ഫ്ര​ഞ്ച് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റു​വീ​ണ മൊ​റോ​ക്കോ മു​ന്നേ​റ്റ​താ​രം

അ​മി​നി ഹാ​രി​ത് വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്നു

ടീം ഖത്തറിലേക്ക് വിമാനം കയറി; അവസാന ക്ലബ് മത്സരത്തിന് കാത്തിരുന്ന താരം പരിക്കേറ്റ് വീണു, നോവായി അമിനെ ഹാരിത്

ദോഹ: മൊറോക്കോ തലസ്ഥാനമായ റബാതിൽനിന്ന് കോച്ച് വാലിദ് റിഗ്രാഗുയിയും ടീം അംഗങ്ങളും ഞായറാഴ്ച പകലിൽ ലോകകപ്പിലേക്ക് വിമാനം കയറുമ്പോൾ, ദോഹയിൽവെച്ച് കാണാമെന്നായിരുന്നു മുന്നേറ്റനിരയിലെ താരം അമിനെ ഹാരിതിനു നൽകിയ സന്ദേശം. ഫ്രഞ്ച് ലീഗ് ഒന്നിൽ ഒളിമ്പിക് മാഴ്സെക്കു കളിക്കുന്ന താരം തങ്ങളുടെ ലോകകപ്പിനു മുമ്പായുള്ള അവസാന ക്ലബ് മത്സരം കൂടി കളിച്ച് ദേശീയ ടീമിൽ ചേരാമെന്ന പ്രതീക്ഷയിലായിരുന്നു.

എന്നാൽ, 'അറ്റ്ലസ് ലയൺസ്' എന്ന വിളിപ്പേരുകാരായ മൊറോക്കോ ദോഹയിൽ വിമാനമിറങ്ങിയപ്പോൾ തേടിയെത്തിയ വാർത്ത അത്ര സുഖകരമായിരുന്നില്ല. മുന്നേറ്റത്തിൽ സൂപ്പർതാരങ്ങളായ ഹകിം സിയകിനും യൂസുഫ് നിസൈരിക്കും ഗോളിലേക്ക് പന്തുകൾ വിതരണം ചെയ്യേണ്ട യുവതാരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങൾ ഒരു പിഴയിൽ ഒടുങ്ങിയിരിക്കുന്നു.

ലീഗ് കപ്പിൽ മൊണാകോക്കെതിരായ മത്സരത്തിനിടെ എതിർ പ്രതിരോധതാരത്തിന്റെ അപകടകരമായ ടാക്ലിങ്ങിന് വിധേയനായി ഗ്രൗണ്ടിൽ വീണുകിടന്നു കരയുന്ന അമിനി ഹാരിതിന്റെ ചിത്രം മിനിറ്റുകൾക്കകം വൈറലായി. കളത്തിൽനിന്ന് സ്ട്രെക്ച്ചറിൽ ഗ്രൗണ്ടിനു പുറത്തെത്തിച്ച താരത്തെ ഉടൻ ആശുപത്രിയിലേക്കു മാറ്റി.

കാൽമുട്ടിന് ഗുരുതര പരിക്കേറ്റ അമിനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനത്തെ ഏതാനും മിനിറ്റുകളിൽ വീണുടഞ്ഞു. നവംബർ 20ന് ദോഹയിൽ കിക്കോഫ് കുറിക്കാനിരിക്കുന്ന ലോകകപ്പ് ടീമിൽ ഇടംപിടിച്ച് മണിക്കൂറുകൾക്കകമായിരുന്നു ലോകമെങ്ങുമുള്ള ആരാധകരെ കണ്ണീരണിയിച്ച് അമിനിയുടെ പരിക്കേറ്റ മടക്കം.

അമിനി മാത്രമല്ല, പോളണ്ടിന്റെ ലോകകപ്പ് ടീമിൽ ഇടംപിടിച്ച ഗോൾകീപ്പർ ബർതലോമി ഡ്രഗോസ്കിയുടെ പുറത്താവലും സമാനമായിരുന്നു. ലോകകപ്പിലേക്കുള്ള ദിനങ്ങൾ അടുത്തുവരവെ, പരിക്ക് ഭീഷണികൾക്കിടയിലായിരുന്നു ഓരോ ടീമും താരങ്ങളും ലീഗ് പോരാട്ടങ്ങളുടെ കാഴ്ചക്കാരായത്. പോഗ്ബയും എൻഗോളോ കാന്റെയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ പരിക്ക് കളത്തിന് പുറത്താക്കിയപ്പോൾ കരുതലോടെ കളിച്ചവർ ഒരു വിധം സേഫായി. അതിനിടയിലായിരുന്നു അമിനി ഹതഭാഗ്യനായി വീണുപോയത്.

ഫ്രാൻസിന്റെ യൂത്ത് ടീമുകളിൽ കളിച്ചുവളർന്ന അമിനി 2017ലായിരുന്നു മൊറോക്കോ ടീമിൽ ഇടംപിടിക്കുന്നത്. റഷ്യ ലോകകപ്പ് ടീമിൽ കളിച്ചു ശ്രദ്ധേയനായ യുവതാരം, നിലവിൽ സീനിയർ ടീമിൽ മുന്നേറ്റനിരയിൽ ശക്തമായ സാന്നിധ്യമായി മാറുന്നതിനിടെയാണ് ലോകകപ്പിനു മുമ്പത്തെ വൻ വീഴ്ച.

Tags:    
News Summary - qatar world cup-amine harit-football player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.