ഖത്തർ ലോകകപ്പിൽ കിരീടമുയർത്താൻ സാധ്യത ഏറെയുള്ള ടീമുകളിലൊന്നാണ് ജർമനി. ഏത് പൊസിഷനിലും ലോകോത്തര താരങ്ങളും അവർക്കൊത്ത പകരക്കാരും ആ നിരയിലുണ്ട്. ടീമിൽ സ്ഥാനമുറപ്പായിരുന്ന താരങ്ങളിലൊരാളായിരുന്നു ബൊറൂസിയ ഡോട്മുണ്ട് ക്യാപ്റ്റൻ മാർകോ റിയൂസ്. എന്നാൽ, ഒരിക്കൽ കൂടി ആ താരത്തെ നിർഭാഗ്യം വേട്ടയാടിയിരിക്കുകയാണ്. കണങ്കാലിന് പരിക്കേറ്റ റിയൂസിന് കോച്ച് ഹാൻസി ഫ്ലിക്ക് ഇന്നലെ പ്രഖ്യാപിച്ച ജർമൻ സ്ക്വാഡിൽ ഇടമുണ്ടായിരുന്നില്ല. പരിക്ക് കാരണം വൻ ടൂർണമെന്റുകൾ നഷ്ടമായ ഇത്രയും നിർഭാഗ്യവാനായ ഒരു കളിക്കാരൻ ലോകഫുട്ബാളിലുണ്ടോയെന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.
2014ൽ ബ്രസീലിൽ അരങ്ങേറിയ ലോകകപ്പിൽ ജർമനി ലോകചാമ്പ്യന്മാരാകുന്നത് പരിക്ക് കാരണം റിയൂസിന് പുറത്തിരുന്ന് കാണാനായിരുന്നു വിധി. 2016ലെയും 2020ലെയും യൂറോ കപ്പുകളിലും ഇതേ കാരണത്താൽ താരത്തിന് കളത്തിലിറങ്ങാനായില്ല. നൂറിലധികം ക്ലബ് മത്സരങ്ങളും ഇതിനിടെ നഷ്ടമായി.
സെപ്റ്റംബർ 17ന് ഷാൽകെക്കെതിരായ മത്സരത്തിലാണ് 33കാരന്റെ ലോകകപ്പ് സ്വപ്നങ്ങൾ വീണുടഞ്ഞത്. അന്ന് പരിക്കേറ്റ് കളത്തിൽനിന്ന് തിരിച്ചുകയറിയ താരം ഒരു മാസത്തിന് ശേഷം യൂനിയൻ ബർലിനുമായുള്ള മത്സരത്തിൽ തിരിച്ചെത്തിയെങ്കിലും പരിക്ക് കൂടുതൽ വഷളാവുകയാണുണ്ടായത്.
അറ്റാക്കിങ് മിഡ്ഫീൽഡറായും ഇടക്ക് ഫോർവേഡായും ജർമൻ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു റിയൂസ്. ക്ലബ് കരിയറിൽ 150ലധികം ഗോളുകൾ നേടിയ താരം ജർമനിക്കായി 48 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ് 15 ഗോളുകൾ നേടിയിട്ടുണ്ട്. 2012ൽ ജർമനിക്കായി അരങ്ങേറിയ റിയൂസ്, ഗോളുകൾ നേടുന്നതിനേക്കാൾ സഹതാരങ്ങളെ കൊണ്ട് അടിപ്പിക്കുന്നതിൽ മിടുക്കനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.