മെക്സിക്കോയുമായുള്ള മത്സരം: സൗദി ചരിത്രം രചിക്കുമെന്ന് കോച്ച്

റിയാദ്: ബുധനാഴ്ച നടക്കുന്ന മെക്‌സിക്കോക്കെതിരായ മത്സരത്തിൽ സൗദി ഗ്രീൻ ഫാൽക്കൺസിന് വീണ്ടും ചരിത്രം രചിക്കാൻ കഴിയുമെന്ന് കോച്ച് ഹെർവ് റെനാർഡ് പ്രത്യാശ പ്രകടിപ്പിച്ചു. 'മെക്‌സിക്കോക്കെതിരായ മത്സരം എളുപ്പമാകില്ല. ദൈവേച്ഛ അനുകൂലമാണെങ്കിൽ ഞങ്ങൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. മെക്‌സിക്കോക്ക് ലോകകപ്പിൽ അനുഭവ പരിചയമുണ്ടെന്നത് സത്യമാണ്. പക്ഷേ ചരിത്രം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരുടെ ഒരു നല്ല തലമുറ ഞങ്ങൾക്കുണ്ട്. മെക്സിക്കോയെ നേരിടുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരമാവധി ശ്രമിക്കുകയും ചെയ്യും. ബുധൻ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്' -ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

മെക്സിക്കോയുമായുള്ള മത്സരത്തിൽ സൗദി ക്യാപ്റ്റൻ സൽമാൻ അൽ ഫറാജ്, താരങ്ങളായ യാസിർ അൽ ശഹ്‌റാനി, മുഹമ്മദ് അൽ ബുറൈക്, അബ്ദുല്ല അൽ മാലികി എന്നിവർ ഇല്ലെന്ന് കോച്ച് സ്ഥിരീകരിച്ചു. 'എന്നോടൊപ്പം 26 കളിക്കാരുണ്ട്. സാഹചര്യങ്ങളെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുക എന്നതാണ് പ്രാധാനം. വെല്ലുവിളികളോട് പ്രതികരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പകരം, നമ്മൾ നമ്മളെയും നമ്മുടെ സന്നദ്ധതയെയും ശ്രദ്ധിക്കുന്നു. വളരെക്കാലമായി പരിശ്രമിക്കുന്ന ഒരു ലക്ഷ്യം നേടുന്നതിൽ ശ്രദ്ധിക്കുന്നു' അദ്ദേഹം പറഞ്ഞു.

തന്റെ ഫുട്‌ബാൾ ജീവിതത്തിൽ കണ്ട മികച്ച പരിശീലകനാണ് റെനാർഡെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത സൗദി താരം മുഹമ്മദ് ഇബ്രാഹിം കനൂ പറഞ്ഞു. കളിക്കാരുടെ ആത്മവിശ്വാസം പുറത്തെടുക്കാൻ വേണ്ട പ്രോത്സാഹനമാണ് അദ്ദേഹത്തിൽ നിന്ന് ലഭിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മെക്സിക്കോയുള്ള മത്സരം ഒന്നുകിൽ ജീവിതമാണ്, അല്ലെങ്കിൽ മരണവും.

വിജയിച്ച് അടുത്ത റൗണ്ടിലെത്തുമെന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. സൗദി ജനതയെ സന്തോഷിപ്പിക്കാൻ ഞങ്ങളുടെ കഴിവനുസരിച്ച് ശ്രമിക്കും' -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Match with Mexico: Saudi will make history -coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.