''ഞങ്ങൾ വാക്കുപാലിച്ചു; ഇത് അറബ് രാജ്യങ്ങൾ സംഘടിപ്പിച്ച മഹത്തായ ചാമ്പ്യൻഷിപ്പ്''- ശൈഖ് തമീം

കടുത്ത വിമർശനങ്ങൾ നിരന്തരം വേട്ടയാടിയിട്ടും കൂസാതെ സോക്കർ ലോകമാമാങ്കം ഗംഭീരമാക്കിയ ഖത്തറിന് കൈയടിക്കുകയാണ് ലോകം. എട്ടു മൈതാനങ്ങൾ വളരെ ചെറിയ അകലത്തിലായിട്ടും ഒഴുകിയെത്തിയ ലക്ഷങ്ങൾക്ക് ഒരു പരാതിക്കും ഇടംനൽകാതെ ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കിയായിരുന്നു ഖത്തർ ലോകപോരാട്ടം നടത്തിയത്. ഇത് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണെന്ന് സംഘടന പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കഴിഞ്ഞ ദിവസം പറഞ്ഞു. 20,000 കോടി ഡോളറിലേറെയാണ് സംഘാടനത്തിനായി ഖത്തർ ചെലവിട്ടത്.

'ഇതാ ഞങ്ങൾ വാക്കു പാലിച്ചിരിക്കുന്നു. അറബ് രാജ്യങ്ങളാൽ ഏറ്റവും മികച്ച ലോകകപ്പ് തന്നെ സംഘടിപ്പിച്ചിരിക്കുന്നു. ആഗോള സമൂഹത്തിന് ഞങ്ങളൂടെ സംസ്കാരത്തിന്റെ സമൃദ്ധിയും മൂല്യങ്ങളുടെ മൗലികതയും മനസ്സിലാക്കാൻ ഇത് അവസര​മൊരുക്കി''- അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പറഞ്ഞു.

മത്സരത്തിനൊടുവിൽ അർജന്റീന കപ്പുയർത്തുമ്പോൾ നായകൻ മെസ്സിയെ അറബ് വേഷം അണിയിച്ചാണ് അമീർ ആദരിച്ചത്. അറബ് പോരാളികൾ യുദ്ധവിജയത്തിനൊടുവിൽ അണിയുന്ന ​'ബെഷ്ത്' എന്ന വിശിഷ്ട വേഷമായിരുന്നു മെസ്സിക്കു നൽകിയത്. കപ്പുമായി താരവും അർജന്റീന ക്യാമ്പും ആഘോഷം കൊഴുപ്പിച്ച സമയമത്രയും ഈ വേഷം മെസ്സി അണിഞ്ഞുനിൽക്കുകയും ചെയ്തു. സ്വന്തം രാജ്യത്തിനായി പോരാട്ടം ജയിച്ചവനെന്ന സവിശേഷ മുദ്രയായിരുന്നു ഈ വേഷം സൂചിപ്പിച്ചത്.

മെസ്സി ചരിത്രം കുറിച്ച ടൂർണമെന്റ് പുതുമകളേറെ കുറിച്ചാണ് പൂർത്തിയായത്. ആദ്യ ആ​ഫ്രിക്കൻ രാജ്യമായി മൊറോക്കോ സെമി കളിച്ചതും ആദ്യമായി വനിത റഫറി കളി നിയന്ത്രിച്ചതും ഖത്തർ വേദിയിലായിരുന്നു. കലാശപ്പോരിൽ എംബാപ്പെയുടെ ഹാട്രിക്കും കണ്ടു. അതിലുപരി ആദ്യമായാണ് അറബ്, ഏഷ്യൻ രാജ്യം ഒറ്റക്ക് ലോകപോരാട്ടം സംഘടിപ്പിക്കുന്നത്. മുമ്പ് ഏഷ്യയിൽ നടന്നപ്പോൾ കൊറിയയും ജപ്പാനും സംയുക്തമായാണ് സംഘടിപ്പിച്ചിരുന്നത്.

ഖത്തറിലെ ഓരോ വേദിയും സവിശേഷതകളേറെയുള്ളതായിരുന്നു. ഫൈനൽ നടന്ന ലുസൈലിൽ അർജന്റീന- ഫ്രാൻസ് മത്സരം വീക്ഷിക്കാനെത്തിയത് 89,000​ ഓളം പേർ. ദേശത്തിന്റെയും അറബ് സംസ്കാരത്തിന്റെയും മുദ്രകൾ ജീവിപ്പിച്ച സ്റ്റേഡിയങ്ങൾ പലതും കളി കഴിയുന്നതോടെ ചരിത്രമാകും.

എല്ലാ രാജ്യക്കാരും ഒഴുകിയെത്തിയ മണ്ണിൽ വംശീയതയും വിഭാഗീയതയും എവിടെയും കണ്ടില്ലെന്നു മാത്രമല്ല, മൊറോക്കോ നടത്തിയ ജൈത്രയാത്ര മൊത്തം ആഫ്രിക്കക്കും അഭിമാനമാകുകയും ചെയ്തു. ഏഷ്യയിൽനിന്ന് ജപ്പാൻ നടത്തിയതും അഭിമാനകരമായ പോരാട്ടം. എന്നിട്ടും, ടീം ഏറെ മുന്നോട്ടുപോയില്ലെന്നത് വിധി വൈപരീത്യമാകാം.

14 ലക്ഷം പേരാണ് ഖത്തർ ലോകകപ്പിൽ കാണികളായി രാജ്യത്തെത്തിയത്. മുൻ ലോകപോരാട്ടങ്ങളിൽ പ​ങ്കെടുത്തതിനെ അപേക്ഷിച്ച് ഏറെ കൂടുതൽ. എല്ലാവർക്കും സൗകര്യമൊരുക്കി രാജ്യം ഏറെ മുന്നിൽ നിൽക്കുകയും ചെയ്തു.

ഒടുവിൽ കളിയും ആസ്വാദനവും സമാനതകളില്ലാത്ത നവ്യാനുഭവമാക്കിയ ഭരണകൂടത്തോടും സംഘാടകരോടും നന്ദിയോതിയാണ് താരങ്ങളും കാണികളും തിരിച്ചുനാട് പിടിക്കുന്നത്. 

Tags:    
News Summary - Qatar Amir says 'exceptional' World Cup delivered to fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.