കുവൈത്ത് സിറ്റി: ലോകകപ്പിന് തയാറെടുക്കുന്ന ബെൽജിയം വെള്ളിയാഴ്ച കുവൈത്തിൽ ഈജിപ്തുമായി സൗഹൃദ മത്സരത്തിനിറങ്ങും. പേരിൽ സൗഹൃദമുണ്ടെങ്കിലും കനത്ത മത്സരത്തിനുതന്നെയാണ് ജാബിർ അൽ അഹ്മദ് സ്റ്റേഡിയം സാക്ഷിയാകുക എന്നാണ് ഫുട്ബാൾ ആരാധകരുടെ കണക്കുകൂട്ടൽ. രണ്ടുദിവസം മുമ്പേ കുവൈത്തിലെത്തിയ ഇരു ടീമുകളും വ്യാഴാഴ്ചയും പരിശീലനം നടത്തി.
ലോകകപ്പിൽ ശക്തമായ സാന്നിധ്യവും ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരുമായ ബെൽജിയം ഈജിപ്തിനെതിരായ മത്സരത്തോടെ വിശ്വമേളക്ക് ഒരുങ്ങാനുള്ള തയാറെടുപ്പിലാണ്. ലോകകപ്പിൽ പ്രവേശനം ലഭിക്കാതെപോയതിന്റെ നിരാശ മാറ്റാൻ മികച്ച കളിതന്നെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഈജിപ്ത്.
ലോക റാങ്കിങ്ങിലെ മുൻതൂക്കവും 2018ൽ ഈജിപ്തിനെതിരായ അവസാന കളിയിൽ 3-0ത്തിന് വിജയിച്ചതിന്റെ ആത്മവിശ്വാസവും ബെൽജിയത്തിനുണ്ട്. 23ന് കാനഡക്കെതിരെയാണ് ലോകകപ്പിൽ ബെൽജിയത്തിന്റെ ആദ്യ മത്സരം. കാനഡക്കെതിരായ മത്സരത്തിന് മുമ്പ് ടീമിനെ പൂർണ സജ്ജമാക്കാൻ ടീമിലെ പരമാവധി പേർക്ക് വെള്ളിയാഴ്ചത്തെ മത്സരത്തിൽ ബെൽജിയം അവസരം കൊടുത്തേക്കും. അതേസമയം, സൂപ്പർതാരം ലുകാക്കു ഈജിപ്തിനെതിരെ കളിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. പേശികൾക്ക് പരിക്കേറ്റതിനാൽ ആഗസ്റ്റ് അവസാനം മുതൽ രണ്ടു കളികൾക്ക് മാത്രമാണ് ലുകാക്കു ഇറങ്ങിയത്.
സൂപ്പർതാരം മുഹമ്മദ് സലാഹ് അടക്കം മുഴുവൻ കളിക്കാരുമായാണ് ഈജിപ്ത് കുവൈത്തിലെത്തിയത്. കുവൈത്തിൽ 50-ാം അന്താരാഷ്ട്ര ഗോൾ നേടാൻ സലാഹിനാകുമോ എന്ന് ഫുട്ബാൾ ലോകം കാത്തിരിക്കുന്നു. വൈകീട്ട് അഞ്ചിനാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.