ദോഹ: ഖത്തർ എന്ന രാജ്യത്തിനും ഫുട്ബാൾ ടീമിനും കാൽപന്ത് വിശ്വമേളയിലേക്കുള്ള അരങ്ങേറ്റമാണിത്. രണ്ട് തവണ തലനാരിഴക്ക് ലോകകപ്പ് ഫൈനൽ റൗണ്ട് നഷ്ടമായ അന്നാബികൾക്ക് ഇത് സ്വപ്ന സാഫല്യം. ആതിഥേയരെന്ന ആനുകൂല്യത്താൽ മാത്രം ഫിഫ ലോകകപ്പ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യരാജ്യമെന്ന നഷ്ടപ്പെടാനാകാത്ത ഖ്യാതിയും ഖത്തറിന് സ്വന്തം.
സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ രാജ്യത്തിെൻറയും ഖത്തരി ജനതയുടെയും അഭിമാനം വാനോളമുയർത്താനുള്ള പുറപ്പാടിലാണ് ഫെലിക്സ് സാഞ്ചസും സംഘവും.
1960ലാണ് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) രൂപീകരിക്കപ്പെടുന്നത്. അതിനും മുമ്പ് 1940കളിൽ ഈ മണ്ണിൽ ഫുട്ബാളെത്തിയിരുന്നു. പുൽമൈതാനത്തിന് പകരം മണലിലായിരുന്നു കളി. കുമ്മായവരക്ക് പകരമാകട്ടെ, പലപ്പോഴും ഉപയോഗിച്ചത് എണ്ണയും. കാൽപന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശവും ആവേശവും രാജ്യത്തെ യുവാക്കളിൽ വേഗത്തിൽ വ്യാപിച്ചു. അങ്ങനെ 1950ൽ രാജ്യത്തെ ആദ്യത്തെ ക്ലബ് അൽ അഹ്ലി പിറന്നു.
1970കളിൽ കാൽപന്തുകളിയിലേക്ക് യുവാക്കളെ കൂടുതൽ പ്രചോദിപ്പിക്കുന്നതിനായി അന്താരാഷ്ട്ര താരങ്ങളെ ദോഹയിലേക്ക് ക്ഷണിക്കപ്പെട്ടു. അങ്ങനെയാണ് 1973ൽ ഫുട്ബോൾ രാജാവ് പെലെ ഖത്തറിലെത്തിയത്. ദോഹ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികൾക്ക് മുന്നിൽ പെലെയുടെ സാേൻറാസും അൽ അഹ്ലിയും ഏറ്റുമുട്ടി.
ഇതിനിടയിൽ 1981ഓടെ ഖത്തർ യൂത്ത് ടീം അറിയപ്പെടാൻ തുടങ്ങി. ആസ്േത്രലിയയിൽ നടന്ന ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ബ്രസീലിനെയും ഇംഗ്ലണ്ടിനെയും ഖത്തർ അട്ടിമറിച്ചു. ചാമ്പ്യൻഷിപ്പിൽ നിന്ന് നേരത്തെ പുറത്തായെങ്കിലും രാജ്യത്ത് തിരിച്ചെത്തിയ താരങ്ങൾക്ക് വീരപരിവേഷമാണ് ലഭിച്ചത്. 1992ൽ ആദ്യമായി ഗൾഫ് കപ്പിൽ മുത്തമിട്ട ഖത്തർ, ആ വർഷം ബാഴ്സലോണ ഒളിംപിക്സിലും കളിച്ചു. 1990ലും 98ലും ഖത്തർ ലോകകപ്പ് കളിക്കുന്നതിെൻറ തൊട്ടടുത്ത് എത്തിയെങ്കിലും നിർഭാഗ്യം വില്ലനായി.
ഖത്തർ ഫുട്ബോളിെൻറ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഇന്നും അറിയപ്പെടുന്നത് 2019ലെ യു.എ.ഇയിൽ നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് വിജയമാണ്. ഫൈനലിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കിയാണ് ഖത്തറിെൻറ കിരീടനേട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ 10 ഗോൾ നേടി മൂന്ന് മത്സരവും ജയിച്ച ടീം, രണ്ടാം റൗണ്ടിൽ ഇറാഖിനെയും ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയെയും തകർത്തു.
2019ലെ കിരീട വിജയത്തിന് ശേഷം അന്താരാഷ്ട്ര മത്സര രംഗത്ത് കൂടുതൽ പരിചയ സമ്പത്ത് ഉണ്ടാക്കുന്നതിെൻറ ഭാഗമായി ആ വർഷം നടന്ന കോപ്പ അമേരിക്ക ടൂർണമെൻറിൽ ഖത്തർ പങ്കെടുത്തു. ആദ്യ മത്സരത്തിൽ കരുത്തരായ പരാഗ്വേയെ രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ തളച്ച ഖത്തർ മികച്ച പ്രകടനം കാഴ്ച വെച്ചു.
2021ൽ കോൺകാകഫ് ഗോൾഡ് കപ്പിൽ പന്തുതട്ടിയ ഖത്തറിെൻറ തേരോട്ടം സെമി വരെ തുടർന്നു. സെമിയിൽ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് മറൂൺസ് പുറത്തെടുത്തത്. ഫിഫ റാങ്കിംഗിൽ 48ാം സ്ഥാനത്തെത്തിയതാണ് ഏറ്റവും മികച്ച നേട്ടം. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന പ്രഥമ ഫിഫ അറബ് കപ്പിൽ മൂന്നാം സ്ഥാനം നേടാനും ഖത്തറിനായി. യൂറോപ്യൻ ടീമുകളുമായി കളിച്ച് പരിചയ സമ്പത്ത് പുതുക്കുന്നതിെൻറ ഭാഗമായി യുവേഫ യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിലും ഖത്തർ കളിച്ചു.
