എന്നെ കുരങ്ങനായി കണ്ടവർക്കുവേണ്ടി കളിക്കേണ്ടെന്നുവെച്ചതായിരുന്നു- തുറന്നുപറഞ്ഞ് എംബാപ്പെ

പാരിസ്: കഴിഞ്ഞ യൂറോകപ്പിനു ശേഷം ദേശീയ ടീം ജഴ്സി അഴിച്ചുവെക്കുന്നത് ആലോചിച്ചതായിരുന്നുവെന്ന് ഫ്രഞ്ച് സൂപർ താരം കിലിയൻ എംബാപ്പെ. സ്വിറ്റ്സർലൻഡിനെതിരായ നോക്കൗട്ട് പോരാട്ടത്തിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയതിനു പിന്നാലെ ഉയർന്ന കടുത്ത വംശീയ അധിക്ഷേപമാണ് തന്നെ മനംമടുപ്പിച്ചതെന്നും സ്‍പോർട്സ് ഇല്ലുസ്ട്രേറ്റഡ് മാസികക്ക് അനുവദിച്ച അഭിമുഖത്തിൽ എംബാപ്പെ പറഞ്ഞു.

''എന്നെ കുരങ്ങനായി കരുതുന്ന ആളുകൾക്കുവേണ്ടി കളിക്കാനാവില്ല. ഞാൻ ഒരിക്കലും കളിക്കുന്നില്ല''- മനസ്സ് ആദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ, എനിക്കു ചുറ്റും പന്തുതട്ടുകയും പിന്തുണ നൽകുകയും​ ചെയ്തവരെ കൂടി കണക്കിലെടുത്തപ്പോൾ വിട്ടേച്ചുപോകുന്നത് നല്ല സന്ദേശമാകില്ലെന്ന് തോന്നി. കാരണം, എല്ലാവർക്കും ഞാനൊരു മാതൃകയാകണം. ഇത് പുതിയ ഫ്രാൻസാണ്. അങ്ങനെ ഞാൻ ദേശീയ ടീം വിടുന്നില്ലെന്നു വെച്ചു. അപ്പോഴാണ്, യുവതലമുറക്ക് പറയാനാകുക- അതിനെക്കാൾ കരുത്തരാണ് ഞങ്ങൾ''- താരം മനസ്സുതുറന്നു.

സ്‍പോൺസർഷിപ്പ് കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതുമായി സംബന്ധിച്ച് ഫ്രഞ്ച് ഫുട്ബാൾ ഫെഡറേഷനുമായും എംബാപ്പെക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും, ഫ്രഞ്ച് കിരീട സ്വപ്നങ്ങളിലെ ഒന്നാം നമ്പർ താരമാണ് എംബാപ്പെ.

2018ലെ ലോകകപ്പിൽ ഏറ്റവും മികച്ച യുവ താരമായി തെരഞ്ഞെടുക്കപ്പെട്ട 23കാരൻ നിലവിൽ യൂറോപിലെ ഏറ്റവും താരമൂല്യമുള്ള യുവതാരങ്ങളിലൊരാളാണ്. ലോകത്തെ ഏറ്റവും ഉയർന്ന ശമ്പളം പറ്റുന്ന ഫുട്ബാളർ. യൂറോപിൽ പലപ്പോഴും താരങ്ങളെ വേട്ടയാടുന്ന വംശവെറി അനുഭവിച്ചപ്പോൾ മനസ്സു മടുത്തുപോയിട്ടും തിരിച്ചുവന്നാണ് ഇത്രയും നേട്ടങ്ങൾ തൊട്ടതെന്ന് സ്‍പോർട്സ് ഇല്ലുസ്ട്രേറ്റഡ് മാസിക അഭിമുഖം പറയുന്നു.

മെസ്സിക്കും നെയ്മറി​നുമൊപ്പം ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റനിരയുമായി പി.എസ്.ജിയിൽ കളിക്കുന്ന എംബാപ്പെ ഇത്തവണ ഖത്തറിൽ ഫ്രാൻസിനെ വീണ്ടും കിരീടത്തിലേക്ക് നയിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

Tags:    
News Summary - Kylian Mbappé tells he considered quitting French national team after Euro 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.