അ​ൽ​ബെ​യ്ത്തിൽ ഖത്തറിന്റെ ഗൃഹപ്രവേശം

ദോഹ: സ്വന്തം 'വീട്ടി'ൽ വിശ്വപോരാട്ടത്തിന്റെ കളിത്തട്ടുണരുമ്പോൾ ഖത്തറിനിത് അഭിമാന നിമിഷം. ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത അനർഘ മുഹൂർത്തത്തിലേക്കാണ് 'വീട്' എന്ന് അർഥം വരുന്ന അൽബെയ്ത്ത് സ്റ്റേഡിയത്തിന്റെ പുൽത്തകിടിയിൽ ഖത്തർ കുപ്പായമിട്ടിറങ്ങുന്നത്. ആവേശം വാനോളമുയരുന്ന നാളിൽ ആതിഥേയരുടെ കളിസംഘത്തിനിത് ലോകകപ്പിലെ അരങ്ങേറ്റ മത്സരം. അത് സ്വന്തം തട്ടകത്തിലാണെന്നത് നൽകുന്ന ആഹ്ലാദവും ആത്മവിശ്വാസവും ചില്ലറയാവില്ല. അർജന്റീനയും ബ്രസീലുമുൾക്കൊള്ളുന്ന തെക്കനമേരിക്കയുടെ യോഗ്യത വഴികളിൽനിന്ന് പോരാടിയെത്തിയ എക്വഡോറാണ് എതിരാളികൾ. ഏറക്കുറെ തുല്യശക്തികൾ ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരത്തിന് കിക്കോഫ് വിസിൽ മുഴങ്ങുന്നത് കാത്തിരിക്കുകയാണ് ലോകം.

'അന്നാബി' എന്നാൽ അറബിയിൽ മെറൂൺ എന്നാണർഥം. സർവ മേഖലകളിലും ഖത്തറിനെ അടയാളപ്പെടുത്തുന്ന നിറമാണത്. ഖത്തരികളും പ്രവാസികളും ചേർന്ന വലിയൊരു ആരാധക വൃന്ദത്തിന്റെ അനുഗ്രഹാശിസ്സുകൾക്ക് നടുവിലാകും മെറൂണിൽ മുങ്ങിയ ഗാലറിക്കുകീഴെ ഖത്തർ കന്നി ലോകകപ്പ് മത്സരത്തിനിറങ്ങുന്നത്. ഇതു നൽകുന്ന മുൻതൂക്കമാണ് അന്നാബികളുടെ പ്രതീക്ഷ. കേവലം ആതിഥേയത്വത്തിന്റെ ചിറകിലേറി ചുളുവിൽ ലോകകപ്പ് പങ്കാളിത്തം നേടിയെടുത്ത നിരയല്ല ഇന്ന് ഖത്തർ. ജപ്പാനും ദക്ഷിണ കൊറിയുമടക്കമുള്ള പ്രഗല്ഭർ വാണരുളുന്ന വൻകരയിൽ ഏഷ്യൻ ചാമ്പ്യന്മാർ എന്ന തലയെടുപ്പുമായാണ് ആതിഥേയരുടെ അങ്കപ്പുറപ്പാട്.

ഗ്രൂപ് 'എ'യിൽ നെതർലൻഡ്സും ആഫ്രിക്കൻ കരുത്തരായ സെനഗാളുമാണ് ഖത്തറിനും എക്വഡോറിനുമൊപ്പമുള്ള മറ്റു ടീമുകൾ. പ്രാഥമിക റൗണ്ടിൽ നിന്നും മുന്നേറണമെങ്കിൽ ആദ്യകളിയിൽ ജയം അനിവാര്യമെന്ന തിരിച്ചറിവിലാകും ഇരുനിരയും അൽബെയ്ത്തിന്റെ മണ്ണിലിറങ്ങുക.

113ൽനിന്ന് 50ലേക്ക്

ലോകകപ്പ് വേദിയായി ഖത്തറിനെ പ്രഖ്യാപിച്ച 2010ൽ ഫിഫ റാങ്കിങ്ങിൽ 113-ാം സ്ഥാനത്തായിരുന്ന ആതിഥേയ ടീം പടിപടിയായുയർന്ന് ഏറ്റവും പുതിയ റാങ്കിങ്ങിൽ 50-ാം സ്ഥാനത്തെത്തിയ അതിശയമാണ് 12 വർഷം കൊണ്ട് പുലർന്നത്. ബാഴ്സലോണ ക്ലബിന്റെ യൂത്ത് ടീം പരിശീലകനായിരുന്ന ഫെലിക്സ് സാഞ്ചസ് 2006ൽ ദോഹയിലെ ആസ്പയർ അകാദമിയിൽ പരിശീലകനായി എത്തിയതോടെയാണ് മാറ്റങ്ങളുടെ തുടക്കം. 2014ൽ സാഞ്ചസ് പരിശീലിപ്പിച്ച ഖത്തർ അണ്ടർ 19 ഏഷ്യാകപ്പ് കിരീടം ചൂടി അദ്ഭുതം കാട്ടി. അന്ന് ടീമംഗങ്ങളായ അക്രം അഫിഫി, അൽ മൂഈസ് അലി, താരീഖ് സൽമാൻ എന്നിവർ ലോകകപ്പ് ടീമിലെ പ്രധാനികളാണ്. സാഞ്ചസ് തന്നെയാണ് ലോകകപ്പിൽ ടീമിന്റെയും പരിശീലകൻ. കോപ അമേരിക്ക, കോൺകകാഫ് ഗോൾഡ് കപ്പ്, യുവേഫ നാഷൻസ് ലീഗ് എന്നിവയിൽ കളിച്ച മത്സര പരിചയവുമായാണ് ഖത്തർ ലോകകപ്പിനിറങ്ങുന്നത്. ഗ്വാട്ടിമാല, ഹോണ്ടുറസ്, പാനമ, അൽബേനിയ എന്നീ ടീമുകൾക്കെതിരെ സൗഹൃദ മത്സരങ്ങളിൽ തുടരെ വിജയവും നേടിയിരുന്നു.