ലോകകപ്പിനായുള്ള 26 അംഗ ആതിഥേയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അൽഭുതങ്ങളൊന്നും സംഭവിച്ചില്ല. ചെറുപ്രായം മുതൽ ഖത്തറിനൊപ്പം കളിക്കുന്ന, 2019 ഏഷ്യൻ കപ്പിൽ ഖത്തറിനായി പന്തുതട്ടിയ മുഴുവൻ താരങ്ങളും ഫെലിക്സ് സാഞ്ചസ് പ്രഖ്യാപിച്ച അന്തിമപട്ടികയിലിടം നേടിയിട്ടുണ്ട്. ഗോൾ കീപ്പർ സഅദ് അൽ ശീബ് മുതൽ മുന്നറ്റനിരയിൽ മുഇസ് അലി, അക്രം അഫീഫ് വരെയുണ്ട് ടീമിൽ. ബൂഅലാം ഖൗഖി, കരീം ബൂദിയാഫ്, ഹസൻ അൽ ഹൈദൂസ് തുടങ്ങിയ പരിചയ സമ്പന്നരോടൊപ്പം മുഇസ് അലി, അക്രം അഫീഫ്, താരിഖ് സൽമാൻ തുടങ്ങിയ യുവനിരയും ലോകകപ്പിൽ ഖത്തറിനായി അണിനിരക്കും.
ഗോൾകീപ്പർ സഅദ് അൽ ശീബ് മുതൽ തുടങ്ങുന്ന വമ്പൻ പ്രതിരോധ നിരയെയാണ് ഖത്തർ ലോകകപ്പിന് അണിനിരത്തുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഒരു ഗോൾ മാത്രം വഴങ്ങി മികച്ച ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട താരമാണ് ഷീബ്. മുന്നേറ്റ നിരയിൽ മുഇസ് അലിയുടെ പ്രകടനം ഖത്തറിെൻറ മുന്നേറ്റത്തിൽ വലിയ ഘടകമാകും. വിംഗർമാരായ അക്രം അഫീഫും ക്യാപ്റ്റൻ ഹസൻ അൽ ഹൈദൂസും ഖത്തർ ആക്രമണങ്ങളുടെ ഇരുവശത്തും നിലയുറപ്പിക്കും.
ലോകകപ്പിൽ ഖത്തറിെൻറ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് അൽ മുഇസ് അലിയായിരിക്കും. സുഡാനിൽ ജനിച്ച് തൻെറ ഏഴാം വയസ്സിൽ തന്നെ ഖത്തറിലെത്തിയ മുഇസ് അലി, ആസ്പയർ അക്കാദമിയുടെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നാണ്. 2015 മുതൽ ആസ്ട്രിയൻ ക്ലബായ ലാസ്ക് ലിൻസ്, എഫ് സി പാഷിംഗ്, സ്പെയിനിലെ കൾച്ചറൽ ലിയോനെസ ക്ലബുകൾക്ക് കളിച്ചു. ഖത്തറിനായി അണ്ടർ 19, 20, 23 ടീമുകളിൽ കളിച്ച് 2016ൽ സീനിയർ ടീമിലിടം നേടി. 2018ൽ നടന്ന എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ ആറ് ഗോളും 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഒമ്പത് ഗോൾ നേടിയും ടോപ്സ്കോററായി.
ലോകകപ്പിൽ ഖത്തറിെൻറ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത് അൽ മുഇസ് അലിയായിരിക്കും. സുഡാനിൽ ജനിച്ച് തൻെറ ഏഴാം വയസ്സിൽ തന്നെ ഖത്തറിലെത്തിയ മുഇസ് അലി, ആസ്പയർ അക്കാദമിയുടെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നാണ്. 2015 മുതൽ ആസ്ട്രിയൻ ക്ലബായ ലാസ്ക് ലിൻസ്, എഫ് സി പാഷിംഗ്, സ്പെയിനിലെ കൾച്ചറൽ ലിയോനെസ ക്ലബുകൾക്ക് കളിച്ചു. ഖത്തറിനായി അണ്ടർ 19, 20, 23 ടീമുകളിൽ കളിച്ച് 2016ൽ സീനിയർ ടീമിലിടം നേടി. 2018ൽ നടന്ന എ.എഫ്.സി അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ ആറ് ഗോളും 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഒമ്പത് ഗോൾ നേടിയും ടോപ്സ്കോററായി.
ലോകകപ്പിൽ ഖത്തറിെൻറ എക്സ്–ഫാക്ടറാണ് അക്രം അഫീഫ്. ഗോളടിക്കുന്നതിലേറെ ഗോളടിപ്പിക്കുന്നതിലാണ് മികവ്. ആസ്പയർ അക്കാദമിയിലൂടെ വളർന്ന താരം സീനിയർ കരിയർ ആരംഭിച്ചത് ബെൽജിയൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ യൂപനിലൂടെയാണ്. പിന്നീട് വിയ്യാറയയിലെത്തി. ശേഷം, സ്പോർട്ടിംഗ് ജിയോണിലെത്തുകയും ഒമ്പത് മത്സരങ്ങളിൽ ബൂട്ട് കെട്ടുകയും ചെയ്തു. 2018 മുതൽ അൽ സദ്ദിനായി കളിക്കുന്നു. 2015 മുതൽ ഖത്തർ സീനിയർ ടീമിൽ. ഇടത് വിങ്ങിലെ മികച്ച താരം. 2019 ഏഷ്യൻ കപ്പിൽ 10 ഗോളുകൾക്ക് ചരട് വലിച്ച താരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.