നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രാ​യ മ​ത്സ​രം ജ​യി​ച്ച ശേ​ഷം ഗോ​ൾ കീ​പ്പ​ർ എ​മി​ലി​യാ​നോ

മാ​ർ​ട്ടി​നെ​സി​നെ ​​കെ​ട്ടി​പ്പി​ടി​ച്ച് ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ല​യ​ണ​ൽ മെ​സ്സി

ദോഹ: ഒരു രാത്രി...ഒരുപാട് വികാരങ്ങൾ. ആവേശവും ആകാംക്ഷയും നാടകീയതയും ഉദ്വേഗവുമൊക്കെ അതിന്റെ പരകോടിയിൽ നിറഞ്ഞാടുകയായിരുന്നു. കളിയഴകിന്റെ ചുവടുകൾക്കൊപ്പം ലുസൈലിന്റെ പുൽമേട്ടിൽ സംഘർഷവും കൈയാങ്കളിയും മേളിച്ച മുഹൂർത്തങ്ങൾ. വാശിയും വീറും ഇഞ്ചോടിഞ്ച് പോരടിച്ചു. കളിയിൽ ഒട്ടും നിനച്ചിരിക്കാതെ, എല്ലാം മാറിമറിഞ്ഞുകൊണ്ടിരുന്നു. ആ പുലർച്ചെയിൽ സാധ്യതകളങ്ങനെ തുലാസിലാടി. പെനാൽറ്റി ഷൂട്ടൗട്ടിന്റെ പെൻഡുലവും കളിഗതിയിലെന്നോണം ആടിക്കളിച്ചു.

കംഫർട്ട് പൊസിഷനിൽനിന്ന് മരണമുനമ്പിലേക്ക് വീണുപോയ അർജന്റീന. ഒടുങ്ങിയെന്നുതോന്നിച്ചതിന്റെ അവസാന നാഴികയിൽ ആയുസ്സുനീട്ടിയെടുത്ത് ഓറഞ്ചുപട. അധിക സമയവും ആർക്കുമൊപ്പം നിൽക്കാതെ അവസാനിച്ചതിൽനിന്ന് തുടങ്ങിയ ഭാഗ്യപരീക്ഷണം.

ലയണൽ മെസ്സിയിൽനിന്ന് ഹീറോയിസത്തിലേക്കുള്ള ബാറ്റൺ അപ്പോൾ ഡാമിയൻ എമിലിയാനോ മാർട്ടിനെസിലേക്കെത്തിയിരുന്നു. രണ്ട് എണ്ണം പറഞ്ഞ സേവുകൾ. അർജന്റീനയുടെ സ്വന്തം 'ഡിബു' കളിയെ കരളുപോലെ കാണുന്ന നാടിന്റെ കാവലാളായി. പെനാൽറ്റി ഷൂട്ടൗട്ടിന്റെ കനൽപഥങ്ങളിൽ പൊള്ളിയടർന്ന് നെതർലൻഡ്സിന്റെ മോഹങ്ങൾ ലുസൈലിന്റെ മുറ്റത്ത് വീണുചിതറിയപ്പോൾ അർജന്റീന കുതിക്കുകയായിരുന്നു-അവസാന നാലിലേക്ക്.

മാർട്ടിനെസ്, വീണ്ടും മാർട്ടിനെസ്

ഒരു മാർട്ടിനെസിൽനിന്ന് തുടങ്ങി മറ്റൊരു മാർട്ടിനെസിൽ അവസാനിച്ച നടപടിക്രമങ്ങളായിരുന്നു ടൈബ്രേക്കർ. രണ്ട് മാർട്ടിനെസുമാരിലൂടെ തുടക്കവും ഒടുക്കവും അർജന്റീനക്ക് സ്വന്തമായി. തോറ്റെന്നുറപ്പിച്ച കളിയുടെ ഷൂട്ടൗട്ടിൽ ആ മാനസിക മുൻബലം ബെൽജയത്തിനൊപ്പമുണ്ടാകുമെന്ന ലോകത്തിന്റെ കണക്കൂകൂട്ടലുകൾ ആദ്യകിക്കിൽതന്നെ പിഴച്ച് തുടങ്ങുകയായിരുന്നു. വിർജിൽ വാൻഡൈകിന്റെ കിക്ക് വലതുവശത്തേക്ക് പറന്നുവീണ്തട്ടി എമിലിയാനോ മാർട്ടിനെസ് തുടക്കമിട്ട ദൗത്യം.

