ജ​ർ​മ​നി​ക്കെ​തി​രെ ജ​പ്പാ​ൻെ​റ ത​കു​മ അ​സാ​നോ​യുടെ മുന്നേറ്റം                                                                          -ചിത്രം: ബൈജു കൊടുവള്ളി

'ഓഡി'യെ ഓടിച്ചു വിട്ട 'ടോയോട്ടേ'

രണ്ട് പതിറ്റാണ്ടോളമായി ലോകനിലവാരത്തില്‍ നിരന്തരമായി പന്തുതട്ടി കൊണ്ടേയിരിക്കുന്ന, വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ടോപ് ഫ്ലൈറ്റ് ഫുട്ബോള്‍ രാജ്യങ്ങളിലൊന്നാവുമെന്ന് ഉറപ്പാക്കുന്ന ഫുട്ബോള്‍ സിസ്റ്റവുമുള്ള ജപ്പാനും എല്ലാക്കാലത്തും ടൂര്‍ണമെന്‍റ് ഫേവറിറ്റുകളായ ജര്‍മനിയും തമ്മിലുള്ള കളിയില്‍ ആരാധകര്‍ പ്രതീക്ഷിച്ച യഥാര്‍ത്ഥ തീപ്പൊരി ഉയർന്നത് അവസാന മുപ്പത് മിനുറ്റുകളിലായിരുന്നു. സാധ്യമായ എല്ലാ പ്രയത്നങ്ങളും കളത്തിലെടുത്ത് ഒടുക്കം 'ടൊയോട്ടക്കാര്‍' 'ഓഡി'ക്കാരെ ദോഹ ഖലീഫ സ്റ്റേഡിയത്തില്‍ ഒടിച്ചിട്ടു.

പതിവ് പോലെ പരമ്പരാഗത ജര്‍മന്‍ ശൈലിയില്‍ എതിര്‍ടീമിന്‍റെ പിഴവുകളെ കാത്തിരുന്ന് ചൂഷണം ചെയ്യാന്‍ ശ്രമിച്ച ജര്‍മനിയുടെ മധ്യനിരയില്‍ ഐകര്‍ ഗുണ്ടോഗനും യോഷ്വോ കിമ്മിഷും ഉണ്ടാക്കിയ പ്രഭാവം അക്ഷരാര്‍ത്ഥത്തില്‍ ജപ്പാനെ നിലത്ത് നിര്‍ത്തിയില്ല. ആക്രമണനിരയിലെ ജമാല്‍, മ്യൂളര്‍, ഹവേട്സ്, ഗ്നാബ്രി എന്നിവരുടെ പൊസിഷണല്‍ സ്വിചിങ്ങിലൂടെയും, തുടരെത്തുടരെ മധ്യനിരയില്‍ നിന്ന് ബോള്‍ ഫീഡിങ് നടക്കുന്നതിലൂടെയും എല്ലാ സമയത്തും ജപ്പാന്‍ പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടേയിരുന്നു.ജപ്പാന്‍റെ സ്വത്വഗുണമായ വേഗതയെ കൃത്യമായി ടൈം ചെയ്ത് അസാധുവാക്കാന്‍ കഴിഞ്ഞ യൂറോപ്യന്‍ വമ്പന്മാര്‍ ആദ്യപകുതിയില്‍ ആധികാരികമായി കളിച്ച് പെനാല്‍റ്റിയിലൂടെ ലീഡെടുത്തു.

ജപ്പാന്‍ കളിക്കാരുടെ ഏറ്റവും മികച്ച ഗുണം 90ാം മിനുറ്റ് വരെയും തളര്‍ച്ചയില്ലാതെ, താളം നഷ്ടമാവാതെ വേഗതയില്‍ തങ്ങളുടെ പ്ലാനില്‍ കളിച്ചു കൊണ്ടേയിരിക്കാനാവുന്നതാണ്. അത് കേവലമൊരു പോരാട്ടവീര്യം എന്നതിനപ്പുറത്ത് അവരുടെ ഫിസികല്‍ - മെന്‍റല്‍ ട്രെയ്നിങ് സിസ്റ്റത്തിന്‍റെ മേന്മ കൂടിയാണ്. രണ്ടാം പകുതി തുടങ്ങി കളി ചൂടു പിടിച്ച് വന്നതോടെ ജപ്പാന്‍ മധ്യനിരയില്‍ വേഗമേറിയ സ്ഥാനമാറ്റങ്ങളിലൂടെ പന്തുകള്‍ നേടിയെടുത്തു.

ഡിസ്പൊസസ് ചെയ്യപ്പെടാന്‍ സമ്മതിക്കാത്ത വിധം പന്ത് കൈമാറി അറ്റാക്കിങ് തേഡില്‍ കൂടുതല്‍ ടച്ചുകളെടുത്തു തുടങ്ങിയതോടെ കളിയൊഴുക്കിനെ പതിയെ ജപ്പാന്‍ വരുതിയിലാക്കി. തുടര്‍ച്ചയായ അപകടങ്ങള്‍ ജര്‍മന്‍ പ്രതിരോധത്തില്‍ സൃഷ്ടിക്കുകയും സമനില ഗോളിലേക്കെത്തുകയും ചെയ്തു. യൂറോപ്യന്‍ പരിചയസമ്പന്നത അത്രയധികം അവകാശപ്പെടാനില്ലാഞ്ഞിട്ടും ജര്‍മനിയെ തളര്‍ത്താനായതില്‍, കിട്ടിയ അവസരങ്ങളില്‍ ഏത് ന്യൂനകോണില്‍ നിന്ന് പോലും ഗോള്‍ കണ്ടെത്താനായ ആക്രമണനിരയുടെ മൊബിലിറ്റിക്കും ഗെയിം ഇന്‍റലിജെന്‍സിനുമുള്ള പങ്ക് നിസ്തുലമാണ്.

ഗുണ്ടോഗനെ പോലുള്ള അസാധ്യ ആക്സിലറേഷനുള്ള, ഏത് നിമിഷവും ഗോളിലേക്കെത്താനാവുന്ന താരത്തെ മാറ്റിയതിനാല്‍ സപ്ലേ കിമ്മിഷില്‍ ഒതുങ്ങിയതും വിങ്ങുകളില്‍ നിന്നുള്ള ഡെലിവറികളെ ജപ്പാന്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ നന്നായി പ്രതിരോധിച്ചതും ഒരു പക്ഷെ ചര്‍ച്ച ആയേക്കാമെങ്കിലും ഹാന്‍സി ഫ്ലിക് കൃത്യമായ ധാരണയോടെ തന്നെയാണ് ആ സബ്സ്റ്റിറ്റ്യൂഷനുകള്‍ നടത്തിയതെന്ന് കരുതുന്നു.

ജയം അനിവാര്യമായി ആക്രമിച്ച് കളിച്ച ജര്‍മനിയുടെ ഒരു ഡിഫന്‍സീവ് മിസ് ജഡ്ജ്മെന്‍റിനെ ജപ്പാന്‍ താരം അസാനോ വേഗത കൊണ്ട് മുതലെടുത്തതാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 

Tags:    
News Summary - Jappan-Germany match-qatar world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.