സെനഗാൾ താരങ്ങൾ പരിശീലനത്തിൽ
ദോഹ: ടൂർണമെന്റിലെ കന്നിപ്പോരിൽ തോറ്റുതുടങ്ങിയ ക്ഷീണം തീർക്കാൻ ആതിഥേയരായ ഖത്തർ ഇന്ന് സെനഗാളിനെതിരെ. ഡച്ചുവീര്യത്തോടു അവസാനം വരെയും പൊരുതിനിന്ന് അപ്രതീക്ഷിത വീഴ്ചയിൽ തകർന്നുപോയ ആഫ്രിക്കൻ ചാമ്പ്യന്മാരും തിരിച്ചുവരവിനായാണ് തുമാമ മൈതാനത്ത് ഇറങ്ങുന്നത്. ജയത്തിൽ കുറഞ്ഞതൊന്നും സഹായിക്കില്ലെന്നതിനാൽ ഇരു ടീമുകൾക്കും ഇത് മരണപ്പോര്.
ഗ്രൂപ് എയിൽ എക്വഡോറിനോടായിരുന്നു ഖത്തർ വീണത്. അതും എതിരില്ലാത്ത രണ്ടു ഗോളിന്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യം തോൽക്കുന്നത്. എന്നർ വലൻസിയയെന്ന എക്വഡോർ താരത്തിന്റെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ ഖത്തർ മുന്നൊരുക്കങ്ങൾ നിഷ്പ്രഭമാകുകയായിരുന്നു.
തൊട്ടുമുമ്പ് തുടർച്ചയായ നാലു കളികളും ജയിച്ചുവന്നവരാണ് ലാറ്റിൻ അമേരിക്കൻ കേളീശൈലിയോടു തോൽവി സമ്മതിച്ചത്. ഡച്ചുകാർക്കെതിരെ സെനഗാൾ പക്ഷേ, ശരിക്കും രാജോചിതമായാണ് കളി നയിച്ചത്. പലവട്ടം ഗോളിനടുത്തെത്തിയിട്ടും എതിർ പ്രതിരോധവും നിർഭാഗ്യവും വഴിമുടക്കി.
കളിയുടെ ഒഴുക്കിനെതിരെയായിരുന്നു ഡച്ചുതാരങ്ങളായ കോഡി ഗാക്പോയും ഡേവി ക്ലാസനും ഗോളുകൾ നേടുന്നത്. സ്റ്റാർ സ്ട്രൈക്കർ സാദിയോ മാനെയുടെ അഭാവം അലട്ടുന്ന സെനഗാളിന് കൂടുതൽ ഭീഷണിയായി കഴിഞ്ഞ കളിയിൽ മറ്റു രണ്ടു പേർകൂടി പുറത്തായിട്ടുണ്ട്.
ഇന്നും തോൽക്കുന്ന ടീം മിക്കവാറും ടൂർണമെന്റിൽനിന്ന് പുറത്താകും. ഖത്തർ പുറത്തായാൽ ദക്ഷിണാഫ്രിക്കക്കു ശേഷം ഗ്രൂപ് റൗണ്ടിൽ പുറത്തുപോകുന്ന ആദ്യ ആതിഥേയരാവും. സ്വന്തം നാട്ടിലെ ക്ലബുകളിൽമാത്രം പന്തുതട്ടി ലോകപോരാട്ടത്തിനിറങ്ങിയിട്ടും അർജന്റീനയെന്ന മഹാമേരുക്കളെ വീഴ്ത്തിയ സൗദിയും ജർമനിയെ മറികടന്ന ജപ്പാനും മുന്നിൽവെച്ച ഏഷ്യൻ കരുത്താകും ഇന്ന് ഖത്തറിനെ നയിക്കുകയെങ്കിൽ യൂറോപ്പിലെ വിവിധ കളിമുറ്റങ്ങളിൽ പന്തുതട്ടുന്ന മുൻനിര താരങ്ങളുടെ സാന്നിധ്യമാകും സെനഗാളിന് ജീവൻ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.