സെ​ർ​ബി​യ​ക്കെ​തി​രാ​യ മ​ത്സ​രം കാ​ണാ​ൻ പോ​കു​ന്ന ബ്ര​സീ​ൽ ആ​രാ​ധ​ക​ർ

മഞ്ഞയണിഞ്ഞൊഴുകി ലുസൈലിലേക്ക്

ദോഹ മഞ്ഞയണിെഞ്ഞാഴുകുകയാണ്. ലോക ഫുട്ബാളിന്റെ സുവർണ ചരിതങ്ങളിലേക്ക് പല കാലങ്ങളിലായി ഡ്രിബ്ൾ ചെയ്ത ആ മഞ്ഞക്കുപ്പായമാണ് നോക്കുന്നിടത്തൊക്കെ. നിരത്തിലും മെട്രോയിലും കർവ ബസുകളിലുമൊക്കെ അതൊഴുകിപ്പരക്കുന്നു. ഖത്തർ സമയം രാത്രി പത്തുമണിക്ക് നടക്കുന്ന മത്സരം കാണാൻ രാവിലെ പത്തുമണിക്കു മുമ്പേ ജഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലേക്കും ഫാൻ സോണുകളിലേക്കൊക്കെയായി യാത്ര തിരിക്കുന്നുണ്ട് ബ്രസീൽ ആരാധകർ.

വ്യാഴാഴ്ചയാണ് മഞ്ഞപ്പടയുടെ ആദ്യ കളി. ഒരാഴ്ച മുമ്പേ അതിനായി ഒരുങ്ങിയെത്തിയിട്ടുണ്ട് ബ്രസീലിൽ നിന്നുള്ള നൂറുകണക്കിന് ആരാധകർ. ഫാൻ സോണുകളിൽ കളി ആസ്വദിച്ചും സൂഖുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കാഴ്ചകൾ കണ്ടും ആഘോഷിക്കുകയായിരുന്നു അവർ.

മുഷേരിബ് ഡൗൺടൗൺ ലോകകപ്പിന് മുന്നോടിയായി ഖത്തർ പടുത്തുയർത്തിയ നയന മനോഹരമായ ടൗൺഷിപ്പാണ്. അവിടെ രാവിലെ മുതൽ ആരാധകരുടെ തിരക്കുണ്ട്. അധികവും മഞ്ഞയണിഞ്ഞ ബ്രസീൽ ആരാധകർ. അതിനിടയിൽ വൈകീട്ട് ഉറുഗ്വായിക്കെതിരെ എജുക്കേഷനൽ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ പോകുന്ന കൊറിയൻ ഫാൻസും. ഈ തിരക്കിനിടയിലേക്കാണ് ഒരു ഡസൻ ബ്രസീൽ ആരാധകരെത്തിയത്. പാട്ടും നൃത്തവുമൊക്കെയായി അവർ ആഘോഷം കൊഴുപ്പിക്കുകയാണ്.

ബ്രസീൽ ജയിക്കുമോയെന്ന് ചോദിച്ചപ്പോൾ കൂട്ടത്തിലെ സരസനായ ആൽബർട്ടോയുടെ മറുപടി. ''എന്താണ് സംശയം? ചുരുങ്ങിയത് മൂന്നു ഗോളിന് ഞങ്ങൾ ജയിച്ചിരിക്കും. ഈ കപ്പ് ബ്രസീലിനുള്ളതാണ്. അത്രയും മികച്ച കളിക്കാരാണ് ഞങ്ങൾക്കുള്ളത്.

ടൂർണമെന്റ് ഫേവറിറ്റുകളാണ് ഞങ്ങളെന്നത് മറക്കണ്ട'' -ആൽബർട്ടോ വാചാലനായി. രാത്രി പത്തിന് നടക്കുന്ന കളിക്ക് ഇത്ര രാവിലെ എങ്ങോട്ടാണെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ -''ഇന്ന് ഞങ്ങളുടെ ദിവസമായിരിക്കും. റൂമിലിരുന്നിട്ടെന്തിനാ? രാവിലെ മുതൽ കാഴ്ചകളൊക്കെ കണ്ട് ആഘോഷമായങ്ങനെ സ്റ്റേഡിയത്തിലെത്തും.''

അതു തന്നെയായിരുന്നു മിക്ക ബ്രസീൽ ആരാധകരുടെയും മനോഭാവം. എല്ലാവരും ലുസൈലിലേക്കുള്ള യാത്രയുടെ ഹരത്തിലാണ്. 80,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ്. നൂറുകണക്കിന് മലയാളി ആരാധകരും മഞ്ഞയണിഞ്ഞ് ലുസൈലിലേക്കെത്തുന്നുണ്ട്.

മത്സരത്തിന് ടിക്കറ്റില്ലാത്ത നിരവധിപേരും അതിൽ ഉൾപ്പെടുന്നു. ''കളി കാണാൻ ഞങ്ങൾ ഫാൻസോണിൽ പോകും... അവിടെ എജ്ജാതി വൈബാണ്... സ്റ്റേഡിയം പരിസരത്ത് ബ്രസീലിന്റെ ആഘോഷം കൊഴുപ്പിക്കാനാണ് വന്നത്'' - കോഴിക്കോട് സ്വദേശിയായ മുഹ്സിൻ പറഞ്ഞു.

Tags:    
News Summary - qatar world cup-brazil fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.