റോക്കിങ് മൊറോക്കോ; കാനഡയെ വീഴ്ത്തി ഗ്രൂപ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ

ദോഹ: കാനഡയെ ഒന്നിനെതിരെ രണ്ടു ഗോളിന് തകർത്ത് മൂന്നര പതിറ്റാണ്ടിനുശേഷം മൊറോക്കോ ആദ്യമായി ഫുട്ബാൾ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക്. ആദ്യ മിനിറ്റുകളിൽതന്നെ കനേഡിയൻ വല കുലുക്കി കാനഡയെ വിറപ്പിച്ച അറ്റ്ലസ് ലയൺ, 23ാം മിനിറ്റിൽ രണ്ടാമതും വലകുലുക്കി.

ഹാകിം സിയെച്ച് (നാല്), യൂസഫ് എൻ നെസിറി (23) എന്നിവരാണ് മൊറോക്കോക്കായി വല കുലുക്കിയത്. കാനഡയുടെ ആശ്വാസ ഗോൾ മൊറോക്കോ താരം നായിഫ് അഗ്വേഡിന്‍റെ വകയായിരുന്നു. ഗ്രൂപ് എഫിൽ രണ്ടു ജയവും ഒരു സമനിലയുമായി മൊറോക്കോ ഏഴു പോയന്‍റുമായി ഒന്നാമതെത്തി. അഞ്ചു പോയന്‍റുള്ള ക്രൊയേഷ്യയും അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപിലെ മൂന്നു മത്സരവും തോറ്റാണ് കാനഡ നാട്ടിലേക്ക് മടങ്ങുന്നത്.

ആദ്യ മിനിറ്റിൽ തന്നെ മൊറോക്കോ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. അധികം വൈകാതെ അതിനുള്ള ഫലവും ലഭിച്ചു. നാലാം മിനിറ്റിൽ ഹകീം സിയെച്ചിന്‍റെ ഗോളിലൂടെ മൊറോക്കോ മുന്നിലെത്തി. പ്രതിരോധ നിരയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴച്ചു.

പന്ത് പിടിച്ചെടുക്കാന്‍ മൊറോക്കോ താരം എത്തിയതോടെ ഓടിയെത്തിയ ബോര്‍ഹാന് അത് കൃത്യമായി ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഹക്കീം സിയെച്ച് ബോക്‌സിന് പുറത്ത് നിന്ന് പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലെത്തിച്ചു. 14ാം മിനിറ്റിൽ കാനഡക്ക് ലഭിച്ച സുവർണാവസരം മുതലെടുക്കാനായില്ല.

ലാരിൻ വലതുവിങ്ങിൽനിന്ന് ബോക്സിലേക്ക് നൽകിയ പാസ് ടാജോൺ ബുച്ചാനന് കൃത്യമായി കണക്ട് ചെയ്യാനായില്ല. താരത്തിന്‍റെ കാലിൽ തട്ടി പന്ത് പോസ്റ്റിന് പുറത്തേക്ക്. 23ാം മിനിറ്റിൽ ഒരു ലോങ് പാസ്സാണ് ഗോളിന് വഴിയൊരുക്കിയത്. ഹക്കീം സിയെച്ച് നല്‍കിയ പാസ് കൃത്യമായി പിടിച്ചെടുത്ത നെസിരി, രണ്ടു പ്രതിരോധ താരങ്ങളെ മറികടന്ന് മുന്നേറി പോസ്റ്റിലേക്ക് ഒരു കിടിലൻ ഷോട്ട് പായിച്ചു. പന്ത് ഗോളിയെയും മറികടന്ന് കാനഡയുടെ വലയിൽ.

നെസിരിയുടെ ഖത്തർ ലോകകപ്പിലെ രണ്ടാം ഗോളാണിത്. 40ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്ന് കാനഡ താരം സാം അഡെകുഗ്ബെയുടെ മുന്നേറ്റമാണ് മൊറോക്കോയുടെ സെൽഫ് ഗോളിൽ കലാശിച്ചത്. അഡെകുഗ്ബെയുടെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേഡിന്‍റെ വലതുകാലിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക്. ഗോൾകീപ്പർ യാസീൻ ബൗനോ പന്ത് തടയാൻ ശ്രമിച്ചെങ്കിലും കൈയിൽ തൊട്ടുരുമ്മി പോയി.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ നെസിരി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. രണ്ടാം പകുതിയിൽ കാനഡ ആക്രമണ ഫുട്ബാൾ കളിച്ചപ്പോൾ, മൊറോക്കോ പ്രതിരോധത്തിലൂന്നി അവസരങ്ങൾ തുറന്നുകിട്ടുമ്പോൾ മാത്രം തിരിച്ചടിച്ചു. കാനഡയുടെ മുന്നേറ്റങ്ങളെല്ലാം മൊറോക്കോ താരങ്ങൾ പ്രതിരോധിച്ചു.

71ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ അതിബ ഹച്ചിൻസണിന്‍റെ കോർണറിൽനിന്നുള്ള ഹെഡർ ക്രോസ് ബാറിൽ തട്ടി വീണ്ടും ബോക്സിനുള്ളിലേക്ക്. റീബൗണ്ട് പന്ത് ജോൺസ്റ്റൺ ഹെഡ് ചെയ്തെങ്കിലും ബാറിനു മുകളിലൂടെ പുറത്തേക്ക്. കാനഡയുടെ ദൗർഭാഗ്യം, മൊറോക്കോയുടെ ഭാഗ്യമായി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി കാനഡ കിണഞ്ഞുശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.

പന്തടക്കത്തിലും പാസ്സിങ്ങിലും കാനഡ മുന്നിട്ടുനിന്നെങ്കിലും ഗോളടിക്കാൻ മറന്നുപോയി. കാനഡയുടെ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് രണ്ടു തവണയാണ് മൊറോക്കോ ഷോട്ട് തൊടുത്തത്. കാനഡയുടെ അക്കൗണ്ടിൽ ഒരു ഷോട്ട് പോലുമില്ല. മൊറോക്കോ 4-3-3 ശൈലിയിലും കാനഡ 3-4-3 ഫോർമാറ്റിലുമാണ് കളിച്ചത്.

Tags:    
News Summary - Morocco beat Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.