ലോകകപ്പ് കാലത്ത് തടികൂടി; ഇംഗ്ലീഷ് താരം ഫിലിപ്സിന് നല്ലനടപ്പ് വിധിച്ച് ഗാർഡിയോള

ലോകകപ്പ് കളിക്കാൻ പോയ ദേശീയ ടീമിൽ അംഗമായിരുന്ന കാൽവിൻ ഫിലിപ്സ് ഖത്തറിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ ശരീരം വ​ണ്ണംവെച്ചെന്ന് കോച്ച് ഗാർഡിയോളയുടെ കണ്ടെത്തൽ. ഇ.എഫ്.എൽ കപ്പ് പ്രീക്വാർട്ടറിൽ ലിവർപൂളിനെതിരായ മത്സരത്തിനുള്ള ടീം സ്ക്വാഡ് പ്രഖ്യാപിച്ചപ്പോഴാണ് പകരക്കാരുടെ ബെഞ്ചിൽ പോലും താരത്തെ പരിഗണിക്കാതിരുന്നത്. ചെറിയ കാലയളവിൽ സിറ്റിയിൽനിന്ന് വിട്ടുനിന്ന് ദേശീയ ടീമിനൊപ്പം അണിനിരന്ന താരം പരിശീലനത്തിനിറങ്ങാനാകാത്ത വിധം അമിതവണ്ണ​മാണെന്ന് ഗാർഡിയോള പറയുന്നു. സിറ്റി ടീമിൽനിന്ന് ഇംഗ്ലണ്ട് ദേശീയ ടീമിലെത്തിയ ഫിൽ ഫോഡൻ, ജാക് ഗ്രീലിഷ്, ജോൺ സ്റ്റോൺസ് എന്നിവരെയൊക്കെയും കഴിഞ്ഞ ദിവസം ലിവർപൂളിനെതിരെ ഇറക്കിയിരുന്നു. കൈൽ വാക്കറാകട്ടെ പകരക്കാരുടെ ബെഞ്ചിൽ ഇരിക്കുകയും ചെയ്തു.

താരത്തെ പരിഗണിക്കാതിരുന്നതിനെ കുറിച്ച ചോദ്യത്തിനാണ് പരിക്കൊന്നുമില്ലെന്നും തടികൂടിയതാണ് പ്രശ്നമെന്നും ഗാർഡിയോള വിശദീകരിച്ചത്. പരിശീലനത്തിനിറങ്ങാനോ കളിക്കാനോ പാകമായ ശാരീരികാവസ്ഥയിലല്ല താരം തിരിച്ചുവന്നതെന്നും ശരീരം തടികുറയുന്നതോടെ പരിഗണിക്കുമെന്നും ഗാർഡിയോള പറഞ്ഞു.

ആറു വർഷ കരാറിൽ 4.2 കോടി പൗണ്ടിന് ഈ സീസൺ ആരംഭത്തോടെയാണ് കാൽവിൻ ഫിലിപ്സ് ലീഡ്സിൽനിന്ന് സിറ്റിയിലെത്തിയത്. ആഗസ്റ്റിലും സെപ്റ്റംബറിലും മൂന്നുതവണ പകരക്കാരനായി ഇറങ്ങിയതൊഴിച്ചാൽ ഗാർഡിയോളയുടെ ഇലവനിൽ ഇതുവരെയും താരം സ്ഥിരസാന്നിധ്യമായിട്ടില്ല. അതിനിടെ, തോളിൽ പരിക്കേറ്റ് രണ്ടു മാസം വിശ്രമത്തിലുമായി.

ഖത്തർ ലോകകപ്പിൽ വെയിൽസ്, സെനഗാൾ ടീമുകൾക്കെതിരായ മത്സരങ്ങളിൽ പകരക്കാരനായാണ് താരം ഇറങ്ങിയിരുന്നത്. ബുധനാഴ്ച സിറ്റി ലീഡ്സിനെതിരെ കളിക്കാനിരിക്കെ 27കാരൻ ഇറങ്ങുമോയെന്ന് വ്യക്തമല്ല.

വിവിധ രാജ്യങ്ങൾക്കായി ഇത്തവണ 16 സിറ്റി താരങ്ങളാണ് ഖത്തറിലേക്ക് പറന്നിരുന്നത്. പോർച്ചുഗലിനായി ബെർണാഡോ സിൽവ, യൊആവോ കാൻസലോ, റൂബൻ ഡയസ്, അർജന്റീനയുടെ ജൂലിയൻ അൽവാരസ്, സ്​പെയിനിനെറ ഐമറിക് ലപോർടെ, റോഡ്രി, ബ്രസീൽ ഗോളി എഡേഴ്സൺ, ജർമൻ താരം ഗുണ്ടൊഗൻ, സ്വിസ് താരം മാനുവൽ അകാൻജി തുടങ്ങിയവർ ഇതിൽപെടും. 

Tags:    
News Summary - Kalvin Phillips left out of Manchester City squad because he was ‘overweight’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.