ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ അ​ർ​ജ​ന്റീ​ന ആ​രാ​ധ​ക​ർ

'മുചാചോസ്, ആവോര നോൾവിമോ ഇല്യുസനാർ....'

കളി കഴിഞ്ഞ് അപ്പോൾ രണ്ടു മണിക്കൂറോളം പിന്നിട്ടിരുന്നു. ലുസൈൽ സ്റ്റേഡിയത്തിന്റെ മിക്സഡ് സോണിൽ മാധ്യമപ്രവർത്തകർ ലയണൽ മെസ്സിയെ കാത്തിരിക്കുകയാണ്. സന്തോഷം സ്ഫുരിക്കുന്ന മുഖവുമായി ഒടുവിൽ അർജന്റീന നായകൻ പ്രത്യക്ഷപ്പെട്ടു. മിക്സഡ് സോണിലെ ഇടുങ്ങിയ വഴിയിൽ നിറഞ്ഞു കവിഞ്ഞ മാധ്യമ പ്രവർത്തകർക്കു മുമ്പാകെ സ്പാനിഷ് ഭാഷയിൽ അയാളതു പറഞ്ഞു.

'ഈ ഫൈനൽ കളിച്ച് എന്റെ ലോകകപ്പ് യാത്രക്ക് അവസാനം കുറിക്കാൻ കഴിയുന്നതിൽ അഭിമാനമാണുള്ളത്. തീർച്ചയായും ഞായറാഴ്ചത്തേത് ലോകകപ്പിലെ എന്റെ അവസാന മത്സരമായിരിക്കും'. വിശ്വവേദിയോട് വിട പറയുന്നതിന്റെ വേദനകൾക്കിടയിലും പതിവില്ലാത്ത ഊർജമുണ്ടായിരുന്നു മെസ്സിയുടെ വാക്കുകളിൽ. ലോകകപ്പിൽ ഈ പ്രായത്തിലും നിറഞ്ഞുകളിച്ച് ടീമിനെ ഫൈനലിലെത്തിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി അയാളുടെ മുഖത്തുമുണ്ടായിരുന്നു.

കാണികൾ നൽകുന്ന പിന്തുണയിലും അർജന്റീന നായകൻ ആവേശഭരിതനാണ്. ചൊവ്വാഴ്ച മത്സരശേഷം നടത്തിയ വാർത്തസമ്മേളനത്തിലും മെസ്സി അതിന് അടിവരയിട്ടു.ഓരോ ഗോളിനും അസിസ്റ്റിനുമൊക്കെ മെസ്സി ഓടിയെത്തുന്നത് അവർക്കരികിലേക്കായിരുന്നു. അപ്പോൾ ഗാലറി ആ പാട്ടു പാടും. 'മുചാചോസ്, ആവോര നോൾവിമോ ഇല്യുസനാർ...ക്വീറോ ഗനാർ ലാ ടെർസേര, ക്വീറോ സെർ കാംപിയോൺ മുൻഡ്യാൽ.'. (കുട്ടികളേ..നമ്മളുടെ പ്രതീക്ഷകൾ വീണ്ടും ഉയർന്നുപറക്കുകയാണ്.

മൂന്നാമതൊന്നുകൂടി വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ലോകജേതാവാകാൻ എന്റെ ഉള്ളം തുടിക്കുന്നു). അർജൈന്റൻ ബാൻഡായ ലാ മോസ്കാസിന്റെ ഈ പോപ് ഗാനം മെസ്സിപ്പടയുടെ അനൗദ്യോഗിക ലോകകപ്പ് ഗാനമായി മാറിക്കഴിഞ്ഞു. സ്റ്റേഡിയം മുഴുവൻ ഒറ്റ സ്വരത്തിൽ അതു പാടുമ്പോഴുള്ള ആവേശം മൊബൈൽ ഫോണിൽ പകർത്താൻ സമയം കണ്ടെത്തുന്നു, മറ്റു രാജ്യങ്ങളിൽനിന്നുള്ള ആരാധകർ. കളിക്കാരാവട്ടെ, മത്സരശേഷം കാണികൾക്കരികിലെത്തി ഈ പാട്ടിനൊത്ത് ചുവടുവെക്കുന്നതും പതിവായി.

ആവേശമാണ് ലുസൈലിന്റെ പ്രത്യേകത. നിറഞ്ഞ അർജന്റീനക്കാർക്കൊപ്പം സെമി ഫൈനലിന് സാക്ഷികളാവാനെത്തിയ അൽപം ക്രൊയേഷ്യൻ ആരാധകർ തുടക്കത്തിൽ ഒപ്പം പിടിക്കാൻ ശ്രമിച്ചു. എന്നാൽ, ആദ്യഗോൾ വീണശേഷം അതെല്ലാമടങ്ങി. ഗാലറിയിലും അവർ പൊരുതാതെ തോറ്റുകൊടുത്തു.

എങ്കിലും സ്റ്റേഡിയത്തിലും പുറത്തും ഏറെ സൗഹൃദത്തിലായിരുന്നു ഇരുടീമിന്റെയും ആരാധകർ. ലുസൈലിന്റെ പരിസരത്ത് അവർ ഒന്നിച്ചുനിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതും കാണാമായിരുന്നു. മെട്രോയിലും അവർ ഒന്നിച്ച് വിശേഷങ്ങൾ പങ്കിട്ട് യാത്ര ചെയ്തു. എന്തുകൊണ്ടാണ് ഇത്ര വലിയ മാർജിനിൽ തോറ്റുപോയതെന്ന് ട്രെയിനിൽ ഒപ്പമുണ്ടായിരുന്ന ഒരു ക്രൊയേഷ്യക്കാരനോട് ചോദിച്ചപ്പോൾ അയാളുടെ മറുപടി ഇതായിരുന്നു. 'ഞങ്ങൾക്ക് മോഡ്രിച്ചുണ്ടെങ്കിലും മെസ്സിയില്ലല്ലോ?'.

Tags:    
News Summary - 'Muchachos, avora nolvimo illusanar..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.