മൊറോക്കോ ടീം അംഗങ്ങളായ അഷ്റഫ് ഹകിമി നായിഫ് അഗ്വേർഡ് എന്നിവർ കോച്ച് വലിദ് റഗ്റോഗിക്കൊപ്പം പരിശീലനത്തിൽ
ദോഹ: ഖത്തറിലെ തങ്ങളുടെ അത്ഭുതകരമായ മുന്നേറ്റത്തിലൂടെ ടീം ലോകത്തിന് അഭിമാനമായെന്ന് മൊറോക്കൻ പരിശീലകൻ വലീദ് റെഗ്റാഗി പറഞ്ഞു. എന്നാൽ, ലോകകപ്പ് കിരീടത്തിലേക്ക് കുതിക്കുന്നതിനാ് അറ്റ്ലസ് ലയൺസിന് കൂടുതൽ കഠിനാധ്വാനം ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ലോകകപ്പിൽ ഞെട്ടിപ്പിക്കുന്ന വിജയങ്ങളുമായി ലോകത്തെ വിസ്മയിപ്പിച്ച വടക്കേ ആഫ്രിക്കക്കാർ ബുധനാഴ്ച നടന്ന സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ െക്രായേഷ്യയാണ് മൊറോക്കോയുടെ എതിരാളികൾ.
രണ്ടാം റാങ്കുകാരായ ബെൽജിയം, മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, 2016 യൂറോ ജേതാക്കളായ പോർച്ചുഗൽ എന്നിവരെ പരാജയപ്പെടുത്തി സെമി ഫൈനലിലെത്തിയ മൊറോക്കോ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമെന്ന ഖ്യാതിയും കരസ്ഥമാക്കി.
തെക്കേ അമേരിക്കക്കും യൂറോപ്പിനും പുറത്ത് നിന്ന് ഫൈനൽ കളിക്കുന്ന ആദ്യ ടീമാകാൻ ഒരു ചുവട് മാത്രം മതിയായിരുന്ന മൊറോക്കോ, അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഫ്രഞ്ച് പടക്കെതിരെ നിർഭാഗ്യകരമായ പരാജയം ഏറ്റുവാങ്ങി പുറത്താവുകയായിരുന്നു. അത്ഭുതങ്ങൾ കൊണ്ട് ലോകകപ്പ് നേടാനാകില്ലെന്നും കഠിനാധ്വാനം കൊണ്ട് മാത്രമേ ലോകത്തെ മികച്ച ടീമാകാൻ സാധിക്കുകയുള്ളൂവെന്നും റെഗ്റാഗി കൂട്ടിച്ചേർത്തു.
ഏറ്റവും ഉന്നതിയിലെത്താൻ, ഒരു ലോക കിരീടം നേടുന്നതിന് ഞങ്ങൾ ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ ഇത് വളരെ അകലെയല്ലെ- റെഗ്റാഗി പറഞ്ഞു.
'എെൻറ കളിക്കാർ എല്ലാം നൽകി. കഴിയാവുന്ന ദൂരം അവർ സഞ്ചരിച്ചു. ചരിത്ര പുസ്തകങ്ങൾ തിരുത്താൻ ഞങ്ങൾ ആഗ്രഹിച്ചു. എന്നാൽ അത്ഭുതങ്ങൾ കൊണ്ട് ഒരു ലോകകപ്പ് നേടാൻ കഴിയുകയില്ല. കഠിനാധ്വാനത്തിലൂടെ അത് ചെയ്യണം. അതാണ് ഞങ്ങൾ ചെയ്യാനിരിക്കുന്നത് '-കോച്ച് ആവർത്തിച്ചു.
മൊറോക്കൻ ജനതയെക്കുറിച്ച് നിരാശരാണെങ്കിലും ഞങ്ങൾ നേടിയതിൽ സന്തുഷ്ടരാണ്. ഇനിയും മുന്നോട്ട് പോകാമായിരുന്നെന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. പരമാവധി നൽകി. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മികച്ച പ്രതിഛായ സൃഷ്ടിക്കാൻ ഞങ്ങൾക്ക് സാധിച്ചുവെന്നതാണ്. മൊറോക്കൻ ഫുട്ബോൾ ഉണ്ടെന്നും ഞങ്ങൾക്ക് മനോഹരമായ ആരാധകർ ഉണ്ടെന്നും ലോകത്തിന് കാണിച്ച് കൊടുക്കാൻ ഞങ്ങൾക്കായി.
സെമി ഫൈനലിൽ നന്നായി കളിച്ചെങ്കിലും പ്രതീക്ഷിച്ച ദൂരം താണ്ടാനായില്ല. പരിക്കുകളും ടീമിനെ വലച്ചു. നുസൈർ മസ്റൂഇക്ക് പരിക്കായിരുന്നു. ക്യാപ്റ്റൻ സൈസിനും. എന്നാൽ രണ്ട് പേരും കളിക്കാനിറങ്ങി. അവർ പരമാവധി നൽകാൻ തയ്യാറാകുമ്പോൾ എനിക്ക് ഒന്നും പറയാനില്ല -റെഗ്റാഗി വിശദീകരിച്ചു. നാളെ നടക്കുന്ന ഫൈനലിൽ ഫ്രാൻസിനാണ് പിന്തുണ നൽകുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.