'സമ്മർദമില്ലാതെ കളിക്കൂ, ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കൂ' -സൗദി ടീമിനോട് കിരീടാവകാശി

റിയാദ്: മാനസിക സമ്മർദം കൂടാതെ ഫിഫ ലോകകപ്പിൽ കളിക്കാനും മത്സരങ്ങൾ ആസ്വദിക്കാനും സൗദി ഫുട്‌ബാൾ ടീമിനോട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ഞായറാഴ്ച തന്റെ ഓഫിസിൽ ദേശീയ ഫുട്ബാൾ ടീമുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഉപദേശം. നവംബർ 20ന് ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് സൗദി ഫുട്‌ബാൾ ടീം അംഗങ്ങളെയും കായിക മന്ത്രാലയത്തിലെയും സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനിലെ (സാഫ്) ഉദ്യോഗസ്ഥരെയും കിരീടാവകാശി അഭിസംബോധന ചെയ്തത്.

ലോകകപ്പിന് യോഗ്യത നേടിയ ടീമിനെ കിരീടാവകാശി അനുമോദിച്ചു. യോഗ്യത ഉറപ്പാക്കാൻ നടത്തിയ നിരന്തര പരിശ്രമം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. 'ലോകകപ്പിന് യോഗ്യത നേടൽ സൗദി ടീമെന്ന നിലക്ക് നമുക്ക് അനിവാര്യമായിരുന്നു. വളരെ മികച്ച നേട്ടങ്ങൾ മത്സരത്തിൽ സൗദിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, നിങ്ങൾ ചെയ്യുന്നത് നാം പിന്തുടരും, ഭാവിയിൽ മികച്ച നേട്ടത്തിന് അത് അവസരമൊരുക്കും' -കിരീടാവകാശി പറഞ്ഞു.

സാധാരണ പ്രകടനത്തെ ബാധിക്കുന്ന തരത്തിൽ സമ്മർദത്തിലാകാതെ കളിക്കാനും ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാനും കിരീടാവകാശി ടീമിനോട് ആഹ്വാനം ചെയ്തു. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, സാഫ് പ്രസിഡന്റ് യാസിർ അൽ മിശ്‌അൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - 'Play without stress, enjoy World Cup matches' - crown prince to Saudi team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.