കളം പിടിച്ച് ഓറഞ്ച് പട; യു.എസ്.എക്കെതിരെ രണ്ടു ഗോളിനു മുന്നിൽ

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ യു.എസ്.എയെ നേരിടുന്ന നെതർലൻഡ്സ് ആദ്യ പകുതി പിന്നിടുമ്പോൾ രണ്ടു ഗോളിനു മുന്നിൽ. മെംഫിസ് ഡിപായി (10ാം മിനിറ്റ്), ഡാലെ ബ്ലിൻഡ് (45+1) എന്നിവരാണ് ഡച്ചുകാർക്കായി ഗോൾ നേടിയത്.

പത്താം മിനിറ്റിൽ മെംഫിസ് ഡിപായിയിലൂടെയാണ് ഓറഞ്ച് പട ആദ്യം വലകുലുക്കിയത്. മൈതാനത്തിന്‍റെ മധ്യത്തിൽനിന്നുള്ള നെതർലൻഡ് മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽനിന്ന് ഡെൻസൽ ഡംഫ്രീസ് ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് പ്രതിരോധ താരങ്ങളുടെ കണ്ണിൽപെടാതിരുന്ന ഡിപായിയുടെ കാലിലേക്ക്. താരം പന്ത് അനായാസം പോസ്റ്റിന്‍റെ ഇടതുമൂലയിലെത്തിച്ചു.

അൽ ഖലീഫ് സ്റ്റേഡിയത്തിൽ ആദ്യ മിനിറ്റുകളിൽ യു.എസ്.എയുടെ മുന്നേറ്റമായിരുന്നു. രണ്ടാം മിനിറ്റിൽ യു.എസ്.എ സുവർണാവസരം നഷ്ടപ്പെടുത്തി. സൂപ്പർതാരം ക്രിസ്റ്റ്യൻ പുലിസിച്ചിനു മുന്നിൽ നെതർലൻഡ്സ് ഗോളി ആൻഡ്രിസ് നോപ്പർട്ട് മാത്രം. താരത്തിന്‍റെ ദുർബല ഷോട്ട് ഗോളി വലതുകാൽ കൊണ്ട് തട്ടിയകറ്റി. യു.എസ്.എയുടെ മുന്നേറ്റങ്ങളെല്ലാം ഡച്ചുകാർ പ്രതിരോധിച്ചു. 43ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള അമേരിക്കയുടെ തിമോത്തി വീയുടെ ഒരു വലതുകാൽ ഹാഫ് വോളി നെതർലൻഡ്സ് ഗോളി രക്ഷപ്പെടുത്തി.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഡച്ചുകാർ ഡാലെ ബ്ലിൻഡിലൂടെ ലീഡ് രണ്ടാക്കി. ആദ്യ ഗോളിനു സമാനമായിരുന്നു രണ്ടാമത്തെ ഗോളും. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ഡംഫ്രീസ്. ത്രോയിൽനിന്നുള്ള മുന്നേറ്റമായിരുന്നു ഗോളിൽ കലാശിച്ചത്. ഡംഫ്രീസ് ബോക്സിന്‍റെ വലതു വിങ്ങിൽനിന്ന് പോസ്റ്റിന്‍റെ മധ്യത്തിലേക്ക് നീട്ടി നൽകിയ ക്രോസ് നേരെ ബ്ലിൻഡിന്‍റെ കാലിലേക്ക്. താരം ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് പന്ത് പായിച്ചു.

ഹൈ പ്രസ്സിങ് ഗെയിമാണ് യു.എസ്.എ കളിക്കുന്നത്. പന്തടക്കത്തിലും പാസ്സിങ്ങിലും ഡച്ചുകാർക്കാണ് മുൻതൂക്കം. ഇരുടീമുകളും ടാർഗറ്റിലേക്ക് രണ്ടു ഷോട്ടുകൾ വീതം തൊടുത്തു. ഗ്രൂപ് എ ചാമ്പ്യന്മാരായാണ് തെതർലൻഡസ് പ്രീ ക്വാർട്ടറിലെത്തിയത്. യു.എസ്.എ ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനക്കാരും. നെതർലൻഡ്‌സും യു.എസ്.എയും അവസാനം ഏറ്റുമുട്ടിയ അഞ്ചു മത്സരങ്ങളിൽ ആദ്യ നാലിലും ഓറഞ്ച് പടയാണ് വിജയിച്ചത്. 1998 മുതൽ 2010 വരെയായിരുന്നു ഇവരുടെ വിജയം. എന്നാൽ ഏറ്റവുമൊടുവിൽ 2015ൽ ഏറ്റുമുട്ടിയപ്പോൾ വിജയം യു.എസ്.എക്കൊപ്പം നിന്നു.

നെതർലൻഡ്‌സ് യൂറോപ്യേതര ടീമുകൾക്കെതിരെ കളിച്ച കഴിഞ്ഞ 19 ലോകകപ്പ് മത്സരങ്ങളിലും അപരാജിതരാണ്. ഏറ്റവുമൊടുവിൽ 1994ലെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനോട് 3-2 നാണ് ടീം തോറ്റത്. എന്നാൽ യു.എസ്.എ യൂറോപ്യൻ ടീമുകൾക്കെതിരെ അവസാനം കളിച്ച 11 ലോകകപ്പ് മത്സരങ്ങളിലും വിജയിച്ചിട്ടില്ല. 2002ൽ പോർചുഗലിനെയാണ് അവർ ഒടുവിൽ (3-2) തോൽപ്പിച്ചത്. നെതർലൻഡ്സ് 3-4-1-2 ശൈലിയിലും അമേരിക്ക 4-3-3 ഫോർമാറ്റിലുമാണ് കളിക്കുന്നത്.

നെതർലൻഡ്സ് ടീം: ആൻഡ്രീസ് നോപ്പർട്ട്, ജൂറിയൻ ടിംബർ, വിർജിൽ വാൻഡൈക്, നഥാൻ എകെ, ഡെൻസൽ ഡംഫ്രീസ്, ഫ്രാങ്കി ഡിയോങ്, മാർട്ടൻ ഡി റൂൺ, ഡാലി ബ്ലൈൻഡ്, ഡേവി ക്ലാസൻ, മെംഫിസ് ഡിപായ്, കോഡി ഗാക്‌പോ

യു.എസ്.എ ടീം: മാറ്റ് ടർണർ, സെർജിനോ ഡെസ്റ്റ്, വാക്കർ സിമ്മർമാൻ, ടിം റീം, ആന്റണി റോബിൻസൺ, യൂനുസ് മൂസ, ടൈലർ ആഡംസ്, വെസ്റ്റൺ മക്കെന്നി, തിമോത്തി വീ, ജീസസ് ഫെറേറ, ക്രിസ്റ്റ്യൻ പുലിസിച്

Tags:    
News Summary - Netherlands ahead against USA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.