഫ്രാൻസ്, ജർമനി, പോർചുഗൽ അടക്കമുള്ള ടീമുകളുടെ മത്സരത്തിനും അതുതന്നെയായിരുന്നു അവസ്ഥ. സ്റ്റേഡിയം പരിസരങ്ങളും ഫാൻ സോണുകളും അതിരില്ലാത്ത ആവേശത്തിൽ മുങ്ങുകയാണ്.

മത്സരങ്ങളാകട്ടെ, തകർപ്പനായി തുടരുന്നു. വമ്പൻ അട്ടിമറികളും തകർപ്പൻ ഗോളുകളും ഇഞ്ചോടിഞ്ച് പോരാട്ടങ്ങളുമായി ഖത്തർ ഹരം പിടിപ്പിക്കുകയാണ്. ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ അതുകൊണ്ടുതന്നെ ഉദ്വേഗം മുൾമുനയിലാണ്. എല്ലാ ദുരാരോപണങ്ങളെയും വ്യാജ പ്രചാരണങ്ങളെയും ഡ്രിബ്ൾ ചെയ്ത് കയറിയ ഖത്തറിൽ അഭിമാനകരമായ ആതിഥ്യത്തിന്റെ ആഹ്ലാദം നിറഞ്ഞുനിൽക്കുന്നു.

Tags:    
News Summary - qatar world cup-crictics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.