പാ​ട്ടും വാ​ദ്യ​ങ്ങ​ളു​മാ​യി ലോ​ക​ക​പ്പ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കു​ന്ന മ​ല​യാ​ളി സം​ഘം

കടമിഴിയിൽ കമലദളം... ഒരു ലോകകപ്പ് 'ഗാനമേള'

കോർണിഷിലേക്കുള്ള വഴിയിലാണ് അത്യുച്ചത്തിൽ ആ പാട്ടു കേട്ടത്. 'ഉദിച്ചുയരും ശംസ് പോലും വിറച്ചീടുന്നേ...' എന്ന പ്രശസ്തമായ മാപ്പിളപ്പാട്ടിനൊപ്പം താളത്തിലുള്ള ബാൻഡ് മേളവും. അവിടെച്ചെന്നു നോക്കിയപ്പോൾ കണക്കുകൂട്ടൽ തെറ്റിയില്ല. പാട്ടും മുട്ടുമൊക്കെ മലയാളികളുടെ വകയാണ്. എന്നാൽ, മാപ്പിളപ്പാട്ടിന് ചുവടുവെച്ച് ഡാൻസ് കളിക്കുന്നതാകട്ടെ, ബംഗ്ലാദേശികളും അഫ്ഗാനികളും പാകിസ്താനികളുമൊക്കെ. മൊറോക്കോയുടെ വിജയാഘോഷങ്ങൾക്കായി ഒത്തുകൂടിയവരും സന്ദർശകരായി എത്തിയവരുമൊക്കെയുണ്ടായിരുന്നു 'നൃത്ത സംഘ'ത്തിൽ.

അടിച്ചുപൊളി ഹിന്ദി സിനിമാപ്പാട്ടുകൾ വെക്കാൻ ചുറ്റും കൂടിയവർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാൽ, മലയാളത്തിനായിരുന്നു അവരുടെ മുൻഗണന. അവരെന്നു പറഞ്ഞാൽ, ആറു മലയാളികൾ. കണ്ണൂർ സ്വദേശികളായ ഹാരിസ്, ബൈജു, കോഴിക്കോട് സ്വദേശി ഫൈസൽ, തിരുവനന്തപുരത്തുകാരനായ സുജിത്, പാലക്കാടുനിന്നുള്ള സലാം, മലപ്പുറം സ്വദേശി സയ്യിദ് സാദിഖ് തങ്ങൾ എന്നിവർ. ലോകകപ്പിന്റെ ആഘോഷം കൊഴുപ്പിക്കാൻ വലിയ സ്പീക്കർ സെറ്റുമായാണ് അവർ ആരാധകർക്കിടയിലെത്തുന്നത്.

ചുറ്റും കൂടിയവരുടെ നിരന്തര സമ്മർദത്തിനൊടുവിൽ ഹിന്ദിപ്പാട്ട്. 'ലുങ്കി ഡാൻസ്' കേട്ടതും നൃത്തത്തിന് ജീവൻ വെച്ചു. അതോടെ ആളുകൾകൂടി. സംഗതി ജോറായി. പിന്നാലെ, സ്പീക്കറിൽനിന്നൊഴുകിയെത്തിയത് മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ഗാനം. 'കടമിഴിയിൽ കമലദളം, കവിളിണയിൽ സിന്ദൂരം..'

ഹാരിസിന്റെ ബാൻഡ്മുട്ട് പാട്ടിനും മേലെ ആവേശമുയർത്തിയതോടെ കുറച്ചപ്പുറത്തുനിന്നും കന്തൂറയിട്ട അറബി യുവാക്കളും ഓടിയെത്തി ഡാൻസ് സംഘത്തിന്റെ ഭാഗമായി. അവർക്കൊപ്പം ആഫ്രിക്കയിൽനിന്നുള്ള യുവാക്കളും. പാട്ടിനൊപ്പമുള്ള ബാൻഡ് വാദ്യത്തിന്റെ സ്പീഡാണ് ആളുകളെ ആകർഷിച്ചത്. സ്ലോ പാട്ടുകളാണെങ്കിൽ പോലും ഹാരിസ് കൊട്ടിക്കയറിയപ്പോൾ ആളുകൾക്ക് ഭാഷയൊന്നും പ്രശ്നമായില്ല.

'ഹോ ഗയി തേരേ ബല്ലേ ബല്ലേ ഹോ ജായേംഗി ബല്ലേ ബല്ലേ...' എന്ന പഞ്ചാബി പാട്ടിനു ചുവടുവെക്കാനും ആളുകൾ തള്ളിക്കയറി. സൗദി പതാകയുമായി പിന്നെയും കുറച്ച് അറബി യുവാക്കളെത്തി. അവർക്കുവേണ്ടി യൂട്യൂബിൽ തെരഞ്ഞ് ഒരു അറബിഗാനം. മുന്നൂറോളം പേർ ചേർന്ന വലിയ കൂട്ടമായി നൃത്തസംഘം മാറിയിരുന്നു. പുലർച്ചെ ഒരുമണി കഴിഞ്ഞിട്ടും ആളുകൾ ആഘോഷങ്ങളുടെ ഭാഗമായിക്കൊണ്ടിരുന്നു. പിന്നെ 'ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്ത വിധമുള്ളതായ...' എന്ന മാപ്പിളപ്പാട്ടും 'സോനാ സോനാ നീ ഒന്നാംനമ്പർ' എന്ന സിനിമാഗാനവുമൊക്കെ ആരാധകർക്ക് ആവേശം പകർന്നു.

'ലോകകപ്പ് സമയത്തെ ആഘോഷങ്ങൾക്കൊപ്പം ചേരുകയാണ് ഞങ്ങൾ. ജീവിതത്തിൽ ഇതുപോലൊരു അവസരം ഇനി ലഭിക്കില്ല. അതുകൊണ്ട് കഴിയുന്നതും എല്ലാ ദിവസവും പാട്ടുമായി ഞങ്ങൾ ഇറങ്ങും. ദേശവും വർണവും ജാതിയൊന്നുമില്ലാതെ എല്ലാ മനുഷ്യരും ഈ മലയാള പാട്ടുകൾക്കൊപ്പം ചുവടുവെക്കുമ്പോൾ വലിയ സന്തോഷമുണ്ട്. സന്തോഷങ്ങൾക്കും ആഘോഷങ്ങൾക്കും ഭാഷയും അതിരുകളുമൊന്നും ഇല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഞങ്ങൾ' -വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്ന ഹാരിസും ബൈജുവുമൊക്കെ പറയുന്നു.

Tags:    
News Summary - Kadamizhiyil Kamaldalam...A World Cup 'songfest'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.