വീണ്ടുമൊരു 'ജാപ്പൻ' വീരഗാഥ; സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ; ഗ്രൂപ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ

ദോഹ: ജപ്പാൻ തേരോട്ടത്തിൽ തകർന്ന് സ്പാനിഷ് പട. ഖത്തർ ലോകകപ്പിൽ ഗ്രൂപ് ഇയിലെ നിർണായക മത്സരത്തിൽ സ്പെയിനെ അട്ടിമറിച്ച് ജപ്പാൻ മുന്നേറ്റം.

ഗ്രൂപ് ചാമ്പ്യന്മാരായി ജപ്പാൻ പ്രീ ക്വാർട്ടർ യോഗ്യത നേടി. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയവും ഒരു തോൽവിയുമായി ആറു പോയിന്‍റ്. തോറ്റെങ്കിലും നാലു പോയന്‍റുമായി രണ്ടാമതുള്ള സ്പെയിനും അവസാവ പതിനാറിൽ ഇടംനേടി.

മുൻ ചാമ്പ്യന്മാരായ ജർമനിക്ക് ഗ്രൂപിൽ മൂന്നാം സ്ഥാനവുമായി പ്രീ ക്വാർട്ടർ കാണാതെ കണ്ണീർമടക്കം. പകരക്കാരനായിറങ്ങിയ റിറ്റ്സു ഡൊവാൻ (48ാം മിനിറ്റ്), ആവോ ടനാക (51ാം മിനിറ്റ്) എന്നിവരാണ് ജപ്പാനുവേണ്ടി വലകുലുക്കിയത്. സ്പെയിനിനായ അൽവാരോ മൊറാട്ട (11ാം മിനിറ്റ്) ഗോൾ നേടി. ഖലീഫ സ്റ്റേഡിയത്തിൽ സ്പെയിനെ ഞെട്ടിച്ച് രണ്ടാം പകുതിയിൽ ഗംഭീര തിരിച്ചുവരവാണ് ജപ്പാൻ നടത്തിയത്.

മത്സരത്തിന്‍റെ 11ാം മിനിറ്റിൽ അൽവാരോ മൊറാട്ടയിലൂടെ സ്പെയിനാണ് ലീഡ് നേടിയത് ഹെഡറിലൂടെയായിരുന്നു താരത്തിന്‍റെ ഗോൾ. ഖത്തർ ലോകകപ്പിലെ മൊറാട്ടയുടെ മൂന്നാമത്തെ ഗോളാണിത്. സീസർ അസ്പെലിക്യുട്ടയുടെ വലതു വിങ്ങിൽനിന്നുള്ള മനോഹര ക്രോസിൽ ഹെഡറിലൂടെയാണ് മൊറാട്ട പന്ത് വലയിലെത്തിച്ചത്. ആദ്യ മിനിറ്റുകളിൽ ഗോളിനായി ആക്രമിച്ച് കളിച്ചത് ജപ്പാനായിരുന്നു.

എന്നാൽ, പന്തടക്കത്തിലും പാസ്സിങ്ങിലും സ്പെയിൻ മുന്നിട്ടുനിന്നു. 48ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ റിറ്റ്സു ഡൊവാനിലൂടെ ജപ്പാൻ തിരിച്ചടിച്ചു. സ്പെയിനിന്‍റെ പ്രതിരോധ പിഴവിൽനിന്ന് പന്ത് തട്ടിയെടുത്ത ജുന്യ ഇറ്റോ ഡൊവാന് കൈമാറി. പാസ് സ്വീകരിച്ച് ബോക്സിനു പുറത്തുനിന്നുള്ള ഡൊവാന്‍റെ ഒരു ബുള്ളറ്റ് ഷോട്ട് ഗോളി സീമോണിയെയും പരാജയപ്പെടുത്തി വലയിലേക്ക്. പന്ത് തട്ടിയകറ്റാൻ ഗോളി ശ്രമിച്ചെങ്കിലും ഷോട്ടിന്‍റെ കരുത്തിൽ വലയിലെത്തി.

ഗോളിന്‍റെ ഞെട്ടലിൽനിന്ന് മുക്തരാകുംമുമ്പേ ജപ്പാന്‍റെ അടുത്ത ഗോൾ. 51ാം മിനിറ്റിൽ ആവോ ടനാകയാണ് ജപ്പനായി വലകുലുക്കിയത്. ഡൊവാൻ നൽകിയ പാസ് കോർണർ ലൈനിൽനിന്ന് മിറ്റമോ ക്രോസിലൂടെ ടനാകക്കു മറിച്ചുനൽകി. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രമെ താരത്തിനുണ്ടായിരുന്നുള്ളു. ഗാലറി ആമോദത്തിലാണ്ടു. ജപ്പാൻ താരങ്ങൾ ആഘോഷത്തിലാറാടി. പന്ത് ലൈനിനു പുറത്തുപോയെന്ന സംശയം ഉയർന്നതോടെ എങ്ങും നിശ്ശബ്ദത. വാർ പരിശോധനക്കു പിന്നാലെ റഫറി ഗോൾ അനുവദിച്ചു. വീണ്ടും ആഘോഷം.

ഗോൾ മടക്കാനായി സ്പെയിൻ എല്ലാ നീക്കങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മത്സരത്തിൽനിന്ന് നാല് മാറ്റങ്ങളോടെയാണ് സ്പെയിൻ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്. അസെന്‍സിയോക്ക് പകരം മൊറാട്ടയും ഫെറാന്‍ ടോറസിന് പകരം നിക്കോ വില്യംസും ഡാനി കാല്‍വഹാലിന് പകരം ബാള്‍ഡെയും ലപോര്‍ട്ടിന് പകരം പൗ ടോറസും ആദ്യ ഇലവനിൽ ഇടംനേടി.

Tags:    
News Summary - Japan beat spain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.