ദോഹ: കളികളേറെക്കണ്ട പോരാട്ടവേദിയിൽ ലയണൽ മെസ്സിയെന്ന അതികായനിത് ജീവന്മരണ പോരാട്ടം. മെസ്സിക്കൊപ്പം ലോകം ഉറ്റുനോക്കുന്ന അർജന്റീനയെന്ന കളിസംഘത്തിനും ഇത് നിലനിൽപിന്റെ പോര്. പ്രതീക്ഷകളുടെ നൂൽപാലത്തിൽ പിടിച്ചുനിൽക്കാനുറച്ച് മെസ്സിയും സംഘവും ലുസൈൽ സ്റ്റേഡിയത്തിന്റെ നടുമുറ്റത്ത് മെക്സികോയെ നേരിടുന്നു, ജയം മാത്രം ലക്ഷ്യമിട്ട്.
ലോകകപ്പ് ഗ്രൂപ് 'സി'യിലെ ആദ്യമത്സരത്തിൽ ദുർബലരായ സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെ പ്രീ ക്വാർട്ടറിലേക്കുള്ള അർജന്റീനാ മോഹങ്ങൾ തുലാസിലാടുകയാണ്. മെക്സികോക്കെതിരെയും അവസാന കളിയിൽ പോളണ്ടിനെതിരെയും ജയം നേടിയാൽ മുന്നോട്ടുള്ള പ്രയാണം സുഗമമാവുമെന്നിരിക്കേ, അതുമാത്രമാവും അർജന്റീനയുടെ ലക്ഷ്യം.
ഞായറാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ മെക്സികോക്കെതിരെ ഇടറിയാൽ ടൂർണമെന്റിലെ നിലനിൽപ് അവതാളത്തിലാവുമെന്നതിനാൽ തന്ത്രങ്ങളിൽ ഏറെ മാറ്റിത്തിരുത്തലുകൾ വരുത്താനൊരുങ്ങുകയാണ് കോച്ച് ലയണൽ സ്കലോണി. തോൽവിയറിയാതുള്ള 36 മത്സരങ്ങൾക്കുശേഷമാണ് അർജന്റീന സൗദിയോട് അവിശ്വസനീയമായി തോറ്റത്.
ജയം ഉറപ്പിച്ച മത്സരത്തിലെ അട്ടിമറി അർജന്റീനയുടെ ആത്മവിശ്വാസത്തിന് കനത്ത തിരിച്ചടിയേൽപിച്ചിട്ടുണ്ട്. പരിക്കുകാരണം ലോ സെൽസോ ലോകകപ്പിനില്ലാത്തത് അർജന്റീനയെ ബാധിച്ചുവെന്നതാണ് ആദ്യ മത്സരം നൽകുന്ന സൂചന. മുൻനിരയിൽ ലൗതാരോ മാർട്ടിനെസും ഏയ്ഞ്ചൽ ഡി മരിയയും വീണ്ടും ആക്രമണത്തിനിറങ്ങും.
യൂലിയൻ ആൽവാരെസും എയ്ഞ്ചൽ കൊറീയയും ഇന്നും ബെഞ്ചിലാവും. കഴിഞ്ഞ കളിയിൽ മുൻനിരക്ക് പന്തെത്തിക്കുന്നതിൽ പരാജയമായ മിഡ്ഫീൽഡിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. റോഡ്രിഗോ ഡി പോൾ-എൻസോ ഫെർണാണ്ടസ്-ലിയാൻഡ്രോ പരേഡെസ് സഖ്യമാകും മിഡ്ഫീൽഡിൽ കരുക്കൾ നീക്കുന്നത്.
അലക്സിസ് മക് അലിസ്റ്ററും സ്കലോണിയുടെ പരിഗണനയിലുണ്ട്. സൗദിക്കെതിരെ മെസ്സിക്ക് പിന്നിലേക്കിറങ്ങി പന്തെടുത്ത് ആക്രമണങ്ങളിലേക്ക് കരുനീക്കേണ്ടി വന്നത് അർജന്റീനയുടെ നീക്കങ്ങളെ ബാധിച്ചിരുന്നു. അതിന് പരിഹാരം കാണാനായാൽ അർജന്റീനയുടെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും.
ആദ്യ കളിയിൽ പോളണ്ടുമായി ഗോൾരഹിത സമനില പാലിച്ച മെക്സിക്കൻനിരയിൽ റൗൾ ജിമെനെസ് പരിക്കുമാറി സ്റ്റാർട്ടിങ് ഇലവനിൽ തിരിച്ചെത്തിയേക്കും. അർജന്റീനക്കെതിരെ പ്രതിരോധം ജാഗരൂകമാക്കി പിടിച്ചുനിൽക്കുകയെന്നതാവും മെക്സിക്കൻ തന്ത്രം.
അർജന്റീനക്കെതിരെ സമനില നേടുകയും സൗദിയെ തോൽപിക്കുകയും ചെയ്താൽ സാധ്യതയുണ്ടെന്നിരിക്കേ, അങ്ങനെയൊരു നീക്കം മെക്സികോ അവലംബിക്കുമെന്നുറപ്പ്. ഇത് കടന്നുകയറുകയെന്നതാവും അർജന്റീനക്കും മെസ്സിക്കും മുന്നിലെ പ്രധാന വെല്ലുവിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.