അടി, തിരിച്ചടി; പോർചുഗൽ-കൊറിയ ആദ്യ പകുതി ഒപ്പത്തിനൊപ്പം

ദോഹ: ഗ്രൂപ് എച്ച് അവസാന റൗണ്ടിലെ പോർചുഗൽ-ദക്ഷിണ കൊറിയ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഒപ്പത്തിനൊപ്പം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.

അഞ്ചാം മിനിറ്റിൽ റികാർഡോ ഹോർത്തയിലൂടെ പോർചുഗലാണ് മത്സരത്തിൽ മുന്നിലെത്തിയത്. ലോങ് പാസ് സ്വീകരിച്ച് വലതുവിങ്ങിലൂടെ ബോക്സിനുള്ളിലേക്ക് കയറി വന്ന ദിയോഗോ ദലോട്ട് നൽകിയ പന്ത് ഹോർത്ത വലയിലാക്കി.

17ാം മിനിറ്റിൽ കിം ജിൻ സുവിലൂടെ കൊറിയ വലകുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. 27ാം മിനിറ്റിൽ കൊറിയ ഒപ്പമെത്തി. കിം യങ് ഗോണാണ് ഗോളടിച്ചത്. കോർണറിൽനിന്നുള്ള പന്ത് ബോക്സിനുള്ളിൽ ക്ലിയർ ചെയ്യുന്നതിലെ പോർചുഗൽ താരങ്ങളുടെ പിഴവാണ് ഗോളിൽ കലാശിച്ചത്. പന്ത് അനായാസം കിം യങ് വലയിലേക്ക് തട്ടിയിട്ടു.

29ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സുവർണാവസരം ലഭിച്ചെങ്കിലും കൊറിയൻ ഗോളി പന്ത് തട്ടിയകറ്റി. പിന്നാലെ റഫറി ഓഫ്സൈഡും വിളിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ പോർചുഗൽ ഗോളിലേക്കെന്ന് തോന്നിക്കുന്ന ഒന്നിലധികം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൊറിയ പ്രതിരോധിച്ചു.

പന്തടക്കത്തിലും മുന്നേറ്റത്തിലും പോർചുഗലിനായിരുന്നു നേരിയ മുൻതൂക്കം. കൊറിയൻ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് ആറു ഷോട്ടുകളാണ് പോർചുഗൽ തൊടുത്തത്. കൊറിയ മൂന്നു ഷോട്ടുകളും തൊടുത്തു. ഗ്രൂപിൽ രണ്ടു ജയവുമായി ആറു പോയന്‍റുള്ള പോർചുഗൽ നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.

ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമാണ്. പോർചുഗലിനെ മറിച്ചിട്ടാൽ മാത്രം പോരാ, അപ്പുറത്തെ ഘാന-ഉറുഗ്വായ് ഫലവും നോക്കണം. ഘാനക്ക് മൂന്നും കൊറിയക്കും ഉറുഗ്വായിക്കും ഓരോ പോയന്റുമാണുള്ളത്.

Tags:    
News Summary - Portugal-Korea first half 1-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.