അടുത്തത് സാക്ഷാൽ മെസ്സിയുടെ കൂൾ ഫിനിഷ്. പിന്നാലെ സ്റ്റീവൻ ബെർഗൂയിസിന്റെ കിക്കും ഡിബു തടകെട്ടിനിർത്തി. ഒടുവിൽ ലൗതാറോ മാർട്ടിനെസിന്റെ അവസാന കിക്ക് വലയുടെ വലതുവശം ചേർന്ന് ഉരുണ്ടുകയറിയതോടെ കൈമെയ് മറന്ന് പോരാടിയ ക്വാർട്ടർ ഫൈനലിന് അറുതിയായി. ഇതിനിടയിൽ എൻസോ ഫെർണാണ്ടസ് പുറത്തേക്കടിക്കുകയും ലൂക് ഡി ജോങ് ലക്ഷ്യം കാണുകയും ചെയ്തതോടെ 3-3 എന്ന നിലയിലെത്തിയിരുന്നു ഷൂട്ടൗട്ടും. ഈ ഘട്ടത്തിലാണ് എല്ലാ ആശങ്കകളും ലൗതാറോ ബ്രേക്ക് ചെയ്തത്.

ഇരട്ടച്ചങ്കുള്ള വെഗോഴ്സ്റ്റ്

എല്ലാം അർജന്റീനയുടെ വഴിയിലെന്ന് ഉറപ്പിച്ചുനിൽക്കെയാണ് ആ ആറടി ആറിഞ്ചുകാരൻ അവതരിക്കുന്നത് -വൂട്ട് വെഗോഴ്സ്റ്റ്. 78ാം മിനിറ്റിൽ കളത്തിലെത്തിയതിനു പിന്നാലെ ഒരു പൊള്ളുന്ന ഹെഡർ.കളി തീരാൻ നിമിഷങ്ങൾ മാത്രമിരിക്കെ, കൗശലകരമായെടുത്ത ഫ്രീകിക്കിൽനിന്നൊരു വെടിച്ചില്ല് ഫിനിഷ്. ടീൻ കൂപ്മീനേഴ്സ് പന്ത് നേരെ വലയിലേക്ക് പായിക്കുമെന്ന് കണക്കുകൂട്ടിയ എതിർ ഡിഫൻസിന് പിഴച്ചു. പന്ത് ഗ്രൗണ്ടറായി വെഗോഴ്സ്റ്റിലേക്കെത്തുമെന്ന് ഗണിക്കാൻ അവർക്കായില്ല. അർജന്റീന ജയിച്ചുകയറിയെന്ന് കണക്കുകൂട്ടിയിടത്തുനിന്ന് കളിയെ അധികവേളയുടെ അതിസമ്മർദങ്ങളിലേക്ക് എടുത്തുയർത്തിയത് അയാളായിരുന്നു.

ലീഡുടച്ച് ഡച്ച്, ആധിയിൽ അർജന്റീന

ഭദ്രമെന്നു കരുതിയ കോട്ടകൊത്തളങ്ങൾ പൊളിഞ്ഞുതകർന്നത് വളരെ പെട്ടെന്നായിരുന്നു. 80 മിനിറ്റ് പിന്നിടുമ്പോഴും, രണ്ടു ഗോൾ കുഷ്യനു മുകളിൽ ഇരിപ്പുറപ്പിച്ച ടീമിനെ ഒപ്പം പിടിക്കാൻ കഴിയുമെന്ന് ഓറഞ്ചുപടയും അത്രയധികം ഉറച്ചുവിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഒരുഗോൾ തിരിച്ചടിച്ചതോടെ ഡച്ചുകാർക്ക് ഉശിരുകൂടി. സൗദിക്കെതിരെയും ആസ്ട്രേലിയക്കെതിരെയും കണ്ടപോലെ ടൂർണമെന്റിലെ അർജന്റീനയുടെ ഏറ്റവും വലിയ ദൗർബല്യം മറനീക്കി പുറത്തുവന്നു.

ഒരു ഗോൾ വഴങ്ങുന്നതോടെ ടീം ആകപ്പാടെ അങ്കലാപ്പിലാവുന്ന അവസ്ഥ. മാനസിക സ്ഥൈര്യം കൈവിട്ടുപോകുന്നതിൽ അർജന്റീന 'ഹാട്രിക്' കുറിച്ചപ്പോൾ ആ മറപൊളിച്ച് നെതർലൻഡ്സ് നിരന്തരം ആഞ്ഞുകയറി. ഒഴുക്കുള്ള, താളാത്മകമായ, മിഡ്ഫീൽഡിൽ നിയന്ത്രണം സ്ഥാപിച്ച കരുനീക്കങ്ങളിൽനിന്ന് പിന്നാക്കംപോയി ലീഡിൽ തൂങ്ങാൻ അർജന്റീന പ്രതിരോധത്തിൽ ശരണം പ്രാപിച്ചു. വാൻ ഡൈക്കിനും കൂട്ടുകാർക്കും എതിരാളികളുടെ നിയന്ത്രണമേഖലയിലേക്ക് കയറിയെത്താൻ അത് ആത്മവിശ്വാസം പകർന്നു.

