പെനാൽറ്റിയിൽ മെസ്സിയുമായി ബെറ്റ് വെച്ചു; വെളിപ്പെടുത്തലുമായി പോളണ്ട് ഗോൾകീപ്പർ

ദോഹ: ലോകകപ്പിൽ അർജന്റീന-പോളണ്ട് പോരിൽ ഫുട്ബാൾ ​ആരാധകരുടെ മനം കവർന്നയാളാണ് പോളിഷ് ഗോൾകീപ്പർ വോയ്സിഷ് ഷെസ്‌നി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ടീം തോറ്റെങ്കിലും അവരുടെ നിരയിൽ താരമായത് ഈ യുവന്റസ് ഗോൾകീപ്പറായിരുന്നു. സൂപ്പർതാരം ലയണൽ മെസ്സിയുടെ പെനാൽറ്റി കിക്ക് അവിശ്വസനീയമായി തടഞ്ഞിട്ട ഷെസ്നി, അർജന്റീന ഗോളെന്നുറപ്പിച്ച അഞ്ചോളം ഷോട്ടുകളാണ് തട്ടിത്തെറിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച പെനാൽറ്റി കീപ്പർമാരിൽ ഒരാൾ എന്നാണ് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ അലൻ ഷിയറർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മത്സരത്തിന്റെ 34ാം മിനിറ്റിൽ അർജന്റീനക്കനുകൂലമായി ലഭിച്ച പെനാൽറ്റിയുമായി ബന്ധപ്പെട്ട് താൻ മെസ്സിയുമായി ബെറ്റ് വെച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് 32കാരൻ. ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലിൽ പന്ത് തട്ടിമാറ്റാനുള്ള ശ്രമം മെസ്സിയുടെ വീഴ്ചയിലാണ് കലാശിച്ചിരുന്നു. അർജന്റീന താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചതോടെ റഫറി ഡാനി മക്കലി 'വാർ' പരിശോധനയില്‍ അനുവദിക്കുകയും ചെയ്തു.

വാർ പരിശോധനക്കിടെ 'ആ ഫൗളിന് ഒരിക്കലും പെനാൽറ്റി അനുവദിക്കില്ല, 100 യൂറോക്ക് ബെറ്റ് വെക്കാം' എന്നാണ് മെസ്സിയോട് പറഞ്ഞതെന്ന് ഷെസ്‌നി വെളിപ്പെടുത്തി. മത്സരശേഷം ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ബെറ്റിൽ ഷെസ്നി തോറ്റു. 'ബെറ്റിന്റെ കാര്യം ലോകകപ്പിൽ അനുവദിക്കുമോ എന്നറിയില്ല, ഫിഫ അറിഞ്ഞാൽ വിലക്ക് വന്നേക്കാം. ഇപ്പോൾ ഞാനതൊന്നും കാര്യമാക്കുന്നില്ല, ചിരിയോടെ ഷെസ്‌നി പറഞ്ഞു. ഈ ലോകകപ്പിൽ രണ്ടാം തവണയാണ് താരം, പെനാൽറ്റി കിക്ക് തടഞ്ഞിടുന്നത്. 


Tags:    
News Summary - Placed a bet with Messi on penalties; Poland goalkeeper with revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.