അതിരുകളകലുന്നു, അലിഞ്ഞൊന്നാവുന്നു...

ദോഹ: ഉത്സവത്തിന് കൊടിയേറിയതുപോലൊരു ആഹ്ലാദം തിരതല്ലിത്തുടങ്ങുന്നു. എല്ലായിടത്തും ആവേശം പരന്നൊഴുകുകയാണ്. സൂഖ് വാഖിഫും വെസ്റ്റ്ബേയും പേൾ ഖത്തറും മുതൽ തുമാമയും ലുസൈലും അൽ ഖോറും വരെ അത് കത്തിപ്പടരുന്നുണ്ട്.

കളിയുടെ മഹാപോരാട്ടങ്ങളിലേക്കിനി രണ്ടേരണ്ടു പകലിരവുകൾ മാത്രം. ഉന്മാദത്തിന്റെ കുമ്മായവരക്കുള്ളിൽ ഇറങ്ങിക്കളിക്കാൻ ലോകമെത്തിയതോടെ ഖത്തർ ആവേശത്തിമിർപ്പിലാണിപ്പോൾ. വിരുന്നുകാർ നിറയുകയാണ് ഈ മണ്ണിൽ. കളിയിൽ കേളികേട്ട മഹാരഥന്മാർ എത്തിത്തുടങ്ങി.

അവർക്ക് കൈയടിക്കാൻ ആരാധകസംഘവും ഒരുങ്ങിയിറങ്ങിയതോടെ, ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം തിരക്കിലമർന്നു കഴിഞ്ഞു. ലോകത്തിന്റെ വിഭിന്ന കോണുകളിൽനിന്ന് നിറവും വേഷവും ഭാഷയും സംസ്കാരവുമെല്ലാം വ്യത്യസ്തങ്ങളായ മനുഷ്യർ ഈ മണ്ണിലിറങ്ങുന്നതോടെ അലിഞ്ഞൊന്നാവുകയാണ്.

കളിയുടെ വർത്തമാനങ്ങൾക്കും ആരവങ്ങൾക്കും അതിരുകളില്ലെന്ന് ആരാധകരുടെ പരസ്പര സ്നേഹം അടിവരയിടുന്നു. ഫാൻ സോണുകളിൽ ഒരേ താളത്തിലാടുന്നവർ അതിന് ആക്കം കൂട്ടുന്നു. ലയണൽ മെസ്സിയും ഹാരി കെയ്നും കിലിയൻ എംബാപ്പെയും തോമസ് മ്യൂളറുമൊക്കെ ഖത്തറിൽ പറന്നിറങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മറ്റു നിരകളുമെത്തുന്നതോടെ പോർസംഘങ്ങൾ പൂർണമാവും. ഖത്തറിലെത്തിയ ടീമുകൾ തിരക്കിട്ട പരിശീലനത്തിലാണ്.

Tags:    
News Summary - Only two days to the World Cup football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.