ഉയരക്കൂടുതലിന്റെ ആനുകൂല്യം മുതലെടുക്കാൻ ക്രോസുകളും ഹൈബാളുകളും ഒഴുകിയിറങ്ങി. ഒടുവിൽ പത്തുമിനിറ്റെന്ന ഇഞ്ചുറി ടൈമിന്റെ അവസാനം. വിജയത്തിലേക്ക് റഫറി വിസിൽ മുഴക്കുമെന്ന പ്രതീക്ഷയിൽ 88,235 പേരിൽ 95 ശതമാനവും അർജന്റീന ആരാധകർ നിറഞ്ഞ ഗാലറി ആഘോഷത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കെയാണ് വെഗോഴ്സ്റ്റ് ആ പ്രഹരമേൽപിച്ചത്.

മെസ്സി..കളിയും രോഷവും

ലയണൽ മെസ്സി ഇത്ര രോഷാകുലനായും 'പ്രതികാര ദാഹി'യായും മുമ്പ് കളിയിടത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല. കൈയാങ്കളിക്ക് തുടക്കമാവുന്നതിന് മുമ്പുള്ള നിമിഷങ്ങളിൽ കളത്തിൽ എല്ലാ അർഥത്തിലും അർജന്റീനയുടെ നായകൻ തന്നെയായിരുന്നു അയാൾ. വാൻ ഡൈക്കും കൂട്ടരും എത്ര കെട്ടിപ്പൂട്ടി നിർത്തിയിട്ടും കഴിഞ്ഞ രണ്ടു കളികളിലേതുപോലെ ഇക്കുറിയും ഒരു മാജിക് മെസ്സി പുറത്തെടുത്തു.

അന്ന് ഗോളുകളുടെ രൂപത്തിലായിരുന്നെങ്കിൽ ഇന്നത് പാസ് ആയിരുന്നുവെന്ന് മാത്രം. പ്രതിരോധത്തിന്റെ സൂചിപ്പഴുതിനിടയിലൂടെ മൊളീനയിക്ക് ആ പാസ് കടന്നുപോവാൻ സൃഷ്ടിച്ചെടുത്ത വഴി അയാളുടെ മാന്ത്രികതയുടെ അടയാളമായിരുന്നു. പിന്നാലെ രണ്ടാം പകുതിയിൽ അനായാസമൊരു പെനാൽറ്റി കിക്ക്. ടൈബ്രേക്കറിൽ അതിന്റെ തുടർച്ച. കളിയിൽ മെസ്സിയുടെ കൈയൊപ്പു പതിഞ്ഞതിനുള്ള ഉപഹാരമായിരുന്നു െപ്ലയർ ഓഫ് ദ മാച്ച് പട്ടം.

ഒരുപാട് കണക്കുകൾ തീർക്കാനുള്ളതുപോലെയായിരുന്നു അയാളുടെ നീക്കങ്ങളും ഭാവങ്ങളും പെരുമാറ്റങ്ങളുമെല്ലാം. വെഗോഴ്സ്റ്റും ഡച്ച് കോച്ച് ലൂയി വാൻഗാലും എഡ്ഗാർ ഡേവിഡ്സും ഉൾപ്പെടെയുള്ളവരുമായി കൊമ്പുകോർത്തു. അഭിമുഖം നൽകുന്നതിനിടെ പോലും മെസ്സി ആ ശൗര്യം പുറത്തെടുത്തു. വാർത്തസമ്മേളനം തുടങ്ങുമ്പോൾ ആ ഒരു 'കനം' മുഖത്തുണ്ടായിരുന്നു. പിന്നെ വിജയവും സെമിഫൈനലുമൊക്ക തെളിഞ്ഞ ചോദ്യങ്ങൾക്കുപിന്നാലെ മുഖത്ത് ചിരിയും തെളിഞ്ഞു.

'ലിയോ, നീയത് അടുത്ത മത്സരത്തിൽതന്നെ സ്വന്തമാക്കണം'

ദോഹ: പത്തു ഗോളുകൾ നേടി ലോകകപ്പിൽ അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന തന്റെ റെക്കോഡിനൊപ്പമെത്തിയ ലയണൽ മെസ്സിക്ക് അഭിനന്ദനവുമായി ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട. അടുത്ത മത്സരത്തിൽതന്നെ റെക്കോഡ് സ്വന്തം പേരിലാക്കണമെന്നും ബാറ്റിസ്റ്റ്യൂട്ട തന്റെ പിൻഗാമിയെ ഉപദേശിക്കുന്നു.

'ഡിയർ ലിയോ, അഭിനന്ദനങ്ങൾ! ആ റെക്കോഡ് 20 വർഷം ഞാൻ കൈവശം വെക്കുകയും ആസ്വദിക്കുകയും ചെയ്തു. ഇപ്പോൾ അത് നീയുമായി പങ്കുവെക്കുന്നത് മഹത്തായ ബഹുമതിയായി കണക്കാക്കുന്നു. അടുത്ത മത്സരത്തിൽതന്നെ എന്നെ മറികടക്കാൻ നിനക്ക് കഴിയുമെന്ന് ഹൃദ്യമായി പ്രത്യാശിക്കുന്നു' -ട്വിറ്ററിൽ ബാറ്റിസ്റ്റ്യൂട്ട കുറിച്ചു.

Tags:    
News Summary - On the scales of Lucille

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.