ടീ​മി​നൊ​പ്പ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ മൊ​റോ​ക്കോ താ​രം അ​ഷ്റ​ഫ് ദാ​രി ഫ​ല​സ്തീ​ൻ പ​താ​ക​യു​മാ​യി

ഒരുപാട് കൊടികൾ ഒരേയൊരാഘോഷം

വീണ്ടും വീണ്ടും സൂഖ് വാഖിഫിലേക്ക് പോകുന്നത് മൊറോക്കോ വീണ്ടും വീണ്ടും ജയിക്കുന്നതുകൊണ്ടാണ്. അവരുടെ ആഘോഷത്തിന്റെ അരങ്ങാണിവിടം, അവരുടേത് മാത്രമല്ല, എല്ലാ അറബ് വംശജരുടേതും. ഓരോ വിജയങ്ങൾക്കും പിന്നാലെ, അവരവിടെ ഒന്നായിച്ചേരും. പത്തും നൂറുമല്ല, ആയിരങ്ങളുണ്ടാകും. പാട്ടും നൃത്തവും മേളിച്ച് പുലർച്ചെവരെ ആഘോഷം. മൊറോക്കോയുടെ പന്തുകളി സംഘം ലോകത്തെ വിസ്മയിപ്പിക്കുമ്പോൾ ആരാധകരുടെ ഐക്യം അതിന് ബലമേകുകയാണ്.

ഖത്തറിൽ, മൊറോക്കോ എന്നത് ഇപ്പോൾ കേവലമൊരു രാജ്യത്തിന്റെ പേരല്ല. അത് അറബി സംസാരിക്കുന്ന എല്ലാവരുടേയും വികാരമായി മാറിക്കഴിഞ്ഞു. അർജന്റീനയെയും ബ്രസീലിനെയും പോലെ, തങ്ങളുടെ നിറങ്ങളിൽ മുങ്ങിയ ഗാലറിയുടെ പ്രഭക്കു കീഴിൽ കളിക്കുന്നവർ. അതിരില്ലാത്ത പിന്തുണയിൽനിന്നുതിരുന്ന അടങ്ങാത്ത പോരാട്ടവീര്യത്തിൽ പുതിയ വിജയകഥകൾ രചിക്കുന്ന സംഘമായവർ മാറിക്കഴിഞ്ഞു. ബെൽജിയം, സ്‍പെയിൻ, പോർചുഗൽ..കിരീടത്തിൽ കണ്ണുനട്ടെത്തിയ വമ്പൻ താരനിരകളെ അടപടലം പറിച്ചു പുറത്തേക്കെറിഞ്ഞ മൊറോക്കോക്ക് മുന്നിൽ ഈ പുൽത്തകിടിയിൽ കപ്പിലേക്കിനി രണ്ടടി ദൂരം മാത്രം.

സൂഖ് വാഖിഫിൽ ഒരു കൊടി മാത്രമല്ല, ഒരുപാട് കൊടികൾ കൂട്ടിക്കെട്ടിയ ആഘോഷമാണ്. ഖത്തറും സൗദിയും അൽജീരിയയും തുനീഷ്യയും ഫലസ്തീനും ഈജിപ്തുമൊക്കെ അതിനൊപ്പം ചേരും. കളി ജയിച്ചാൽ അന്ന് രാത്രി സൂഖ് വാഫിഖ് ഇവരുടേതാണ്.

സ്‍പെയിനിനെതിരെ ജയിച്ചപ്പോൾ അയ്യായിരത്തിലേറെ പേരുണ്ടായിരുന്നു സൂഖ് വാഖിഫിൽ. പറങ്കികളെ വീഴ്ത്തി സെമിയിൽ കടന്നപ്പോൾ ശനിയാഴ്ച ആഘോഷം കനത്തു. ഇക്കുറി കൂടുതൽ പേരുണ്ടായിരുന്നു. ഒഴിഞ്ഞ ഗ്രൗണ്ടിനകരികെ നിന്ന് സൂഖിലേക്ക് കടക്കുന്ന വഴികളിൽ പൊലീസുകാർ പതിവുപോലെ മതിൽകെട്ടി. ഒരുപാടുപേർ പുറത്ത്. ആഘോഷം സൂഖിനു മുന്നിലെ ഒഴിഞ്ഞയിടത്തും തുടികൊട്ടി.

'ദിമ മഗ്‍രിബ്..(എന്നെന്നും മൊറോക്കോ) എന്നു തുടങ്ങുന്ന പാട്ട് അത്യുച്ചത്തിലായി. ഗാലറിയിലെന്നതുപോലെ അവർക്ക് ആവേശം ഇരട്ടിക്കുന്നു. പുതുതായി സൂഖിലെത്തുന്ന സംഘങ്ങൾ അവർക്കൊപ്പം ചേരുന്നു. ഇതിനിടയിൽ 'ഫ്രീ ഫലസ്തീൻ' എന്നെഴുതിയ ബാനറുകളും സ്റ്റേഡിയത്തിലെന്ന പോലെ പ്രത്യക്ഷപ്പെടുന്നു.

ചിലരണിഞ്ഞ ജഴ്സിയിലും, ഷാളുകളുടെ പാതിഭാഗങ്ങളിലുമൊക്കെ ഫലസ്തീനുവേണ്ടിയുള്ള എഴുത്തുകൾ നിറയുന്നു. കളിക്കിടയിലും ലോകത്തോട് പറയാനുള്ളത് അറബ് ലോകം വിളിച്ചുപറയുകയാണ്. മത്സരം കഴിഞ്ഞശേഷം മൊറോക്കോ താരം അഷ്റഫ് ദാരി ഫലസ്തീൻ പതാകയുമായാണ് ഗ്രൗണ്ടിൽ ആഹ്ലാദം പ്രകടിപ്പിച്ചത്.

'ലക്ഷക്കണക്കിനാളുകളുണ്ട് ഞങ്ങളോടൊപ്പം. മൊറോക്കോയുടേത് മാത്രമല്ല, ആഫ്രിക്കയുടേതും അറബ് ലോകത്തിന്റേതുമൊക്കെയാണ് ഈ വിജയം. ഇപ്പോൾ എല്ലാവരും ഞങ്ങളിൽ വിശ്വാസമർപ്പിച്ചു തുടങ്ങുന്നുണ്ട്. മൊറോക്കോക്കാരനായതിൽ അഭിമാനിക്കുന്നു'- സൂഖിലെത്തിയ ആരാധകരിലൊരാളായ ഇമാദ് അലി പറയുന്നു.

Tags:    
News Summary - Many flags, one celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.