ഗബ്രിയേൽ മാർട്ടിനും മെഹ്ദി ബലാമിസ്സയും ലുസൈൽ സ്റ്റേഡിയത്തിനു മുന്നിൽ
ദോഹ: 13 രാജ്യങ്ങൾ, ഏഴായിരം കിലോമീറ്റർ, മൂന്നു മാസത്തെ യാത്ര, വഴിയരികിൽ ടെൻറ് കെട്ടിയും ഗ്രാമീണരുടെ ആതിഥ്യം സ്വീകരിച്ചുമുള്ള സഞ്ചാരം. ഒടുവിൽ ഫ്രഞ്ചുകാരായ മെഹ്ദി ബലാമിസ്സയും ഗബ്രിയേൽ മാർട്ടിനും ഖത്തറിന്റെ മണ്ണിലേക്ക് സൈക്കിൾ ഓടിച്ചുകയറ്റി. കിരീട പ്രതീക്ഷയുമായി കിലിയൻ എംബാപ്പെയും സംഘവും ബുധനാഴ്ച വിമാനമിറങ്ങിയപ്പോൾ ലഭിച്ചതിനേക്കാൾ ആവേശകരമായ സ്വീകരണമായിരുന്നു അടുത്ത കൂട്ടുകാരായ ബലാമിസ്സക്കും മാർട്ടിനും ദോഹ ഒരുക്കിയത്.
കഴിഞ്ഞ ആഗസ്റ്റ് 20നായിരുന്നു പാരിസിലെ സ്റ്റേഡിയം ഓഫ് ഫ്രാൻസിന്റെ മുറ്റത്തു നിന്നും ഇരുവരുടെയും സൈക്കിൾ യാത്ര തുടങ്ങിയത്. നിലവിലെ ലോകചാമ്പ്യന്മാരായി വീണ്ടുമൊരു ലോകകപ്പിന് ബൂട്ടുകെട്ടാൻ ഒരുങ്ങുന്ന ഫ്രഞ്ച് ടീമിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഇവർ നടത്തിയ യാത്രയെ ആരാധകരും ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷൻ ഏറ്റെടുത്തു.
പാരിസിൽ നിന്നും നാൻസെ വഴി, ജർമൻ അതിർത്തി കടന്ന്, സ്റ്റുട്ട്ഗട്ടും മ്യൂണിക്കും സഞ്ചരിച്ച് ഓസ്ട്രിയ, ഹംഗറി, സെർബിയ, ബൾഗേറിയ വഴി തുർക്കിയയിൽ പ്രവേശിച്ചായിരുന്നു യാത്രയുടെ ഗതി. ഇറാനിലെത്തിയ ശേഷം, ബോട്ട് വഴി യു.എ.യിലും, പിന്നെ ഏഴുദിനം സൗദിയിലെ നഗരങ്ങളും മരുഭൂമിയും ഗ്രാമങ്ങളും ആസ്വദിച്ചായിരുന്നു കഴിഞ്ഞ രാത്രി അബു സംറ അതിർത്തി കടന്ന് ഖത്തറിലേക്ക് പ്രവേശിച്ചത്.
അതിർത്തിയിൽ ഫ്രഞ്ച് മാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വരവേൽപ്. വ്യാഴാഴ്ച ഉച്ചയോടെ ലുസൈൽ സ്റ്റേഡിയം പരിസരത്തെത്തിയ ബലാമിസ്സയെയും മാർട്ടിനെയും ഖത്തറിലെ ഫ്രഞ്ച് ആരാധകർ സ്വീകരിച്ചു. തുടർന്ന് ഫ്രഞ്ച് എംബസി ആസ്ഥാനവും സന്ദർശിച്ച് വൈകീട്ടോടെ ദോഹ കോർണിഷിലെത്തിയായിരുന്നു തങ്ങളുടെ സ്വപ്ന സഞ്ചാരത്തിന് സമാപനം കുറിച്ചത്.
വിവിധ രാജ്യങ്ങൾ അറിഞ്ഞും, സംസ്കാരങ്ങൾ പഠിച്ചും മനുഷ്യരെ പരിചയപ്പെട്ടും നടത്തിയ യാത്ര അവിസ്മരണീയതകളാണ് സമ്മാനിച്ചതെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. 'ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് കിരീടമണിയാനുള്ള ഊർജം സമ്മാനിച്ചാണ് ഞങ്ങളുടെ യാത്ര. ഓരോ രാജ്യങ്ങളിൽ നിന്നും ഗംഭീരമായ സ്വീകരണങ്ങളുമായിരുന്നു ലഭിച്ചത്.
ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയം അതിമനോഹരമായിരിക്കുന്നു. വരും ദിനങ്ങളിൽ മറ്റു സ്റ്റേഡിയങ്ങളും കാണണം' -മാർട്ടിൻ പറഞ്ഞു. കഴിഞ്ഞ വർഷം ലീഗ് ഓഫ് നേഷൻസ് മത്സരങ്ങൾക്കായി ഇറ്റലിയിലേക്ക് സൈക്കിൾ യാത്ര നടത്തിയ ആത്മവിശ്വാസത്തിലായിരുന്നു ഇരുവരും മൂന്നു മാസം നീണ്ട മാരത്തൺ സഞ്ചാരത്തിനായി ഇറങ്ങി പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.