മൊറോക്കോ, ക്രൊയേഷ്യ, യു.എസ്.എ... വമ്പന്മാർ വീണിടത്ത് ഒരു കളിയും തോൽക്കാതെ അഞ്ചു ടീമുകൾ

ഗ്രൂപ് ഘട്ടം അവസാനിച്ച ഖത്തർ ലോകകപ്പിൽ ജർമനി, ബെൽജിയം, ഡെന്മാർക്ക് തുടങ്ങി പുറത്തായ പ്രമുഖരേറെയുണ്ട്. പ്രീക്വാർട്ടർ സാധ്യത പോലും സംശയനിഴലിൽ നിന്നവർ ഗ്രൂപ് ചാമ്പ്യന്മാരായി നോക്കൗട്ട് കടന്നവരുമുണ്ട്. ചാമ്പ്യന്മാരാകുമെന്ന് പ്രവചനങ്ങൾ പലതുകണ്ട ജർമനിയുടെ ​പുറത്താകലായിരുന്നു ഏറ്റവും ഞെട്ടിച്ചത്. സാധ്യത പട്ടികയിൽ മുന്നിൽതന്നെ നിന്ന അർജന്റീനയെ ആദ്യ മത്സരത്തിൽ സൗദി മറികടന്നതും ഗ്രൂപ് കളി അവസാനിപ്പിച്ച അവസാന അങ്കത്തിൽ ബ്രസീലിനെ കാമറൂൺ വീഴ്ത്തിയതും അട്ടിമറികളിൽ ചിലത്.

എന്നാൽ, ഖത്തറിൽ ഇതുവരെ ​തോൽവി ഏറ്റുവാങ്ങാതെ കുതിക്കുന്ന ടീമുകളുടെ പട്ടികയിലുമുണ്ട് കൗതുകം. പ്രതിഭാധാരാളിത്തമുള്ള ഇംഗ്ലണ്ടും ഡച്ചുകാരും മുന്നിൽ നിൽക്കുമ്പോൾ ലുക മോഡ്രിച്ചിന്റെ ക്രൊയേഷ്യയും അശ്റഫ് ഹകീമിയും ഹകീം സിയെക്കും അണിനിരക്കുന്ന മൊറോക്കോയും ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ യു.എസ്.എയും ഇതുവരെ ഒരു കളിയും തോൽക്കാത്തവരാണ്.

എന്നാൽ, എല്ലാ കളികളും ജയിച്ചവരെന്ന റെക്കോഡ് ഒരു ടീമിനുമില്ല. നെതർലൻഡ്സ്, ഇംഗ്ലണ്ട് ടീമുകൾക്കു പുറമെ മൊറോക്കോയും രണ്ടു കളികൾ ജയിക്കുകയും ഒന്ന് സമനിലയിലാകുകയും ചെയ്തവർ. എന്നാൽ, ഗ്രൂപിൽ രണ്ടാമന്മാരായി എത്തിയ യു.എസ്.എയും ക്രൊയേഷ്യയും ഒരു കളി ജയിക്കുകയും രണ്ടു കളികൾ സമനില പിടിക്കുകയും​ ചെയ്താണ് അടുത്ത റൗണ്ടിലെത്തുന്നത്. ഒരു ജയം പോലുമില്ലാത്ത നാലു ടീമുകളുണ്ട്. ഇതിൽ ആതിഥേയരായ ഖത്തറിനും കാനഡക്കും എല്ലാം തോൽവിയായി​രുന്നെങ്കിൽ വെയിൽസും സെർബിയയും ഒരു സമനില വാങ്ങിയിട്ടുണ്ട്.

ഫ്രാൻസ്, ആസ്ട്രേലിയ, ജപ്പാൻ, മൊറോക്കോ, ബ്രസീൽ, സ്വിറ്റ്സർലൻഡ്, പോർച്ചുഗൽ ടീമുകൾ രണ്ടു ജയവും ഒരു തോൽവിയുമുള്ളവർ.

വമ്പന്മാർ വീണ ഗ്രൂപുകളിൽ താരതമ്യേന ദുർബലരെന്നു കരുതിയവർ ഗ്രൂപ് ചാമ്പ്യന്മാരായെന്ന കൗതുകവുമുണ്ട്. ബെൽജിയം പുറത്തായ ഗ്രൂപ് എഫിൽ മൊറോക്കോയാണ് ഒന്നാമത്. ജർമനിയും സ്​പെയിനുമുള്ള മരണഗ്രൂപിൽ ചാമ്പ്യന്മാരായത് ജപ്പാനും.

Tags:    
News Summary - Qatar 2022 breaks multiple FIFA World Cup group stage records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.