റഷ്യൻ താരങ്ങൾക്ക് കളി വിലക്കി; എട്ടുകോടി പിഴയിട്ട് എ.ടി.പി

യുക്രെയ്ൻ അധിനിവേശം പറഞ്ഞ് റഷ്യയിൽനിന്നും ബെലറൂസിൽനിന്നുമുള്ള താരങ്ങളെ കളിക്കാൻ അനുവദിക്കാത്ത നടപടിക്ക് കടുത്ത പിഴ ചുമത്തി എ.ടി.പി. വിലക്കു പ്രഖ്യാപിച്ച ലോൺ ടെന്നിസ് അസോസിയേഷൻ 820,000 ഡോളർ (എട്ടു കോടിയിലേറെ രൂപ) പിഴ നൽകണമെന്നാണ് ടെന്നിസിലെ ആധികാരിക സംഘടനയായ എ.ടി.പി നിർദേശം.

നടപ്പു വർഷത്തെ മുൻനിര ടൂർണമെന്റുകളിൽ പലതിലും റഷ്യൻ താരങ്ങൾ ഇറങ്ങിയിരുന്നില്ല. ഇത് അംഗീകരിക്കാനാവില്ലെന്നും ലോൺ ടെന്നിസ് അസോസിയേഷന് എ.ടി.പി അംഗത്വം നഷ്ടമാകാനിടയാക്കുന്നതാണ് നടപടിയെന്നും മുന്നറിയിപ്പുണ്ട്. താരങ്ങൾക്ക് റഷ്യൻ, ബെലറൂസ് പതാകകൾക്കു കീഴിൽ മത്സരിക്കാനാകില്ലെങ്കിലും വ്യക്തിഗതമായി പ​ങ്കെടുക്കാമെന്നും നേരത്തെ എ.ടി.പി വ്യക്തമാക്കിയിരുന്നു.

വിംബിൾഡണിൽ റഷ്യൻ താരങ്ങൾക്ക് വിലക്കേർപ്പെടുത്തി ഓൾ ഇംഗ്ലണ്ട് ക്ലബാണ് തുടക്കമിട്ടിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് എൽ.ടി.എയും റഷ്യ, ബെലറൂസ് താരങ്ങളെ പടിക്കു പുറത്തുനിർത്തി. എന്നാൽ, സർക്കാറല്ല താരങ്ങളെന്നും കായിക വേദികളിൽ സർക്കാർ നടപടികൾ വിലക്കിന് കാരണമാകരുതെന്നും എ.ടി.പി വ്യക്തമാക്കി.

വനിത ടെന്നസ് അസോസിയേഷനും നേരത്തെ ലോൺ ടെന്നിസ് അസോസിയേഷന് പിഴയിട്ടിരുന്നു. വിംബിൾഡണിൽ വിലക്കുവീഴും മു​മ്പ് റഷ്യൻ താരം ഡാനിൽ മെദ് വദേവ് ആയിരുന്നു ലോക റാങ്കിങ്ങിൽ ഒന്നാമൻ.

Tags:    
News Summary - LTA fined £820,000 for ban on Russian players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.