തുണയാകുമോ അൽമോസ് അലി?

അൽമോസ് അലിയാണ് ഖത്തറിന്റെ തുറുപ്പുചീട്ട്. 42 ഗോളുമായി ഖത്തറിന്റെ എക്കാലത്തെയും മികച്ച സ്കോറർ എന്ന പദവി പങ്കിടുകയാണ് അലി. ഖത്തർ ലീഗിൽ അൽ ദുഹൈലിന്റെ സ്ട്രൈക്കറായ അലി ഏഷ്യൻ കപ്പിൽ ഏഴു കളികളിൽ ഒമ്പതു ഗോൾ നേടിയിരുന്നു. 2021ലെ കോൺകകാഫ് ഗോൾഡ് കപ്പിൽ അഞ്ചു കളികളിൽ നാലുഗോളും നേടി. 2019 കോപ അമേരിക്കയിൽ പരഗ്വെക്കെതിരെ 2-2ന് ഖത്തർ സമനില നേടിയപ്പോൾ ഒരു ഗോൾ അലിയുടെ ബൂട്ടിൽനിന്നായിരുന്നു. അൽ സദ്ദ് സ്ട്രൈക്കർ അക്രം അഫീഫാണ് മുന്നണിയിൽ അലിയുടെ കൂട്ട്. 130 മത്സരങ്ങൾ കളിച്ചുകഴിഞ്ഞ അബ്ദുൽ കരീം ഹസ്സനും പോർചുഗലിൽനിന്ന് കുടിയേറിയ പെഡ്രോ മിൻഗ്വലും നയിക്കുന്ന പ്രതിരോധം മികച്ചതാണ്. ക്യാപ്റ്റൻ അൽ ഹൈദോസ്, അബ്ദുൽ അസീസ് ഹാതിം, അലി അസദ്, കരീം ബൗദിയാഫ് എന്നിവരാണ് മധ്യനിര ഭരിക്കുന്നത്. അൽസദ്ദ്, അൽ ദുഹൈൽ ക്ലബുകളുടെ താരങ്ങളാണ് ടീമിലേറെയും.

എട്ടു വർഷത്തിനുശേഷം എക്വഡോർ

കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ യോഗ്യത നേടാനാവാതെ പോയ നിരാശക്ക് അറുതിവരുത്തിയാണ് എക്വഡോറിന്റെ വരവ്. ജൂണിനുശേഷം കളിച്ച ആറു മത്സരങ്ങളിൽ ഗോൾവഴങ്ങിയില്ലെന്ന ആത്മവിശ്വാസമുണ്ട് ടീമിനൊപ്പം.

ഇതിൽ നാലു മത്സരങ്ങളും ഗോൾരഹിത മസനിലയിൽ കലാശിക്കുകയായിരുന്നു. എന്നാൽ, രണ്ടു ഗോൾ മാത്രമേ നേടിയിട്ടുള്ളൂ എന്നത് മുന്നേറ്റങ്ങളിൽ മൂർച്ച വരുത്തണമെന്നതിന്റെ സൂചനകളുയർത്തുന്നുണ്ട്.

ഗുസ്താവോ ആൽഫാരോ പരിശീലിപ്പിക്കുന്ന ടീം ഫിഫ റാങ്കിങ്ങിൽ ടീം 44-ാം സ്ഥാനത്താണുള്ളത്.

കൈസെഡോ-ഗ്രുവേസോ-പ്ലാറ്റ ത്രയം

പരിശീലനമത്സരത്തിനിടെ പരിക്കേറ്റ ബൈറോൺ കാസ്റ്റിലോ 26 അംഗ ടീമിൽനിന്ന് പുറത്തായത് എക്വഡോറിന് തിരിച്ചടിയാകും. റൈറ്റ് ബാക്കിന്റെ സ്ഥാനത്ത് പകരക്കാരനായി എയ്ഞ്ചലോ പ്രെസ്യാഡോയോ റോബർട്ട് ആർബോലെഡെയോ ബൂട്ടണിയും. ബയേർലെവർ കുസന്റെ പിയറോ ഹിൻകാപീയാണ് കാവൽകോട്ടയെ നയിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണിന് കളിക്കുന്ന മോയിസസ് കൈസെഡോ, ജർമൻ ബുണ്ടസ് ലീഗയിൽ ഓഗ്സ്ബർഗ് എഫ്.സിക്ക് കളിക്കുന്ന കാർലോസ് ഗ്രുവേസോ, റയൽ വായ്യഡോളിഡിന്റെ ഗോൺസാലോ പ്ലാറ്റ എന്നിവരാണ് മധ്യനിര ഭരിക്കുന്നത്.

എക്വഡോറിനുവേണ്ടി 74 കളിയിൽ 35 ഗോളുകൾ നേടിയ ഫിനർബാഷെ താരം എന്നെർ വലൻസിയയും മെക്സികോയിൽ പച്ചൂകക്ക് കളിക്കുന്ന റൊമാരിയോ ഇബാറ മിനയുമായിരിക്കും ആക്രമണ ജോടി.

Tags:    
News Summary - Qatar Opening match in world cup 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.